ADVERTISEMENT

അബുദാബി∙ വിഷു സദ്യ രുചിസമൃദ്ധമാക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളി റസ്റ്ററന്റുകൾ. കുറഞ്ഞ വിലയ്ക്ക് കൂടുതൽ വിഭവങ്ങൾ തയാറാക്കി നൽകിയാണ് മലയാളികളുടെ സദ്യപ്രേമത്തെ ഇവർ പ്രോത്സാഹിപ്പിക്കുന്നത്.

Also read: വിവിധ സ്ഥലങ്ങളിലെ വില്ലകളിൽ മോഷണം നടത്തിയ ലാറ്റിനോ സംഘത്തെ ദുബായ് പൊലീസ് പിടികൂടി

റമസാനായതിനാൽ നേരത്തെ ഓർഡർ സ്വീകരിച്ച് പാഴ്സൽ സദ്യ വീട്ടിൽ എത്തിക്കുകയാണ് ഭൂരിഭാഗം ഹോട്ടലുകളും. നിയന്ത്രിത തോതിൽ റസ്റ്ററന്റിനകത്ത് ഭക്ഷണം വിളമ്പുന്നവരുമുണ്ട്. പക്ഷേ തുറസ്സായ സ്ഥലത്തിരുന്ന് കഴിക്കാൻ പാടില്ല. 15നാണ് ഭൂരിഭാഗം റസ്റ്ററന്റുകളും സദ്യ ഒരുക്കുന്നത്. അപൂർവം ചില റസ്റ്ററന്റുകളിൽ 16ന് കൂടി സദ്യ ഉണ്ടാകും.

 

ഉപ്പേരി, കൊണ്ടാട്ടം, ശർക്കര വരട്ടി, നാരങ്ങ/മാങ്ങ അച്ചാർ, ഇഞ്ചി പുളി, പച്ചടി, കിച്ചടി, തോരൻ, അവിയൽ, തോരൻ, കൂട്ടുകറി, പരിപ്പ്, പുളിശ്ശേരി, എരിശ്ശേരി, കാളൻ, ഓലൻ, സാമ്പാർ, തീയൽ, മോര്, രസം, മെഴുക്കുപുരട്ടി, കുത്തരിച്ചോറ്, വ്യത്യസ്ത തരം പായസം, ഉപ്പ് വരെ ഉൾപ്പെടുത്തിയാണ് വിഭവങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. തൂശനില അടക്കം സദ്യ വീട്ടിലെത്തും.വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 25 മുതൽ 45 ദിർഹം വരെയാണ് വില.

 

നേരത്തെ ബുക്ക് ചെയ്താൽ ലുലു ഹൈപ്പർമാർക്കറ്റിൽ 28.90 ദിർഹത്തിന് സദ്യ ലഭിക്കും. ദുബായിലെ കാലിക്കറ്റ് പാരഗൺ റസ്റ്ററന്റിൽ 26 വിഭവമടങ്ങിയ സദ്യ ഇരുന്നു കഴിക്കാൻ 42 ദിർഹം. പാഴ്സൽ 45. അബുദാബി മുസഫ ഷാബിയയിലെ ആച്ചീസ് റസ്റ്ററന്റിൽ 30  കോക്കനട്ട് ലഗൂണിൽ 30, അബുദാബി രുചി റസ്റ്ററന്റ് 38, കാലിക്കറ്റ് നോട്ട്ബുക്ക് 42, ഇവിടത്തെ ഇഫ്താർ–വിഷു സദ്യയ്ക്ക് 55 ദിർഹം എന്നിങ്ങനെയാണ് വിവിധ ഹോട്ടലുകാരുടെ നിരക്ക്.

 

ചിലത് വാറ്റ് ഉൾപ്പെടെയുള്ള നിരക്കാണ്. മറ്റു ചിലർ വാറ്റും പാർസൽ വീട്ടിൽ എത്തിക്കുന്നതിനും അധിക തുക ഈടാക്കുന്നുണ്ട്. റമസാനായതിനാൽ വിഷു സദ്യ നോമ്പുതുറയോടൊപ്പം ആക്കുന്നവരും ഏറെ. നോമ്പുതുറയ്ക്കുള്ള പ്രത്യേക വിഭവത്തോടൊപ്പം വിഷു സദ്യയും ചേർത്ത് 55 ദിർഹത്തിന് സദ്യ വീട്ടിലെത്തും. ലുലു ഹൈപ്പർമാർക്കറ്റിൽ സദ്യ ഒന്നിച്ചും വിഭവങ്ങൾ വ്യത്യസ്തമായി ആവശ്യാനുസരണം തൂക്കി വാങ്ങാനും സാധിക്കും.

 

സദ്യ രുചിക്കാൻ വിദേശികളും

 

കേരളത്തിന്റെ തനത് സദ്യ കഴിക്കാൻ വിദേശികളും റസ്റ്ററന്റുകളിൽ എത്താറുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മലയാളി സുഹൃത്തുക്കളോടൊപ്പമാണ് ഇവർ എത്തുന്നത്. ചൈന, ഫിലിപ്പീൻസ്, കൊറിയ, ശ്രീലങ്ക, നേപ്പാൾ, ഈജിപ്ത്, സിറിയ, യുഎഇ, യുകെ തുടങ്ങി വിവിധ രാജ്യക്കാർ എത്താറുണ്ടെന്ന് ആച്ചീസ് റസ്റ്ററന്റ് പാർട്നർ നിബു സാം ഫിലിപ്പ് പറഞ്ഞു.

 

തൂശനില നിറയെ വിഭവങ്ങൾ കണ്ട് അന്തം വിട്ടിരിക്കുന്നവർക്ക് ഓരോ വിഭവത്തെക്കുറിച്ചും സുഹൃത്തുക്കൾ വിവരിച്ചുകൊടുക്കും. ആദ്യം സ്പൂൺ വച്ച് കഴിച്ചു തുടങ്ങുമെങ്കിലും മലയാളികളെ പിന്തുടർന്ന് സ്പൂൺ ഒഴിവാക്കുന്നവരുമുണ്ട്.  ഒരിക്കൽ സദ്യ രുചിച്ച വിദേശികൾ പിന്നീട് സ്വന്തം നാട്ടുകാരെ കൂട്ടി വന്ന് സദ്യ കിട്ടുമോ എന്ന് ചോദിച്ച അനുഭവമുണ്ടെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com