ADVERTISEMENT

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള വിവാഹം ഇന്നലെ ആഘോഷപൂർവം നടന്നു. ദുബായ് വേൾഡ് ട്രേഡ് സെന്റർ സാബീൽ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവര്‍ നവദമ്പതികൾക്ക് ആശംസകൾ നേർന്നു. 

dubai-marriage-4

Read Also: സ്മാർട്ടാകാൻ അബുദാബി; നാൽക്കവലകളിലെ തിരക്ക് അഴിക്കാൻ നിർമിത ബുദ്ധി

dubai-marriage-7

വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുടെയും മറ്റു പ്രമുഖരുടെയും ആശംസകൾ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ ആദ്യ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആന്റ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്പോർടസ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മകതൂം, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഷെയ്ഖുമാരും പൗരപ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു. പ്രമുഖ പ്രവാസി മലയാളികളും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

dubai-marriage-2

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് വരൻ ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം.  യുഎഇയിൽ റിയൽ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ അദ്ദേഹം പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്‌സ്-നാഷനൽ സർവീസിൽ ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സെക്യൂരിറ്റി ആൻഡ് റിസ്‌ക് മാനേജ്‌മെന്റിൽ ബിരുദം നേടി.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ തത്പരനായ ഷെയ്ഖ് മന  കുതിരസവാരിയടക്കമുള്ള കായിക രംഗത്തോടുമുള്ള അഭിനിവേശത്തിനും തത്വചിന്തയോടും സ്റ്റോയിസിസത്തോടുമുള്ള ഇഷ്ടത്തിനും അറിയപ്പെടുന്നു. 

dubai-marriage-5

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെപ്പോലുള്ള മറ്റ് ദുബായ് രാജകുടുംബങ്ങൾക്കും പ്രശസ്തമായ ഫ്രാൻസിലെ സ്കീയിങ് ലൊക്കേഷനായ കോർഷെവല്‍ സ്കീയിങ് ആസ്വദിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ കാണാം. ഷെയ്ഖ മഹ്റയും ഷെയ്ഖ മനയും കുതിര പ്രേമികൾ കൂടിയാണ്. മത്സ്യബന്ധനത്തിൽ തത്പരനായ ഷെയ്ഖ് മന ഫുട്ബോളും ഏറെ ഇഷ്ടപ്പെടുന്നു.  വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ ഹൃദയസ്പർശിയായ  കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

English Summary: sheikh mohammed d bin rashid al maktoum s daughter married.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com