ADVERTISEMENT

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ ജിപിഎസ് ഡ്രോയിങ്ങിനായി വീൽചെയറിൽ ബുർജ് ഖലീഫയ്ക്ക് ചുറ്റും റൂട്ട് കണ്ടെത്തി ഗിന്നസ് ബുക് ഒാഫ് ലോക റെക്കോര്‍ഡ്സിൽ ഇടം പിടിച്ച മലയാളി യുവാവിന്റേത് വിധിയോട് ഏറ്റുമുട്ടി നേടിയ വിജയം. യുഎഇയില്‍ ജനിച്ചു വളർന്ന മാവേലിക്കര സ്വദേശി സുജിത് വർഗീസാണ് ദുബായ് പൊലീസിന്റെ പൂർണ പിന്തുണയോടെ കഴിഞ്ഞ ദിവസം നേട്ടം കൈവരിച്ചത്. ലോകത്ത് ഇൗ വിഭാഗത്തിൽ വ്യക്തിഗത നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഇൗ മുപ്പതുകാരൻ. 

Also Read: സൗദി ബസ് അപകടം; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോറൻസിക് പരിശോധന നടത്തും

ലോകത്തെ ഏറ്റവും വലിയ ജിപിഎസ് ലോഗോ

8.71 കിലോ മീറ്റർ വീൽചെയറിൽ സഞ്ചരിച്ച് സുജിത് യാഥാർഥ്യമാക്കിയത് ലോകത്തെ ഏറ്റവും വലിയ ജിപിഎസ് ലോഗോ. പ്രത്യേകമായി ഡിസൈൻ ചെയ്ത പാതയിലൂടെയായിരുന്നു സഞ്ചാരം. ദുബായ് ഫിനാൻഷ്യൽ സെന്റർ, സാബീൽ കൊട്ടാരം, ബുർജ് ഖലീഫ എന്നിവിടങ്ങളിലൂടെ പൊലീസിന്റെ അകമ്പടിയോടെ സഞ്ചരിച്ചു. ഒടുവിൽ സമാപന സ്ഥലത്ത് ഫയൽ ഡൗൺലോഡ് ചെയ്യുകയായിരുന്നു. സ്വയം പ്രയത്നം കൊണ്ടാണ് സുജിത് ഇത്തരമൊരു റൂട്ട് ഉണ്ടാക്കിയതും അതിലൂടെ സഞ്ചരിച്ച് ചരിത്രനേട്ടം കൈവരിച്ചതും. വീൽചെയർ ഓരോ തവണ തള്ളുമ്പോഴും തന്റെ ശരീരം ആയാസപ്പെട്ടതായി സുജിത് പറയുന്നു. എങ്കിലും,  മുന്നോട്ട് നയിച്ചത് ‘ദൗത്യ’ത്തെക്കുറിച്ച് മാത്രമുള്ള ചിന്തകൾ തന്നെ. ഇത് അവസാനമല്ല, ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണെന്ന് വൈകല്യമുള്ള ആളുകളെ അറിയിക്കുക എന്ന ദൗത്യമാണ് തന്റേതെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു.

sujith-varghese-dubai3

ബൈക്ക് അപകടം ശരീരത്തെ തളർത്തി; പക്ഷേ, മനസ് ദൃഢം

ദുബായ് ഇന്ത്യൻ ഹൈസ്കൂളിലായിരുന്നു ഒൻപതാം ക്ലാസ് വരെ സുജിത് പഠിച്ചത്. 10 മുതൽ 12 വരെ നാട്ടിലും. സ്കൂൾ കാലത്ത് മികച്ച അത്‍ലറ്റായിരുന്ന ഇദ്ദേഹം ബാസ്കറ്റ് ബോള്‍ കളിക്കാരനായും തിളങ്ങി. സ്കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ബെംഗളൂരുവിലായിരുന്നു കോളജ് വിദ്യാഭ്യാസം. അവിടെ ബോക്സിങ്ങിലും തിളങ്ങി. 2003ൽ തന്റെ 20–ാം വയസിലുണ്ടായ ബൈക്ക് അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റു അരയ്ക്ക് താഴെ തളർന്നു. തുടർന്ന് വീൽചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന ഇൗ യുവാവ് തന്റെ ആത്മവിശ്വാസം കൊണ്ട് എല്ലാ പരിമിതികളെയും കവച്ചുവയ്ക്കുകയായിരുന്നു. 

