ADVERTISEMENT

അബുദാബി∙ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസ് സ്കീമിൽ ഇതുവരെ 20 ലക്ഷം പേർ ചേർന്നു. നാലര മാസത്തിനിടെയാണ് ഇത്രയും പേർ നിർബന്ധിത ഇൻഷൂറൻസ് പരിരക്ഷയിൽ അംഗമായത്. ഇതിൽ 40,000 പേർ സ്വദേശികളാണെന്ന്  മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ വ്യക്തമാക്കി. ഫെഡറൽ നാഷനൽ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

Also read: സമൂഹമാധ്യമത്തിലൂടെ ബ്ലാക്ക്മെയിൽ ചെയ്ത ആൾക്ക് 15,000 ദിർഹം പിഴ

ഇൻഷൂറൻസ് എടുക്കേണ്ട സമയപരിധി  അവസാനിക്കാനിരിക്കെ കൂടുതൽ പേർ രംഗത്തുവന്നതാണ് പെട്ടെന്ന് അപേക്ഷകരുടെ എണ്ണംകൂടാൻ കാരണം. ജൂൺ 30നകം ഇൻഷൂറൻസ് എടുക്കാത്തവർക്ക് 400 ദിർഹം (9011 രൂപ) പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. നിലവിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പോളിസി നിർബന്ധം. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ആനുകൂല്യം.

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക (പരമാവധി 20,000 ദിർഹം) 3 മാസത്തേക്കു ലഭിക്കും. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും പിഴയായി 200 ദിർഹമും അടയ്ക്കുകയും വേണം.

സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും പരിരക്ഷ കിട്ടില്ല. നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com