ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും
Mail This Article
ദോഹ ∙ ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് പാറപ്പുറവന്‍ അബ്ദുസമദിന്റെ മകന്‍ ഫൈസല്‍ പി.(ഫൈസല്‍ കുപ്പായി-48) മരണമടഞ്ഞു.
Read also : റമസാൻ ചൈതന്യം നിറഞ്ഞ് രാജ്യം
ബുധനാഴ്ച രാവിലെ മന്‍സൂറയിലെ 4 നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.
തകര്‍ന്നു വീണ കെട്ടിടത്തിലെ താമസക്കാരനായിരുന്നു ഫൈസല്‍. ദോഹയിലെ സാംസ്‌കാരിക, കലാ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ഫൈസലിനെ അപകടമുണ്ടായതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ മൃതദേഹം ലഭിച്ചത്.
ഖദീജയാണ് മാതാവ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാർഥികള്‍). സഹോദരങ്ങള്‍: ഹാരിസ്, ഹസീന. ബുധനാഴ്ച രാവിലെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന 4 നില കെട്ടിടം തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ 7 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട ഒരാളുടെ മരണവും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ഫൈസലിന്റെ മരണത്തോടെ അപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 2 ആയി.
English Summary: Malayali died in building collapse in Qatar