ADVERTISEMENT

 ദുബായ്∙ ബാങ്ക് വായ്പകൾക്കോ ബിസിനസ് സംബന്ധമായോ സ്വകാര്യാവശ്യങ്ങൾക്കോ ചെക്ക് കൊടുത്ത് കേസിൽ അകപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്, നേരത്തെ ചെക്ക് മടങ്ങിയാൽ പൊലീസ് സ്‌റ്റേഷനിൽ ക്രിമിനല്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ നിയമഭേദഗതി പ്രകാരം ചെക്ക് മടങ്ങിയാൽ സിവിൽ കേസാണ് ഫയൽ ചെയ്യുക. യുഎഇയിൽ ജോലി ചെയ്യുന്ന പലരും ബിസിനസുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ബാങ്ക് വായ്പയോ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പയോ എടുത്ത് പലപ്പോഴും തിരിച്ചടവ് മുടങ്ങി കേസായിത്തീരാറുണ്ട്. വായ്പ തിരിച്ചടക്കാതെയും കേസ് തീർക്കാൻ ശ്രമിക്കാതെയും നാട്ടിലേക്ക് പോകുന്നവർ  തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽ കുടുങ്ങുന്നു. ഇതേ തുടർന്നുണ്ടാകുന്ന കേസ് അടക്കമുള്ള പ്രതിസന്ധികളിലായി ജീവിതം നശിപ്പിക്കണോ അതോ നിയമം കൃത്യമായി മനസിലാക്കി കേസ് തീർപ്പാക്കാൻ ശ്രമിക്കണോ? യുഎഇയിലെ പ്രമുഖ മലയാളി അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

 

∙ അറബിക് സന്ദേശത്തെ അവഗണക്കരുതേ

അഡ്വ.പ്രീത ശ്രീറാം മാധവ്
അഡ്വ.പ്രീത ശ്രീറാം മാധവ്

 

ഈ കാര്യങ്ങൾ പ്രത്യേകം പറയാൻ കാരണം എന്തെന്നാൽ കുറച്ച് മാസങ്ങളായി പതിവായി പലരും സിവിൽ കേസിൽപ്പെടുന്നുണ്ട്. അതിൽ ഭൂരിപക്ഷം ആൾക്കാരും നേരിട്ട് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ അടയ്ക്കപ്പെടുന്നു. ചെക്ക് മടങ്ങിയാൽ ഡയറക്ട് എക്സിക്യൂഷനാണ് കേസ് ഫയൽ ചെയ്യുന്നത് എന്നതിനാൽ ലീഗൽ നോട്ടിസോ കോടതിയിൽ നിന്ന് ഫോൺ സന്ദേശമോ നിങ്ങൾക്ക് ലഭിക്കണമെന്നില്ല. കേസ് ഫയൽ ചെയ്തതിന് ശേഷം യാത്രാ വിലക്കിന്‍റെ അറബിക് മെസേജ് എമിറേറ്റ് സ് ഐഡിയിൽ കണക്റ്റ് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്നതായിരിക്കും. എന്നാൽ പലരും ഈ സന്ദേയസത്തെ ഗൗനിക്കാറില്ല. അതുകൊണ്ട് കേസ് ഫയൽ ചെയ്ത വിവരം പലരും അറിയാതെ പോകുന്നു.

 

വേറെ ചിലരുടെ എമിറേറ്റ്സ് ഐഡിയുമായി കണക്ട് ചെയ്ത മൊബൈൽ നമ്പർ ഡിസ്കണക്ട് ആകുന്നത് കാരണം അവർക്ക് കോടതിയിൽ നിന്നുള്ള ഈ സന്ദേശം ലഭിക്കുന്നില്ല. മറ്റ് ചിലർ ട്രാവൽ ബാൻ അല്ലേയുള്ളു എന്ന ചിന്തയിൽ ഈ മെസേജിനെ നിസാരമായി കാണുകയും ചെയ്യുന്നു. ചെക്ക് ബൗൺസായി ഡയറക്ട് എക്സിക്യൂഷൻ ആകുമ്പോൾ ആദ്യം ട്രാവൽ ബാൻ വരുന്നു. പിന്നെ ഒരു പേയ്മെന്റും തിരിച്ച് അടയ്ക്കാത്ത പക്ഷം അറസ്റ്റ് വാറണ്ടാകുന്നു. അതിനു ശേഷം നിങ്ങൾക്കുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമുണ്ടെങ്കിൽ അതു തടഞ്ഞുവയ്ക്കുന്നതാണ്. കൂടാതെ നിങ്ങളുടെ വാഹനങ്ങളോ സ്വത്തുവകകളോ സ്ഥാപനങ്ങളോ അറ്റാച്ച് ചെയ്യപ്പെടും. 

Read also: കേരളത്തിൽ നിന്ന് ദുബായിലെത്തിയ മലയാളി മെന്‍റലിസ്റ്റിന്‍റെ ബാഗും പന്ത്രണ്ട് ലക്ഷത്തിന്റെ വസ്തുക്കളും വിമാനത്തിൽ നഷ്ടമായി; പരിപാടി മുടങ്ങി

 

പല വലിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമകളും പെട്ടെന്ന് ഒരു ദിവസം ജയിൽ അടയ്ക്കപ്പെടുന്നതിന് കാരണം ഇതാണ്. പിന്നീട് ആ ബിസിനസ് നോക്കിനടത്താൻ ആളില്ലാതെ പെട്ടെന്ന് തന്നെ നഷ്ടത്തിൽപ്പെട്ട് കമ്പനിക്ക് പൂട്ട് വീഴുന്നു.  അവിടുത്തെ ജീവനക്കാരും തൊഴിലാളികളും ജോലി നഷ്ടപ്പെട്ട് ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടാതെ, എന്ത് ചെയ്യണമെന്നറിയാതെ വീസാ കാലാവധി കഴിഞ്ഞ് ദുരിതത്തിലാകുന്നു. ഇത്തരം സംഭവങ്ങൾ അടുത്തകാലത്തും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

