ജിസിസിക്ക് പൊതുവീസ വരുന്നു; വിനോദസഞ്ചാരത്തിന് നേട്ടം
Mail This Article
ദുബായ്∙ ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ ആലോചനയിൽ. വിനോദ സഞ്ചാരികൾക്കായാണ് ജിസിസി വീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.
Also read: എയർലൈനുകളുടെ സീറ്റിങ് ശേഷി: ആദ്യ പത്തിൽ ഇടം നേടി ഹമദ്
അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സെയ്റാഫിയാണ് ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കിടയിൽ പുരോഗമിക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ‘‘യൂറോപ്പിലേക്കു പോകുന്നവരുടെ സൗകര്യം നമുക്കറിയാം. ഒരു വീസയിൽ അവർ പല രാജ്യങ്ങൾ കാണുന്നു.
അതിന്റെ പ്രയോജനം ഓരോ രാജ്യത്തിനും ലഭിക്കുന്നു. ഇത് ഗൾഫ് രാജ്യങ്ങൾക്കും നടപ്പാക്കാവുന്ന ആശയമാണെന്നു ഭരണാധികാരികൾക്കു തോന്നി. ഓരോ രാജ്യത്തിന്റെയും മൂല്യം വർധിക്കാൻ ഇത് ഇടയാക്കും. ഗൾഫ് മേഖലയുടെ സമഗ്ര വികസനത്തിനു വഴിവയ്ക്കും, ജിസിസി രാജ്യങ്ങളിലേക്കു വിനോദ സഞ്ചാരത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഫാത്തിമ അൽ സെയ്റാഫി പറഞ്ഞു.
യുഎഇ, സൗദി രാജ്യങ്ങൾക്കൊപ്പം വിനോദ സഞ്ചാര മേഖല പ്രചരിപ്പിച്ചതിന്റെ ഗുണം ബഹ്റൈനു ലഭിച്ചു. 83 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച 2022ൽ 99 ലക്ഷം സഞ്ചാരികളാണ് ബഹ്റൈനിലെത്തിയത്. ജിസിസി രാജ്യങ്ങൾ ഒരുമിച്ചു നിന്നതിന്റെ ഫലമാണിത്. 100ൽ അധികം ടൂർ ഓപ്പറേറ്റർമാർ സഹകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നു സഞ്ചാരികളെ ലഭിച്ചതായും മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങളില്ലാതെ കൂടുതൽ രാജ്യങ്ങൾ കാണാൻ കഴിയുന്നത് പൊതുവീസയുടെ ഗുണമാണെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലേഹ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ നിന്നു വലിയ സാമ്പത്തിക നേട്ടമാണ് ജിസിസി രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളെ ഒറ്റ വിനോദ സഞ്ചാര ലക്ഷ്യമായി പ്രചരിപ്പിക്കുകയാണ് പുതിയ വീസയിലൂടെ ഉദ്ദേശിക്കുന്നത്.
പൊതുവായ പ്രചാരണ പരിപാടികൾ, പൊതുവായ ടൂറിസം ആപ്ലിക്കേഷനുകൾ, പൊതു വെബ്സൈറ്റ്, ഓൺലൈൻ ബുക്കിങ് സംവിധാനം എന്നിവയും ഉണ്ടാവും. വിവിധ ടൂറിസം മേളകളിൽ ജിസിസി ടൂറിസം എന്ന ഒറ്റ ബാനറിനു കീഴിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കാനും ധാരണയായിട്ടുണ്ട്.
വിനോദ സഞ്ചാരികൾ ഗൾഫിനെ വിവിധ രാജ്യങ്ങളായി കാണാതെ ഒറ്റ മേഖലയായി കരുതുന്ന തരത്തിലുള്ള സഹകരണമാണ് ഉണ്ടാവുകയെന്നു സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമിദാദിൻ പറഞ്ഞു. അതിനനുസരിച്ചു മേഖലയിലെ രാജ്യങ്ങൾ സഹകരണം മെച്ചപ്പെടുത്തും. ഖത്തറിലെ ഫിഫ വേൾഡ് കപ്പിന് അനുബന്ധമായി വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്ക് സൗദിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.