ADVERTISEMENT

ദുബായ്∙ രാജ്യത്തു പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ നടപ്പാക്കി ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) ഒരുങ്ങാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

Also read: 2000 രൂപ നോട്ട് സ്വീകരിക്കാതെ ധനകാര്യ സ്ഥാപനങ്ങൾ; പ്രവാസികളും സഞ്ചാരികളും കുടുങ്ങി

78 പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് ഇൻവസ്റ്റ്മെന്റ് അതോറിറ്റി പുനഃസംഘടിപ്പിച്ചു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ സൗരോർജ പദ്ധതി, സുസ്ഥിര വിനോദ സഞ്ചാരം എന്നിവ പൂർണമായും നിയന്ത്രണവിധേയമായി നടപ്പാക്കും. ഭക്ഷ്യ സുരക്ഷാ കൗൺസിലിന്റെ നേട്ടങ്ങളും വിലയിരുത്തി.

എമിറേറ്റ്സ് ഭക്ഷ്യ സുരക്ഷാ കൗൺസിൽ യുഎസുമായി സഹകരിച്ച് കാർഷിക കാലാവസ്ഥ അടിസ്ഥാനമാക്കിയ പുതിയ കണ്ടുപിടിത്തങ്ങൾക്കു നേതൃത്വം നൽകും. രാജ്യാന്തര സാമ്പത്തിക ഫോറവുമായി സഹകരിച്ച് രാജ്യാന്തര അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളിൽ സഹകരിക്കാൻ വേദി രൂപീകരിക്കും.

ഭക്ഷ്യോൽപാദന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഫുഡ്ടെക്നോളജി വാലി ദുബായിൽ തുടങ്ങും. വിദ്യാഭ്യാസം, ആരോഗ്യ വിനോദസഞ്ചാരം, പരമ്പരാഗത ഇസ്‌ലാമിക സാമ്പത്തിക സേവനം എന്നിവയുടെ കയറ്റുമതി വർധിപ്പിക്കും. ഈ മേഖലയിൽ ഇമറാത്തി കമ്പനികളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ രാജ്യാന്തര സഹകരണങ്ങൾ രൂപപ്പെടുത്താൻ സാമ്പത്തിക മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി 2.2 ലക്ഷം കോടി ദിർഹം കടന്നതായും യോഗം വിലയിരുത്തി. പൗരന്മാർക്ക് ഭവന നിർമാണ സമയത്ത് ബാങ്കിങ് സേവനം, നിർമാണ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തൽ എന്നിവയ്ക്കായി പുതുതായി ദാരക് പ്ലാറ്റ്ഫോം നിലവിൽ വന്നെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com