ADVERTISEMENT

ദുബായ് ∙ എമിറേറ്റിൽ വിവിധ സ്ഥലങ്ങളിലെ വില്ലകളിൽ മോഷണം നടത്തുകയും ബാങ്ക് ഉപയോക്താവിനെ ലക്ഷ്യമിട്ട് കവർച്ച നടത്തുകയും ചെയ്ത നാലംഗ ലാറ്റിനോ സംഘത്തെ 'മൈക്രോസ്‌കോപ് ഓപറേഷനി'ലൂടെ ദുബായ് പൊലീസ് പിടികൂടി. 20 ലക്ഷം ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും വാച്ചുകളും ഇവർ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

Also read: വിഷുസദ്യ വീട്ടുപടിക്കൽ; വിഭവങ്ങൾ പാഴ്സലായി എത്തിക്കാൻ യുഎഇയിലെ റസ്റ്ററന്റുകൾ

ഉടമകൾ അവധിക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് സംഘം വില്ലകൾ കവർന്നത്. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ബാങ്ക് ഇടപാടുകാരനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഉടമകൾ സ്ഥലത്തില്ലാത്തത് ഉറപ്പാക്കി കവർച്ച;  'മൈക്രോസ്‌കോപ് ഓപറേഷൻ' കുടുക്കി

രാജ്യാന്തര ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു ഈ നാലംഗസംഘം. പൊലീസ് 'മൈക്രോസ്‌കോപ് ഓപറേഷൻ' ആരംഭിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ‌‌. സംഘാംഗങ്ങളെ പിന്തുടർന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. വില്ലകളിൽ മോഷണം നടക്കുന്നതായി ഏഴ് റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫ് പറഞ്ഞു. 

താമസക്കാർ ഇല്ലാത്ത സമയത്താണ് മോഷ്ടാക്കൾ വാതിലുകൾ തകർത്ത് വില്ലകളിൽ കയറുന്നത്.  റിപ്പോർട്ടുകൾ പിന്തുടരുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ നിന്ന് ഒരു വർക്കിങ് ടീമിന് രൂപം നൽകിയതായും തുടർന്ന് ‌‌ ‌നാല് ലാറ്റിനോകളെ തിരിച്ചറിയാൻ കഴിഞ്ഞതായും അൽ ജല്ലാഫ് വ്യക്തമാക്കി. ‌‌ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ ലാറ്റിനോ സംഘത്തിന് രാജ്യം വിടാൻ കഴിഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി. ഇവർ കര അതിർത്തിയിലൂടെ അയൽരാജ്യത്തേക്ക് കടക്കുകയായിരുന്നു. 

ഇവർ മധ്യപൂർവദേശത്തെ രാജ്യത്തേക്കാണ് പോയതെന്നും സ്വന്തം രാജ്യത്തേക്ക് പോയിട്ടില്ലെന്നും അന്വേഷണ സംഘത്തിന് ഉറപ്പുണ്ടായിരുന്നു. അവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഏകദേശം ഒരു മാസത്തിന് ശേഷം ലാറ്റിനോകൾ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കാൻ  അന്വേഷണ സംഘത്തിന് കഴിഞ്ഞു. രാജ്യത്തിനകത്ത് നിന്ന് ആരെങ്കിലും സംഘത്തിന് പിന്തുണ നൽകുന്നുണ്ടോ അല്ലെങ്കിൽ മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിക്കാൻ സഹായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.  24 മണിക്കൂറും അന്വേഷണ സംഘം ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൊലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ അതൊഴിവാക്കാൻ വേണ്ടി സംഘം തങ്ങളുടെ കാർ മാറ്റി മറ്റൊന്ന് സ്വന്തമാക്കിയിരുന്നു. ഈ നീക്കങ്ങളെല്ലാം ഉദ്യോഗസ്ഥർ മനസിലാക്കി. 

വില്ലകളിൽ മോഷണം നടത്തുന്നതിൽ പരാജയപ്പെടുന്നു 

കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് ദുബായ് പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് സംഘാംഗങ്ങൾക്ക് കവർച്ച നടത്താൻ കഴിഞ്ഞില്ലെന്ന് അൽ ജല്ലാഫ് വിശദീകരിച്ചു. പാർപ്പിട സമുച്ചയങ്ങളിൽ കാവൽക്കാരെ നിയമിച്ചും ക്യാമറകൾ സ്ഥാപിച്ചും ഇരുട്ടുള്ള സ്ഥലങ്ങളിൽ വെളിച്ചം ഉറപ്പാക്കിയുമാണ്  ദുബായ് പൊലീസിന്റെ മേൽനോട്ടത്തിലുള്ള ഹോം സെക്യൂരിറ്റി പ്രോഗ്രാമിൽ പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി സുരക്ഷ വർധിപ്പിച്ചത്.

ബാങ്ക് ഇടപാടുകാരും ലക്ഷ്യം

സംഘം ഒരു ബാങ്ക് ഉപയോക്താവിൽ നിന്ന് 60,000 ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബാങ്കിൽ നിന്ന് പണവുമായി വരുന്നയാളെ പിന്തുടർന്ന് അയാളുടെ വാഹനത്തിന്റെ ടയർ പഞ്ചറാക്കുകയും പണം മോഷ്ടിക്കുകയുമാണ് ചെയ്തത്. എന്നാൽ ഈ കുറ്റകൃത്യം പൊലീസ് നിരീക്ഷിച്ചതിനാൽ കവർച്ച സംഘത്തെ കൈയോടെ പിടികൂടി. 

