ADVERTISEMENT

അബുദാബി∙ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് വിരാമം. സ്കൂൾ ജീവിതത്തിന് വിടപറഞ്ഞ് ഗൾഫിലെ വിദ്യാർഥികൾ ഉന്നത പഠനത്തിന് ഇന്ത്യയിലെത്തും. മെഡിക്കൽ, എൻജിനീയറിങ്, ഐടി, അക്കൗണ്ടിങ്, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളാണ് ഭൂരിഭാഗം പേരുടെയും ലക്ഷ്യം. ഐടിയിൽ എഐ, സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ കോഴ്സുകളും.

Also read: കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസ്

തുടർ പഠനത്തിന് വിദേശത്തു പോകുന്നവരും യുഎഇയിൽ തുടരുന്നവരുമുണ്ട്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരിൽ ചിലർക്ക് വലിയൊരു ചുമടിറക്കിയ പ്രതീതിയായിരുന്നു. ചോദ്യപേപ്പറും ഹാൾടിക്കറ്റും ആകാശത്തേക്കെറിഞ്ഞ് കലാശക്കൊട്ട് ആഘോഷമാക്കി. ചിലർ വെള്ളവും ഫോം സ്പ്രേയും മഷിയും യൂണിഫോമിലേക്കു എറിഞ്ഞും  ഓട്ടോഗ്രാഫ് എഴുതിയും സന്തോഷം പ്രകടിപ്പിച്ചു.

 

കൂട്ടുകാരെ വേർപിരിയുന്നതിന്റെ വേദന ആയിരുന്നു മറ്റുചിലർക്ക്. എന്നാൽ സ്മാർട് ഫോൺ യുഗത്തിൽ ഒരു ടച്ചിൽ എല്ലാവർക്കും ഒത്തുകൂടാമെന്നിരിക്കെ നോ ടെൻഷൻ എന്നു പറഞ്ഞവരുമുണ്ട്.

കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കു മാത്രമാണ് ഇന്നലെ പരീക്ഷ ഉണ്ടായിരുന്നത്.

 

കോമേഴ്സുകാർക്ക് ചൊവ്വാഴ്ചയും എസ്എസ്എൽസി പരീക്ഷ ബുധനാഴ്ചയും സിബിഎസ്ഇ പത്താം ക്ലാസിന് 25നും തീർന്നിരുന്നു.  ഇനി ഏപ്രിൽ അഞ്ചിന് സിബിഎസ്ഇ പ്ലസ് ടു സൈക്കോളജി പരീക്ഷയോടെ ഗൾഫിലെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിന്റെ തിരക്കിലേക്ക് മാറും.

 

പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ

 

യുഎഇയിൽ പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ ഏപ്രിൽ മൂന്നിന് തുടങ്ങും. മേൽനോട്ടത്തിനായി നാട്ടിൽനിന്ന് 3 ഡപ്യൂട്ടി സുപ്രണ്ടുമാർ ഇന്ന് എത്തും. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിലാണ് ആദ്യ പ്രാക്ടിക്കൽ. പിന്നീട് വിവിധ എമിറേറ്റുകളിലെ സ്കൂളുകളിൽ 13 വരെ തുടരും. യുഎഇയിലെ 8 കേന്ദ്രങ്ങളിൽനിന്നായി 524 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

 

 

പുതിയ അധ്യയനം ഉടൻ 

 

ദുബായിൽ 3നും  മറ്റു എമിറേറ്റുകളിൽ ഏപ്രിൽ 10നും പുതിയ അധ്യയനം ആരംഭിക്കും. എസ്എസ്എൽസി, പ്ലസ് വൺ ഫലപ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ മോഡൽ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ 11, 12 ക്ലാസുകളും ഇതോടൊപ്പം ആരംഭിക്കും.

 

 

വേർപാടിന്റെ വേദനയിൽ

 

കെ.ജി മുതൽ 12ാം ക്ലാസ് വരെ 14 വർഷം ഒന്നിച്ചുപഠിച്ച സുഹൃത്തുക്കളെ പിരിയുന്നതിൽ വിഷമമുണ്ട്. സ്കൂളും പരിസരവും സുഹൃത്തുക്കളും അന്യമാകുന്നതിലെ ശൂന്യത. ജീവിതത്തിന്റെ ഭാഗമാണ് ഈ വേർപിരിയലെന്ന് മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ യുഎഇയിൽ പഠനം തുടരും-ഷഹബാസ് നൗഷാദ് വാടാനപ്പള്ളി 

 

ഇനി നാട്ടിലേക്ക്

 

ഹയർസെക്കൻഡറി പരീക്ഷകളെല്ലാം പൊതുവേ എളുപ്പമായിരുന്നു. ഇനി നാട്ടിൽ പോയി ബി.എസ്.സി കംപ്യൂട്ടർ സയൻസോ ബിസിഎയോ എടുത്ത് ഐടി മേഖലയിൽ ശ്രദ്ധിക്കാനാണ് തീരുമാനം-മുഹമ്മദ് അഫീസ് കണ്ണൂർ  അബുദാബി മോഡൽ സ്കൂൾ

 

താൽപര്യം ഐടി

 

എൻട്രൻസ് ടെസ്റ്റിനുള്ള പരിശീലനത്തിൽ മുഴുകി മികച്ച കോളജിൽ അഡ്മിഷൻ നേടാനുള്ള ശ്രമമാണ് അടുത്തത്. ഐടിയോടാണ് താൽപര്യം. ഇന്ത്യയിലോ യുഎഇയിലോ മികച്ച കോഴ്സും കോളജും നോക്കി ചേരും-ഫാദിൽ മണ്ണാർക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com