ADVERTISEMENT

അബുദാബി∙ യുഎഇ തലസ്ഥാന നഗരിയിൽ നാൽക്കവലകളിലെ തിരക്കും ഗതാഗത കുരുക്കും ഇനി നിർമിത ബുദ്ധി (എഐ) പരിശോധിച്ച് നിയന്ത്രിക്കും. ഇതുസംബന്ധിച്ച് 2 കരാറുകളിൽ അബുദാബി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ഗൂഗിളുമായി ഒപ്പുവച്ചു.

Read Also: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇനി സുരക്ഷയുടെ ബ്രേക്ക്

സുസ്ഥിര വികസനത്തിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി അബുദാബിയെ കൂടുതൽ സ്മാർട്ടാക്കുകയാണ് പ്രോജക്ട് ഗ്രീൻ ലൈറ്റ് എന്നു പേരിട്ട പദ്ധതിയുടെ ലക്ഷ്യം. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലായിരുന്നു പ്രഖ്യാപനം.

നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എമിറേറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താം എന്നതിനൊപ്പം കാർബൺ ‍മലിനീകരണവും കുറയ്ക്കാം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇന്റർസെക്‌ഷനിലെ വാഹന നീക്കങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് ഗതാഗത തിരക്ക് കുറയ്ക്കാനുള്ള നിർദേശം നൽകും.

ട്രാഫിക് ലൈറ്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. അപകടത്തിന്റെ തീവ്രത, സമയം,  സ്ഥലം, ഗതാഗതക്കുരുക്ക് തുടങ്ങിയ വിവരങ്ങളെല്ലാം നിർമിത ബുദ്ധി യഥാസമയം ഐടിസിക്ക് കൈമാറും. പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപുതന്നെ ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും.

ആവശ്യമായ മുൻകരുതലോടെ സംഭവസ്ഥലത്തേക്കു കുതിക്കാം. നിലവിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചാലേ അപകടത്തിന്റെയോ ഗതാഗതക്കുരുക്കിന്റെയോ തീവ്രത മനസ്സിലാകൂ.  ഈ ഉദ്യോഗസ്ഥൻ നൽകുന്ന വിവരം അനുസരിച്ചായിരിക്കും വശ്യമായ സന്നാഹങ്ങൾ എത്തുക.

ഗതാഗതക്കുരുക്കിനിടയിൽ സംഭവസ്ഥലത്ത് എത്താൻ സമയം എടുക്കും. എന്നാൽ എ.ഐ ജോലി തുടങ്ങിയാൽ കാര്യം അറിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് തയാറെടുപ്പോടെ എത്തുമ്പോൾ സമയനഷ്ടം ഒഴിവാക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ പറഞ്ഞു. മലിനീകരണം കുറയ്ക്കാനും ഭാവി ആവശ്യങ്ങൾ നിറവേറ്റാനും നൂതന ഗതാഗത മാർഗങ്ങൾ അവലംബിച്ച് അബുദാബി എമിറേറ്റിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശമെന്നും പറഞ്ഞു.

സംയുക്ത സംരംഭങ്ങളിലൂടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ഗൂഗിളിലെ ഗവൺമെന്റ് റിലേഷൻസ് ആൻഡ് പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് കരൺ ഭാട്ടിയ പറഞ്ഞു.

തത്സമയ വിവരവുമായി  ഗ്രീൻ ലൈറ്റ്

നാൽക്കവലകളിലെ നിർണായക വിവരങ്ങൾ ശേഖരിച്ച് വിവരങ്ങൾ തത്സമയം അധികൃതർക്ക് കൈമാറുന്ന പദ്ധതിയാണ് ഗ്രീൻ ലൈറ്റ്. അതനുസരിച്ച് ട്രാഫിക് ലൈറ്റുകളുടെ പ്രവർത്തനം സ്വമേധയാ ക്രമീകരിക്കാം. റോഡിലെ തിരക്ക് കുറയുന്നതോടെ വായുമലിനീകരണം കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com