ADVERTISEMENT

അബുദാബി∙ റമസാനിലെ ഇരുപത്തിയേഴാം രാവ് ഇന്ന്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽഖദ്റിന്റെ പുണ്യം തേടി വിശ്വാസികൾ രാത്രിയിൽ ആരാധനാലയങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ്  നിർണയത്തിന്റെ രാത്രി എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ.

Also read: ചെറിയ പെരുന്നാളിൽ ചെറുതല്ല സന്തോഷം; ദുബായ് – കേരള, ഒമാൻ-കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞു

അവസാനത്തെ പത്തിലെ 21, 23, 25, 27, 29 രാവുകളിൽ ഒന്നായിരിക്കും ലൈലത്തുൽ ഖദ്ർ എന്നാണ് സൂചന.  കൃത്യമായി തീയതി വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും 27ാം രാവിനാണ് കൂടുതൽ സാധ്യതയെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ഏറെ.  അതുകൊണ്ടാണ് 27ാം രാവിന് വിശ്വാസികൾക്കിടയിൽ കൂടുതൽ സ്വീകാര്യത കൈവന്നതും.  83 വർഷവും 3 മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാവിലൂടെ നേടാമെന്ന അപൂർവ അവസരമാണ് ലൈലത്തുൽ ഖദ്റിലൂടെ വിശ്വാസികൾക്ക് ലഭിക്കുക.

 

ദൈവ കൽപന അനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസം തിരക്ക് കൂടാൻ കാരണമായി. തിരക്ക് കണക്കിലെടുത്ത് പള്ളികളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കൂടുതൽ വൊളന്റിയർമാരെ നിയമിക്കുകയും ചെയ്തിരുന്നു.

 

യുഎഇയിലെ ഭൂരിഭാഗം പള്ളികളിലും 45 മുതൽ 60 മിനിറ്റ് ദൈർഘ്യമേറിയതാണ് നിശാ പ്രാർഥന. വിവിധ പള്ളികളിൽ അർധ രാത്രി 12, 12.30, 1, 1.30, 2, 2.30, 3 എന്നീ വ്യത്യസ്ത സമയങ്ങളിൽ ആണ് നിശ പ്രാർഥന നടക്കുക. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിശാ പ്രാർഥനയ്ക്ക് എത്തുന്നവരുടെ സൗകര്യാർഥം 24 മണിക്കൂറും ബസ് സർവീസും ടാക്സി സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

അൽസാഹിയ, വാഹത് അൽ കരാമ എന്നീ  2 സ്ഥലങ്ങളിൽ നിന്നാണ് ബസ് സർവീസ്. ബസ് നമ്പർ 175ൽ അൽറാഹയിലെ അൽസിനയിൽ നിന്നും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് വഴി കോർണിഷിലേക്കും തിരിച്ചും ഒരു മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും.

 

ബസ് നമ്പർ 94 വാഹത്അൽ കരാമയിൽ നിന്ന് തുടങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, മംഷ അൽ സാദിയാത്ത് വഴി തിരിച്ചും 20 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. കൂടാതെ ഇവിടെ 100 ടാക്സികളുടെ സേവനവും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com