ADVERTISEMENT

ദോഹ∙ കുഞ്ഞൻ കാറുകളുടെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾക്ക് വേദിയാകാനുള്ള ഒരുക്കത്തിൽ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട്. നവീകരണ ജോലികൾക്കും ഇതോടെ വേഗമേറി. ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുന്ന സർക്യൂട്ടിലേക്കാണ് കാറോട്ട പ്രേമികളെയും താരങ്ങളെയും രാജ്യം സ്വാഗതം ചെയ്യുന്നത്.

Also read: അസ്മ് ഭംഗിയിൽ ഖത്തർ ഫൗണ്ടേഷൻ

ഒക്‌ടോബർ 6 മുതൽ 8 വരെയാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ. ഇതു രണ്ടാം തവണയാണ് എഫ് വൺ മത്സരങ്ങൾക്ക് ഖത്തർ ആതിഥേയരാകുന്നത്. 2021 മുതലാണ് എഫ് വൺ മത്സരത്തിന് ഖത്തർ വേദിയൊരുക്കി തുടങ്ങിയത്. ഫിഫ ലോകകപ്പിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഒഴിവായത്. എഫ് വൺ അധികൃതരുമായുള്ള കരാർ പ്രകാരം ഇനിയുള്ള 10 വർഷം ഫോർമുല വൺ റേസുകളിലൊന്നിന് ഖത്തർ ആതിഥേയത്വം വഹിക്കും.

formula-1

 

2004ൽ പ്രവർത്തനം തുടങ്ങിയ ലുസെയ്ൽ സർക്യൂട്ട് മോട്ടോ ജിപി ഗ്രാൻഡ് പ്രി ഖത്തറിന്റെ മുഖ്യ വേദി ആണ്. നവീകരണം പൂർത്തിയാകുന്നതോടെ ലോകത്തിലെ മോട്ടോർ സ്‌പോർട് ഇവന്റുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് മാറും. 2024ൽ ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പും ഇവിടെയാണ് നടക്കുന്നത്.

 

3 പാക്കേജുകളായി നവീകരണം; 40,000 കാണികളെ ഉൾക്കൊള്ളും, 10,000 കാർ പാർക്കിങ് സൗകര്യം 

 

ലോകനിലവാരത്തിൽ  ലുസെയ്ൽ സർക്യൂട്ടിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ശേഷി വർധിപ്പിക്കാനും അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് നവീകരണ പദ്ധതി പുരോഗമിക്കുന്നത്.  സർക്യൂട്ടിലെ റേസ് ട്രാക്കിന്റെ വികസനം, ഗ്രാൻഡ് സ്റ്റാൻഡുകളുടെ ശേഷി 40,000 കാണികളെ ഉൾക്കൊള്ളാൻ തക്കവിധം ഉയർത്തും.10,000 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം എന്നിങ്ങനെ 3 പാക്കേജുകളായാണ് നവീകരണം. ഇതിനു പുറമെ  എല്ലാ പ്രധാന റോഡുകളെയും സർക്യൂട്ടുമായി ബന്ധിപ്പിച്ച് റോഡ് നിർമാണ, നവീകരണ, അറ്റകുറ്റ ജോലികളും നടക്കുന്നുണ്ട്. കൂടാതെ സർക്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണവും നവീകരണവും പുരോഗമിക്കുന്നു. ഒക്‌ടോബറിന് മുൻപ് ആദ്യഘട്ട നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ലുസെയ്ൽ സ്‌പോർട്‌സ് ക്ലബ് അധികൃതർ വ്യക്തമാക്കി. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ ആണ് നിർമാണ-നവീകരണം നടത്തുന്നത്.

 

ടിക്കറ്റ് വിൽപന 3 ഘട്ടങ്ങളിലായി

 

ദോഹ∙ ഗ്രാൻഡ് പ്രി മത്സരങ്ങളുടെ ടിക്കറ്റ് വിൽപന 3 ഘട്ടങ്ങളിലായി. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏർലി ബേർഡ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി. ഇതിനു പുറമെ 3 ദിവസത്തെ ടിക്കറ്റ് ഒന്നിച്ചെടുക്കാനും ഒറ്റ ദിവസത്തേക്ക് മാത്രമായി എടുക്കാനും സൗകര്യമുണ്ട്. 3 ദിവസത്തെ ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റുകൾക്ക് 1,000 റിയാൽ മുതലാണ് നിരക്ക്. ഒറ്റ ദിവസത്തേക്കും 3 ദിവസത്തെ ജനറൽ അഡ്മിഷൻ ടിക്കറ്റുകൾക്കും 200– 600 റിയാലിനും ഇടയിലാണ് നിരക്ക്. മത്സരം കാണാനെത്താൻ ഖത്തർ എയർവേയ്‌സ് മികച്ച യാത്രാ പാക്കേജും പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com