വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ സൗദിയിലെ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി
Mail This Article
ജിദ്ദ ∙ വിനോദസഞ്ചാരികളുടെ പരാതി പരിഹരിക്കാൻ സൗദിയിലെ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പരാതികൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുകയാണ് ലക്ഷ്യം. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്നും സന്ദർശകരിൽ നിന്നും ലഭിക്കുന്ന പരാതികളിൽ അതി വേഗത്തിൽ തീർപ്പ് കൽപ്പിച്ച് പരിഹാരം കണ്ടെത്തുന്നതിനാണ് അധികൃതർ വിമാനത്താവളങ്ങളിൽ അതിവേഗ കോടതി ആരംഭിക്കുന്നത്.
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുന്നതിന്റെ ഭാഗമായും കൂടിയാണ് ഈ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുസമയം കോടതി യൂണിറ്റുകളുടെ സേവനം ലഭിക്കും.
പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക വിഭാഗമായാണ് ഇവ പ്രവർത്തിക്കുക. ഇതിനായി പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് പ്രത്യേക സംഘത്തെയും സജ്ജമാക്കും. അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ജനറലുമായ ഷെയ്ഖ് സൗദ് അൽ മുജാബാണ് ഇത് സംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്. ടൂറിസ്റ്റുകളുടെ കേസുകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും പുതിയ കോടതി സംവിധാനങ്ങൾ ഏറെ സഹായകരമാകെന്നും അദ്ദേഹം പറഞ്ഞു.