sujith-varghese-dubai

2015ലായിരുന്നു യുഎഇയിൽ വീണ്ടുമെത്തിയത് വീൽചെയറിൽ. 2016ൽ ജിമ്മിൽ പരിശീലനം തുടങ്ങുന്നതോടെ പ്രചോദനാത്മകമായ ജീവിതത്തിന്റെ രണ്ടാം അധ്യായം തുടങ്ങി. ജിം ഇൻസ്ട്രക്‌റ്റിങ്ങിലും വ്യക്തിഗത പരിശീലനത്തിലും ഐക്യു ലെവൽ 3 ഡിപ്ലോമ നേടി. നല്ലൊരു മോട്ടിവേഷണൽ സ്പീക്കറും പേഴ്സനൽ ട്രെയിനറുമാണിന്ന്. നിശ്ചയദാർഢ്യക്കാരായ കായികതാരങ്ങൾക്ക് അദ്ദേഹം  ടെഡ് പ്രഭാഷണങ്ങൾ നടത്തുന്നു. വീൽചെയറിലിരിക്കുന്ന മറ്റു അത്‌ലറ്റുകൾക്ക് ഒരു സന്ദേശം നൽകാനുള്ള തന്റെ ആത്മവിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് അദ്ദേഹം പറയുന്നു; നിങ്ങൾ ശക്തരാണ്, നിങ്ങളുടെ വൈകല്യങ്ങൾ ലക്ഷ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല.

sujith-varghese-dubai2

നേരത്തെ ഹെൽത്ത് ആൻഡ് സേഫ്റ്റി അഡ്വൈസറായി ദുബായിൽ ജോലി ചെയ്തിരുന്ന പിതാവ് വർഗീസ് കോശിയുടെയും ഇഎൻബി‍ഡി ബാങ്കിൽ ഉദ്യോഗസ്ഥയായ സാറാമ്മ വർഗീസിന്റെയും സഹോദരങ്ങളായ സോണിയ, സോഫിയ എന്നിവരുടെയും പൂർണ പിന്തുണ എല്ലാ കാര്യത്തിലും സുജിത്തിനുണ്ട്. അദ്ദേഹത്തെ തേടി ഒട്ടേറെ അംഗീകാരങ്ങളും പിന്നാലെയെത്തി.  2017ൽ മസാല അവാർഡിൽ മികച്ച ഇൻസ്പിരേറ്റീവ് പേഴ്സനാലിറ്റി അവാർഡ് നേടിയിട്ടുണ്ട്. 

sujith-varghese-dubai1

സഹതാപം വേണ്ട; ഞാനെന്നെ തിരിച്ചറിയുന്നു

മറ്റുള്ളവരുടെ സഹതാപമാണ് താനേറെ വെറുക്കുന്നതെന്ന് സുജിത് പറയുന്നു: ജീവിതത്തിലെ വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ അവസരമുള്ള ഒരു വ്യക്തി മാത്രമേ മഹത്വത്തിന് യോഗ്യനാകൂ. അതിനാൽ ഏറ്റവും മികച്ചവരാകാൻ ശ്രമിക്കുക. നിങ്ങൾ അങ്ങനെയല്ലെങ്കിലും അതിൽ വിശ്വസിക്കുകയും നിങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുക. അത് മാത്രമാണ് പ്രധാനം എന്ന മട്ടിൽ മുന്നോട്ടുപോവുക. സ്വയം ഒരിക്കലും സംശയിക്കരുതെന്ന് ഓർക്കുക. നിങ്ങളുടെ ജീവിതം നിങ്ങളുടെ ചിന്തയ്ക്കനുസരിച്ച് മാത്രമാകണം–സുജിത് പറയുന്നു. അടുത്ത നേട്ടത്തിലേയ്ക്കാണ് ഇൗ യുവാവിന്റെ ഇപ്പോഴത്തെ നോട്ടം. അത് സാധ്യമാകും വരെ തനിക്ക് വിശ്രമമില്ലെന്ന് ഇഎൻബിഡി തൻഫീത് വിഭാഗം ബായ്ക്ക് ഒാഫീസിൽ ജോലി ചെയ്യുന്ന സുജിത് ഉറപ്പിക്കുന്നു.

English Summary: Wheelchair-Bound Man Sets Guinness World Record For Largest GPS Drawing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com