യുഎഇയ്ക്ക് ഇഷ്ടമാണ് ഇന്ത്യൻ ബീഫ്; വിൽപനയിൽ ആറര ശതമാനം വളർച്ച

beef
SHARE

ദുബായ്∙ ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്. വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 15 രാജ്യങ്ങളിൽ നിന്നാണ് യുഎഇ ബീഫ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രിയം എല്ലില്ലാത്ത ഇന്ത്യൻ ബീഫിനു തന്നെ. 60 ബ്രാൻഡുകളാണ് യുഎഇ വിപണിയിൽ മത്സരിക്കുന്നത്. യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പിന്നിലായുള്ളത്. ബീഫിൽ മാത്രമല്ല, മട്ടനിലും ഇന്ത്യൻ മേധാവിത്തമുണ്ട്. 

Read also : 5 ദിവസം; ദുബായിൽ പിടിയിലായത് അഞ്ചിരട്ടി യാചകർ, റമസാനിൽ ശ്രദ്ധവേണം

ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, സ്പെയിൻ, ഒമാൻ, സൊമാലിയ എന്നിവയാണ് ആട്ടിറച്ചി വിപണിയിലെ പ്രധാന മത്സരക്കാർ. ഓരോ രാജ്യത്തെ ബീഫിനും വില വ്യത്യാസമുണ്ട്. ഒരു കിലോ ഇറച്ചിക്ക് 15 ദിർഹം മുതൽ 40 ദിർഹം വരെ വിലയുണ്ട്. ജാപ്പനീസ് വാഗ്യു, ഓസ്ട്രേലിയൻ ബീഫ് തുടങ്ങിയ പ്രീമിയം ബ്രാൻഡ് ബീഫിന് 100 ദിർഹം മുതൽ 2000 ദിർഹം വരെ വിലയുണ്ട്. എന്നാൽ, ഇതു പ്രീമിയം വിഭാഗമായതു കൊണ്ടു ജനകീയ ബ്രാൻഡുകളുമായി മത്സരമില്ല. കോവിഡിനു ശേഷം വിപണി ഇത്രയും സജീവമാകുന്നത് ആദ്യമാണെന്നു വ്യാപാരികൾ പറഞ്ഞു. 

താമസക്കാരുടെ വർധന, ഹോട്ടലുകൾ, റസ്റ്ററന്റ് ശൃംഖലകൾ എന്നിവയിലുണ്ടായ വർധന എന്നിവ ഇറച്ചി വിപണിയെ സ്വാധീനിക്കുന്നു. ഇറച്ചി വാങ്ങുന്നവരിൽ നല്ലൊരു പങ്കും മലയാളികളായതിനാൽ ഇന്ത്യൻ ബീഫിനു ലോക്കൽ വിപണിയിൽ ഡിമാൻഡ് കൂടും. എല്ലു കൂടി വേണമെന്നുള്ളവർ പാക്കിസ്ഥാനി ബീഫാണ് തിരഞ്ഞെടുക്കുക. ഇളം പോത്തിന്റെ ഇറച്ചി, മാട്ടിറച്ചി എന്നിങ്ങനെ എല്ലില്ലാത്ത ഇറച്ചിയാണ് ഇന്ത്യയിൽ നിന്നു വരുന്നത്. 

മത്സ്യ ബന്ധനം കുറഞ്ഞതും ഇറച്ചി വിപണിയെ സജീവമാക്കി. നോമ്പു തുടങ്ങിയതോടെ പ്രാദേശിക മത്സ്യ ബന്ധനത്തിൽ ഗണ്യമായ കുറവുണ്ടായി. പ്രാദേശിക മത്സ്യ ബന്ധന ബോട്ടിൽ ഒരു സ്വദേശിയെങ്കിലും ഉണ്ടാകണമെന്നാണ് നിയമം. നോമ്പുകാലത്തു സ്വദേശികൾ മത്സ്യ ബന്ധനത്തിനു പോകാതായതോടെ മീൻപിടിത്തം ഏതാണ്ട് നിലച്ച മട്ടാണ്. കയറ്റുമതി ചെയ്യുന്ന മീൻ മാത്രമേ ഇപ്പോൾ വിപണിയിലുള്ളു.

English Summary : Indian beef surges in UAE market as iftar feasts kick off

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS