ADVERTISEMENT

ദോഹ∙ ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ഏഷ്യൻ തൊഴിലാളികൾക്കായുള്ള സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാംപ് നാളെ. 2,500 പേർ ക്യാംപിൽ പങ്കെടുത്തേക്കുമെന്ന് സംഘാടകർ. ക്യാംപിനൊപ്പം ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടക്കും.

 

സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സിഐസി)യാണ് ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തിൽ വെളളിയാഴ്ച ഏയ്ൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് ക്യാംപ്. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്യാംപിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

 

രണ്ടായിരത്തിലധികം പേർ ക്യാംപിന് റജിസ്റ്റർ ചെയ്തു. റജിസ്റ്റർ ചെയ്തവരിൽ 3,000 റിയാലിൽ താഴെ മാസ വരുമാനമുള്ളവർക്കും ഹെൽത്ത് കാർഡ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സക്ക് അവസരം ലഭിക്കാത്തവർക്കുമാണ്  മുൻഗണന. 20 സ്‌പെഷാൽറ്റി ഉൾപ്പെടെ 120 ഡോക്ടർമാർക്കും 70 നഴ്‌സുമാർക്കും പുറമെ പാരാമെഡിക്കൽ ജീവനക്കാർ, വൊളന്റിയർമാർ, ടെക്‌നിക്കൽ ജീവനക്കാർ എന്നിവരുടെ സേവനവും ക്യാംപിൽ ലഭിക്കും.

 

കാർഡിയോളജി, ഇഎൻടി, ഓർത്തോപീഡിക്, ഫിസിയോതെറപ്പി, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും സ്‌കാനിങ്, ഇസിജി, ഓഡിയോമെട്രി, ഒഫ്താൽമോളജി, ഓറൽ ചെക്കപ്പ്, കൊളസ്ട്രോൾ, ഷുഗർ, പ്രഷർ തുടങ്ങിയ പരിശോധനകളും മരുന്നും സൗജന്യമായി ലഭിക്കും.

 

ക്യാംപിലെത്തുന്നവർക്ക് പ്രമേഹം, കൊളസ്‌ട്രോൾ, കാഴ്ച-കേൾവി, ഓറൽ പരിശോധനാ സൗകര്യമുണ്ട്. രക്തദാനം, അവയവദാനം എന്നിവയ്ക്കുള്ള റജിസ്ട്രേഷൻ സൗകര്യവുമുണ്ട്.  ഉച്ചയ്ക്ക് 12.45 മുതൽ ദന്താരോഗ്യം, നടുവേദന, അർബുദ പരിശോധന,  മറവി രോഗം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും നടത്തും.

 

വാഹന സൗകര്യമില്ലാത്തവർ മുൻകൂട്ടി അറിയിച്ചാൽ അതിനുള്ള സൗകര്യം ഒരുക്കുമെന്നും സംഘാടകർ വ്യക്തമാക്കി. ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഖത്തർ, ഖത്തർ ഡയബറ്റിക് അസോസിയേഷൻ എന്നിവയും ക്യാംപിൽ സഹകരിക്കുന്നുണ്ട്. 18 വർഷമായി കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി നടത്തുന്ന ക്യാംപ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ സൗജന്യ മെഡിക്കൽ ക്യാംപ് ആണ്. കോവിഡ് ഇടവേളകൾക്ക് ശേഷമാണ് വീണ്ടും ക്യാംപ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com