ഭക്ഷണക്രമത്തിൽ ശ്രദ്ധയൂന്നി ആരോഗ്യ പ്രശ്നങ്ങൾ അകറ്റാം
Mail This Article
ദോഹ∙ ഭക്ഷണക്രമത്തിൽ ശ്രദ്ധയുണ്ടെങ്കിൽ നോമ്പുകാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കി ശരീരം ആരോഗ്യകരമായി തന്നെ നിലനിർത്താം. നോമ്പെടുക്കുന്നവർ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്.
ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തണം. ഇഫ്താറിനും സുഹൂറിനും ഇടയിൽ 8 മുതൽ 12 കപ്പ് വരെ വെള്ളം കുടിക്കാനും മറക്കരുത്. വിശന്നിരിക്കുന്നതിനാൽ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാനുള്ള പ്രവണതയുണ്ടാകുമെന്നതിനാൽ നോമ്പ് സമയങ്ങളിൽ ഷോപ്പിങ് ഒഴിവാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റമസാൻ ടിപ്‌സിൽ ഓർമപ്പെടുത്തുന്നു.
നോമ്പെടുക്കുന്ന പ്രമേഹ രോഗികളും ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം. ഏതു തരം ഭക്ഷണമാണെങ്കിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ശ്രദ്ധ വേണം. എല്ലാം കഴിക്കാം. പക്ഷേ മിതമായി വേണമെന്നാണ് ആരോഗ്യവിദഗ്ധർ ഓർമപ്പെടുത്തുന്നത്. നോമ്പു തുറക്കുമ്പോൾ തന്നെ വെള്ളം, ഈന്തപ്പഴം എന്നിവയാണ് കഴിക്കേണ്ടത്.
മണിക്കൂറുകൾ നീണ്ട നോമ്പിന് ശേഷം ഇഫ്താറിൽ തിടുക്കപ്പെട്ട് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, ശരീര ഭാരം കൂട്ടൽ, ശ്വാസം മുട്ടൽ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. സുഹൂർ ഭക്ഷണം പരമാവധി വൈകി കഴിച്ചാൽ നോമ്പു സമയങ്ങളിൽ ശരീരത്തിന്റെ ഊർജസ്വലത കൂട്ടാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രഭാത ഭക്ഷണത്തിനിടെ അമിതമായ വെള്ളമോ പഴച്ചാറോ കഴിക്കരുത്.
എന്നാൽ ഇഫ്താറിനും സുഹൂറിനും ഇടയിൽ പരമാവധി 8 മുതൽ 12 കപ്പ് വരെ വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായകമാകും. വറുത്ത ഉപ്പേരികൾ, അച്ചാറുകൾ, ഉയർന്ന സോഡിയമുളള ഉപ്പ് കലർന്ന ഭക്ഷണസാധനങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പും കലോറികളും കൂടിയവ, ചായ, കാപ്പി, ശീതള പാനീയങ്ങൾ, മധുരമേറിയ പഴച്ചാറുകൾ എന്നിവയും ഒഴിവാക്കാം. ഉപ്പ് കൂടിയ ഭക്ഷണം കഴിച്ചാൽ അമിതമായി ദാഹം തോന്നും.
ഇഫ്താർ മുതൽ സുഹൂർ വരെയുള്ള ഭക്ഷണങ്ങളിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തി ആരോഗ്യകരമാക്കണം. ഭക്ഷണത്തിൽ മാത്രമല്ല മതിയായ ഉറക്കവും ഉറപ്പാക്കണം. റമസാനിൽ പതിവായുള്ള ശാരീരിക വ്യായാമവും നല്ലതാണ്. ആദ്യ ദിവസങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ നടക്കാം. മുന്നോട്ടുള്ള ദിവസങ്ങളിൽ സമയം കൂട്ടി സാവധാനം 60 മിനിറ്റു വരെയാക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.