സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം; 29 പേർക്ക് പരുക്ക്
Mail This Article
അബഹ (സൗദി) ∙ ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് തീ പിടിച്ച് 21 പേർ മരിച്ചതായി റിപ്പോര്‍ട്ട്. 29 പേർക്ക് പരുക്കേറ്റു. ഇവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളാണ് ബസിൽ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണിവർ.
ഖമീസ് മുശൈത്തിൽനിന്ന് മക്കയിലേയ്ക്ക് ഉംറ നിർവഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായിൽ ചുരത്തിൽ തിങ്കളാഴ്ച വൈകിട്ട് 5.30 നും ആറിനും ഇടയിൽ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറിഞ്ഞ ബസിന് തുടർന്ന് തീ പിടിക്കുകയായിരുന്നു. ബസിന്റെ ബ്രേക്കിന് സംഭവിച്ച അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആദ്യ സൂചന.
സിവിൽ ഡിഫൻസ് ടീമുകളും റെഡ് ക്രസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
English Summary: 20 Umrah pilgrims killed in Saudi bus crash