ഓണാഘോഷം കേമമമാക്കി ബുർജീൽ മെഡിക്കൽ സിറ്റി: കസവുടുത്ത് 31 രാജ്യക്കാർ; പൂത്തുലഞ്ഞ് കൂറ്റൻ പൂക്കളം
Mail This Article
അബുദാബി∙ തിരുവോണത്തിന് മുൻപേ ഓണാഘോഷം കേമമാക്കി പ്രവാസികൾ. സുസ്ഥിരാ സന്ദേശവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ഓണാഘോഷം 31 രാജ്യക്കാരായ ആരോഗ്യപ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, പത്നി വന്ദന സുധീർ എന്നിവർ മുഖ്യാതിഥികളായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകരാണ് വേറിട്ട ആഘോഷങ്ങളുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒത്തുചേർന്നത്. പൂവേ പൊലി പാടിയും ആർപ്പോ ഇർറോ... വിളിച്ചും കേരളത്തിന്റെ തനത് കലകൾ അവതരിപ്പിച്ചും ആരോഗ്യപ്രവർത്തകർ കലാപ്രകടനം പുറത്തെടുത്തപ്പോൾ കാണികൾക്കത് ദൃശ്യവിരുന്നായി.
കാലാവസ്ഥാ വെല്ലുവിളി ഓർമിപ്പിച്ച് പൂക്കളം
യുഎഇയുടെ സുസ്ഥിര വർഷാചരണം, കാലാവസ്ഥ ഉച്ചകോടി (കോപ്28) എന്നിവ പ്രമേയമാക്കി 250 ചതുരശ്ര മീറ്ററിൽ തീർത്ത കൂറ്റൻ പൂക്കളമായിരുന്നു ശ്രദ്ധാകേന്ദ്രം. 1000 പേർ ചേർന്ന് 15 മണിക്കൂർ എടുത്താണ് പൂക്കളം ഒരുക്കിയത്. ആഗോള കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ചും അവ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു പൂക്കളം.തിരുവാതിര, ഒപ്പന, മാർഗം കളി, പുലിക്കളി, കഥകളി, ഓട്ടംതുള്ളൽ, തെയ്യം, ദഫ്മുട്ട്, വള്ളംകളി പാട്ട് തുടങ്ങി കേരളത്തിന്റെ തനത് കലാസാംസ്കാരിക പരിപാടികളിലും 8 രാജ്യക്കാർ വേഷമിട്ടു. യുകെ, സിറിയ, ഫിലിപ്പീൻസ്, നേപ്പാൾ, ജോർദാൻ, സൗദി എന്നീ രാജ്യക്കാർ കേരളീയ വസ്ത്രം ധരിച്ചാണ് ആഘോഷത്തിൽ പങ്കുചേർന്നത്. ഒപ്പനയിൽ ഫിലിപ്പീൻസ്, നേപ്പാൾ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യക്കാർ അണിനിരന്നപ്പോൾ മാർഗം കളിയിൽ വേഷമിട്ടത് ഇറാൻ സ്വദേശികളാണ്.
ഓണാഘോഷത്തിൽ പാരമ്പര്യവും സുസ്ഥിരതയും ഒരുമിക്കുന്നത് പ്രചോദനാത്മകമായെന്ന് സ്ഥാനപതി സഞ്ജയ് സധീർ പറഞ്ഞു. ആഘോഷങ്ങൾ സുസ്ഥിരതയ്ക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സഫീർ അഹമ്മദ് പറഞ്ഞു. അറബ് പാർലമെന്റ് ഡപ്യൂട്ടി പ്രസിഡന്റും യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ, ഇന്റർനാഷനൽ കൗൺസിൽ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അൽ യമാഹി, ഫെഡറൽ നാഷനൽ കൗൺസിൽ അംഗം നെയ്മ അൽ ഷർഹാൻ എന്നിവരും പങ്കെടുത്തു.
വിവിധ രാജ്യക്കാർ ചേർന്നുള്ള വ്യത്യസ്തമായ ഓണാഘോഷത്തിൽ പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്ന് അൽ യമാഹി പറഞ്ഞു. മലയാളികളുടെ ഓണം രാജ്യാന്തര തലത്തിൽ ആഘോഷിക്കാനായതിന്റെ ആവേശത്തിലാണ് ആരോഗ്യപ്രവർത്തകരും കുടുംബാംഗങ്ങളും. വിഭവസമൃദ്ധമായ സദ്യയിലും പങ്കാളികളായാണ് മടങ്ങിയത്.
English Summary: Abu Dhabi Burjeel Medical city celebrated Onam with health workers from 31 countries.