കുറ്റങ്ങൾ സമ്മതിച്ചു 

എടിഎം മെഷീനിൽ നിന്ന് പണം പിൻവലിച്ചതിന് ശേഷം ഏഷ്യക്കാരന്റെ പണം കവർന്നതിന് പുറമെ ഏഴ് വില്ലകളിൽ കവർച്ച നടത്തിയതായി സംഘാംഗങ്ങൾ സമ്മതിച്ചു. മറ്റ് രാജ്യങ്ങളിലും സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്നും ഇവർ സമ്മതിച്ചു. ഈ രാജ്യങ്ങള്‍ക്ക് വിവരം കൈമാറാൻ ഇന്റർപോളുമായി ദുബായ് പൊലീസ് ബന്ധപ്പെടുന്നുണ്ട്. 

സ്മാർട് ഹോം സെക്യൂരിറ്റി പ്രോഗ്രാം

സ്മാർട് ഹോം സെക്യൂരിറ്റി പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാൻ സമൂഹത്തോട് പൊലീസ് നിർദേശിച്ചു. സുരക്ഷ വർധിപ്പിക്കുന്നതിനായി ദുബായ് പൊലീസ് സ്‌മാർട്ട്‌ഫോണുകളിലെ ആപ്ലിക്കേഷൻ വഴിയും ദുബായ് പൊലീസ് വെബ്‌സൈറ്റ് വഴിയും "സ്മാർട്ട് ഹോം സെക്യൂരിറ്റി" പ്രോഗ്രാം സേവനം സബ്ക്രൈബ് ചെയ്യാൻ പൊലീസ് പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.  

രാജ്യത്തിനകത്തും പുറത്തും അവധിക്കാലം ചെലവഴിക്കുമ്പോഴോ മറ്റേതെങ്കിലും കാരണത്താൽ യാത്രയ്ക്കിടയിലോ വീടുകൾ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ സുരക്ഷാ സേവനമാണ് ഹൗസിങ് സെക്യൂരിറ്റി സർവീസെന്ന് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. മുഹമ്മദ് അഖിൽ അഹ്‌ലി വിശദീകരിച്ചു. സുരക്ഷ വർധിപ്പിക്കുന്നതിനായി നിരീക്ഷണ ക്യാമറകളിലൂടെയും സെൻസറുകളിലൂടെയും വീടുകൾ നിരീക്ഷിക്കുന്നു.  വില്ലകളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിന് ബാഹ്യ ഹോം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് മുഹമ്മദ് അഖിൽ അഹ്‌ലി വില്ലകളുടെ ഉടമകളോട് ആവശ്യപ്പെട്ടു. 

അനധികൃത തൊഴിലാളികൾ 

വീടുകളിൽ അറ്റകുറ്റപ്പണി നടത്താൻ അനധികൃത   തൊഴിലാളികളെയോ ലൈസൻസില്ലാത്ത കമ്പനികളെയോ കൊണ്ടുവന്ന് തൊഴിൽ നിയമങ്ങൾ ലംഘിക്കരുതെന്നും അഭ്യർഥിച്ചു. തങ്ങളുടെ പക്കൽ റജിസ്റ്റർ ചെയ്തിട്ടുള്ള വീടുകളിലെ കവർച്ചാ കേസുകളിൽ മിക്കതും ഈ ലംഘനങ്ങൾ കാരണമാണ് ഉണ്ടായതെന്ന് വിശദീകരിച്ചു.  

ബാങ്ക് ഇടപാടുകാർക്ക് ജാഗ്രതാ നിർദേശം 

ബാങ്കുകളിൽ നിന്ന് വലിയ തുക പിൻവലിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം അൽ ജല്ലാഫ് ഊന്നിപ്പറഞ്ഞു. കൂടാതെ, വലിയ തുകകൾ കൈയ്യിൽ കരുതുമ്പോഴും തെരുവിലൂടെ നടക്കുമ്പോഴും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.  പണം തട്ടിയെടുക്കാൻ സംഘാംഗങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ ടയർ പഞ്ചറാക്കുന്ന തരത്തിലുള്ള കുതന്ത്രങ്ങളിൽപ്പെടാതെ സൂക്ഷിക്കണം. 

ഡിപ്പാർട്ട്‌മെന്റ് അതിന്റെ സ്മാർട് ആപ്ലിക്കേഷനിൽ നൽകുന്ന "പൊലീസ് ഐ" സേവനത്തിലൂടെയോ അല്ലെങ്കിൽ കോൾ സെന്റർ 901-ലോ എമർജൻസി നമ്പറിലോ – 999 ‌വിളിച്ച് നിയമവിരുദ്ധമായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷ വർധിപ്പിക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും അദ്ദേഹം സമൂഹത്തോട് ആഹ്വാനം ചെയ്തു.

English Summary : Dubai Police bust gang behind villa robberies, theft of cash, goods worth Dh2 million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com