ദുബായ്∙ ദുബായിലെ കഫെയിലുണ്ടായ സംഘർഷത്തിൽ ഇസ്രായേൽ പൗരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് ഇസ്രായേലികളെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇസ്രായേൽ പൗരന്മാർ തമ്മിൽ ദുബായ് ബിസിനസ് ബേയ് ഏരിയയിലെ കഫെയിൽ ഇന്നുണ്ടായ സംഘർഷത്തിലാണു ദുബായ് പൊലീസ് മരണം സ്ഥിരീകരിച്ചതെന്ന് ദുബായ് മീഡിയാ ഒാഫീസ് അറിയിച്ചു. ഗസ്സാം ഷംസിയ എന്ന 30 കാരനെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: പ്രോട്ടോക്കോളില്ല, സുരക്ഷാസേനയില്ല, ഗതാഗതക്കുരുക്കില്ല; യുഎഇ പ്രസിഡന്റ് കൂളാണ്
അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘർഷത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് സംശയം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലിൽ പ്രശ്നങ്ങളുണ്ടാവുകയും ഇൗ മാസം ആറിനു 24 കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ യുഎഇയിൽ അപൂർവമാണെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രാലയത്തിലെ വക്താവ് പറഞ്ഞു. യുഎഇയും ഇസ്രായേലും തമ്മിൽ ഏബ്രഹാം ഉടമ്പടിയിൽ ഒപ്പുവച്ച ശേഷം ഒട്ടേറെ ഇസ്രായേലുകാർ യുഎഇ സന്ദർശിക്കുന്നുണ്ട്.
പ്രതികളെല്ലാം വിനോദസഞ്ചാരികൾ; മൂന്നു മണിക്കൂറിനുള്ളിൽ വലയിൽ
വിനോദസഞ്ചാരികളായ പ്രതികൾ ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് ഷോപ്പിങ്ങിനായി യുഎഇയിൽ എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ബിസിനസ് ബേയിലൂടെ നടക്കുമ്പോഴാണ് ഇവർ ഗസ്സാം ഷംസിയയെ കണ്ടുമുട്ടിയത്. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കത്തികൊണ്ടാണ് യുവാവിനെ കുത്തിക്കൊന്നത്. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് പ്രധാന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സ്‌മാർട്ട് ടെക്‌നോളജി ഉപയോഗിച്ച പ്രത്യേക സംഘത്തെ പൊലീസ് സജ്ജമാക്കി. ബാക്കിയുള്ള പ്രതികളെ 24 മണിക്കൂറിനുള്ളിലും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കാനും ക്രിമിനൽ പ്രവർത്തനങ്ങൾ വേഗത്തിൽ തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: dubai police arrested all the suspects in a murder case within 24 hours.