ADVERTISEMENT

ദുബായ്∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവി ദൗത്യങ്ങളിൽ യുഎഇയുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റർ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറി. 3 മുതൽ 5 വർഷത്തിനിടെ ഒരാൾ എന്ന കണക്കിൽ ബഹിരാകാശ പേടകങ്ങളി‍ൽ യുഎഇ സ്ഥാനം ഉറപ്പിക്കും. സുൽത്താൻ അൽ നെയാദിയുടെ ദൗത്യം ബഹിരാകാശ ശാസ്ത്ര രംഗത്ത് യുഎഇക്ക് നിർണായക സ്ഥാനമാണ് നൽകിയിരിക്കുന്നത്. ബഹിരാകാശ നടത്തം നടത്തുന്ന 10ാമതു രാജ്യമായി യുഎഇ മാറി. 

ബഹിരാകാശ സഞ്ചാരികളുടെ സംഘം

ദേശീയതലത്തിൽ ബഹിരാകാശ സഞ്ചാരികളുടെ സംഘത്തിനു യുഎഇ രൂപം നൽകും. ഭാവി ബഹിരാകാശ ഗവേഷണ ദൗത്യത്തിൽ രാജ്യത്തിനു കരുത്താകാൻ 4 ബഹിരാകാശ സഞ്ചാരികൾ സ്വന്തമായുണ്ട്. ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂരിയും സുൽത്താൽ അൽ നെയാദിയും കൂടാതെ നൗറ അൽ മത്റൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ബഹിരാകാശ ദൗത്യത്തിനു യോഗ്യത നേടിയവരാണ്. നൗറയും മുഹമ്മദും നാസയുടെ പരിശീലനം പൂർത്തിയാക്കി ബഹിരാകാശ യാത്രയ്ക്കു സജ്ജരാണ്. 

അറബ് രാജ്യങ്ങളുമായി സഹകരണം

അറബ് രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ പദ്ധതികളിലും യുഎഇ സഹകരിക്കുന്നു. ബഹ്റൈൻ, കുവൈത്ത് എന്നിവരുമായി യോജിച്ചു ബഹിരാകാശ പരീക്ഷണ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ഈജിപ്തുമായും സൗദിയുമായി സഹകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഉപഗ്രഹ നിർമാണ പരിശീലന പദ്ധതിയിലാണ് ഈജിപ്തുമായും സൗദിയുമായും സഹകരിക്കുക. യുഎഇ – ബഹ്റൈൻ സംയുക്ത സംരംഭമായ ലൈറ്റ് 1 ക്യൂബ് സാറ്റ് ഉപഗ്രഹം നിലവിൽ ഭ്രമണപഥത്തിലുണ്ട്. റാഷിദ് റോവർ രണ്ടിലൂടെ ചന്ദ്ര ദൗത്യം വിജയിപ്പിക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. സുൽത്താൻ അൽ നെയാദിയെ സ്വാഗതം ചെയ്യാൻ എംബിആർഎസ്‌സി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സലേം ഹുമൈദ് പറഞ്ഞു. 

എംബിസെഡ് സാറ്റ്

കൂടുതൽ വ്യക്തമായ ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള എംബിസെഡ് സാറ്റ് എന്ന ഉപഗ്രഹത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തവർഷം വിക്ഷേപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു.ഒരു ചതുരശ്ര മീറ്ററിലെ വിവരങ്ങൾ വ്യക്തമായ ചിത്രത്തിന്റെ സഹായത്തോടെ ലഭ്യമാക്കാൻ ഉപഗ്രഹത്തിനു സാധിക്കും. 

 രാജ്യാന്തര തലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന വ്യക്തമായ ഉപഗ്രഹ ചിത്രങ്ങൾ 24 മണിക്കൂറും അയയ്ക്കാൻ ശേഷിയുള്ളതാണ് എംബിസെഡ് സാറ്റ്.

 എംബിആർഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉപഗ്രഹവും മധ്യപൂർവ മേഖലയിലെ ഏറ്റവും ആധുനിക ഉപഗ്രഹവുമായിരിക്കും എംബിസെഡ് സാറ്റ് എന്നും അദ്ദേഹം പറഞ്ഞു.

 യുഎഇയിലെ സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് എംബിആർഎസ്‌സി ഉപഗ്രഹം നിർമിക്കുന്നത്.  ബഹിരാകാശ രംഗത്ത് പൊതു സ്വകാര്യ മേഖലയുമായി യുഎഇയുടെ സഹകരണം ശക്തമാക്കാൻ പദ്ധതി ഉപകരിക്കും.

English Summary: UAE aims to secure a seat on future space flights says MBRSC Director General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com