ADVERTISEMENT

അബുദാബി/ഉമ്മുൽഖുവൈൻ/റാസൽഖൈമ∙ എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി വിദേശ വിദ്യാർഥികൾ. പാക്കിസ്ഥാൻ, കൊമറോസ്, ഈജിപ്ത്, സുഡാൻ, ജോർദാൻ, ബംഗ്ലദേശ്, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, ജിബൂട്ടി തുടങ്ങി 20 രാജ്യങ്ങളിൽനിന്നുള്ള 82 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ബംഗ്ലദേശ്, പാക്കിസ്ഥാൻ വിദ്യാർഥികൾ മികച്ച വിജയം നേടി.

Read Also: ദുബായിൽ അപകട മേഖലകളിലൂടെ യാത്ര: വാഹനം പിടിച്ചെടുക്കും, വൻ പിഴ

ബംഗ്ലദേശ് ചിറ്റഗോങ് ബോൽഖലി സ്വദേശിയും ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ ഉമ്മുൽഖുവൈനിലെ വിദ്യാർഥിയുമായ അബ്ദുല്ല മുഹമ്മദ് നൂർ അലി എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. ഇവിടെ 9 രാജ്യക്കാരായ 22 പേർ പരീക്ഷ എഴുതിയതിൽ അബ്ദുല്ല ഉയർന്ന മാർക്കുനേടി. യുഎഇയിലെ 518 വിദ്യാർഥികളിൽ ഫുൾ എ പ്ലസ് നേടിയ ഏക വിദേശ വിദ്യാർഥിയും അബ്ദുല്ലയാണ്. ആപ്ലിക്കേഷൻ ലെവലിലുള്ള പഠന, പരീക്ഷാ രീതികളിലൂടെ മികച്ച മാർക്ക് നേടാമെന്നതാണ് ആകർഷണമെന്ന് അബ്ദുല്ല മനോരമയോടു പറഞ്ഞു.

സോഷ്യൽ സ്റ്റഡീസിൽ പ്രാദേശിക ചോദ്യങ്ങൾ അൽപം കുഴക്കാറുണ്ട്. ഇന്ത്യൻ ഇംഗ്ലിഷ് പത്രങ്ങൾ പതിവായി വായിക്കുകയും ടിവി ന്യൂസ് കാണുകയും ചെയ്താണ് ഈ വെല്ലുവിളികളെ നേരിട്ടതെന്നും പറഞ്ഞു. സയൻസ് ഗ്രൂപ്പ് എടുത്ത് ഇതേ സ്കൂളിൽ പഠനം തുടരും. ഡോക്ടറാകാനാണ് മോഹം. എൻജിനീയറായ സഹോദരൻ ഇബ്രാഹിമും ഫിനാൻസ് ബിരുദ വിദ്യാർഥിയായ സഹോദരി  തൻസീനും കേരള സിലബസ് ആണ് പഠിച്ചതെന്നും സൂചിപ്പിച്ചു.

രാജ്യാന്തര തലത്തിലുള്ള അംഗീകാരം മൂലമാണ് കേരള സിലബസ് തിരഞ്ഞെടുത്തതെന്ന്  9 എ–പ്ലസ് നേടിയ റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥി പാക്കിസ്ഥാൻ സ്വദേശി നിസാർ ഹൈദർ അലി പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ചിരുന്നു.

പുനർമൂല്യനിർണയത്തിലൂടെ ഫിസിക്സിലും എ പ്ലസ് നേടാനാമെന്നാണ് പ്രതീക്ഷ. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയും കേരള സിലബസിൽ തുടരാൻ പ്രേരിപ്പിച്ചു. ഫുജൈറ ഇന്ത്യൻ സ്കൂൾ 25 പേർ, ദുബായ് ഗൾഫ് മോഡൽ ‍സ്കൂൾ 17, ഉമ്മുൽഖുവൈൻ ദി ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂൾ 16,  റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 16, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 7, ഷാർജ  ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 1. ഇതിൽ ഭൂരിഭാഗം പേരും ഉന്നത ഗ്രേഡോടെ വിജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com