∙ വണ്ടിച്ചെക്ക് കേസുകളെ ഗൗരവമായി കാണണം

 

പല കേസുകളിലും കണ്ടുവന്നത് ചെറിയ ചെറിയ ചെക്കുകൾ ബൗൺസായി വരുമ്പോൾ കമ്പനി ഉടമ അതിനെ കാര്യമായി എടുത്തില്ല എന്നതാണ്. സിവിൽ കേസായി ജയിലിൽ അടയ്ക്കപ്പെട്ടാൽ ആകെ തുകയുടെ 30% കോടതിയിൽ അടച്ചാൽ മാത്രമേ  ജയിൽ മോചനം സാധ്യമാകൂ. അതുകൊണ്ട് ട്രാവൽ ബാൻ വന്നാൽ ഉടനെ തന്നെ ഇത്രയും പണമടച്ച് പ്രതിമാസ അടവ് സംവിധാനത്തിലാക്കുക. എങ്കിൽ നിങ്ങളുടെ അറസ്റ്റ് വാറണ്ട്  നിലനിൽക്കില്ല.

 

∙ സിവിൽ കേസുണ്ടെങ്കിലും ജോലി ചെയ്യാം; വീസ മാറ്റാം

 

യുഎഇയിൽ സിവിൽ കേസ് ഉണ്ടെങ്കിലും ജോലി ചെയ്യാനും വീസ മാറ്റാനും യാതൊരുവിധ നിയമ തടസ്സവും ഉണ്ടാകുന്നതല്ല. മുഴുവൻ തുക അടച്ച് കഴിഞ്ഞാൽ യാത്രാ വിലക്ക് നീക്കം ചെയ്യപ്പെടും. എന്നാൽ ക്ലിയറൻസ് ലെറ്റർ കോടതിയിൽ നിന്ന് വാങ്ങി കൈവശം വയ്ക്കേണ്ടതാണ്.

 

∙ ബാങ്കിൽ 5% പണമടച്ചാൽ കേസിൽ നിന്നൂരാമോ?

 

സിവിൽ കേസ് വന്നാൽ ആ പേയ്മെന്റ് മുഴുവനായി അടയ്ക്കുകയോ അല്ലങ്കിൽ തവണകളായി അടയ്ക്കുകയോ ചെയ്യണം. വേറെ ഒരു കുറുക്കുവഴിയും ഇതിലില്ല. നിരവധി ആളുകൾ വളരെ വഞ്ചിക്കപ്പെടുന്ന കാര്യമാണ് അഞ്ച് ശതമാനം തുകയിൽ എല്ലാ കേസിൽ നിന്നും പൂർണമായും ഒഴിവാക്കിത്തരാം, അതിന് സഹായിക്കാൻ ബാങ്കിൽ നമുക്ക് ആളുണ്ട് എന്നൊക്കെ. ബാങ്കിനോട് സംസാരിച്ച് കോടതിയിൽ 5% പണം അടച്ചാൽ മതി, എല്ലാം ശരിയാകും എന്ന് കേൾക്കുന്നല്ലോ എന്നിങ്ങനെ പല കാര്യങ്ങളും ആളുകൾ എന്നെ വിളിച്ച് ചോദിക്കാറുമുണ്ട്. എന്നാൽ ഒന്നറിയുക, ഒരിക്കലും ഇത്തരം രീതിയിൽ കാര്യങ്ങൾ തീർക്കാനാവില്ല. ഇതിനകം പ്രശ്നത്തിലായ നിങ്ങൾ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് കടക്കുമെന്നല്ലാതെ ഇതിൽ ഒന്നും സംഭവിക്കില്ല. എന്തെങ്കിലും ഒരു നിയമപ്രശ്നം വന്നാൽ നിയമവിദഗ്ധരെ സമീപിച്ച് ശരിയായ രീതിയിൽ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുന്നതാണ് ഏറ്റവും ഉചിതം. ഇതേപോലെ എല്ലാം ക്ലിയറാക്കിത്തരാം എന്ന് പറഞ്ഞ പലർക്കും പണം കൊടുത്ത് പ്രതിസന്ധിയിലായ പലരും എന്നെ സമീപിക്കാറുണ്ട്. അതുകൊണ്ട് ഒരിക്കൽക്കൂടി ഉണർത്തുകയാണ്; നിങ്ങൾ പ്രശ്നത്തിൽ ആണെങ്കിൽ കുരുക്കുമുറുക്കാതെ സൂക്ഷിക്കുക.‌

 

∙ വൺടൈം സെറ്റിൽമെന്‍റ്

 

അടുത്ത ഓപ്ഷനായി നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ് ബാങ്കിൽ വൺ ടൈം സെന്റിൽമെന്റിന് സംസാരിക്കാം എന്നതാണ്. വൺ ടൈം സെന്റിൽമെന്റ് അടച്ച് നമുക്ക് ക്ലിയറൻസ് പേപ്പർ വാങ്ങാം. എതിർ പാർട്ടി ബാങ്ക് അല്ല കമ്പനിയാണ് എങ്കിൽ ആ കമ്പനിയിലെ ആൾക്കാരോട് പോയി സംസാരിച്ച്  ഒരു ഇളവ്( ഡിസ്ക്കൗണ്ട്) വാങ്ങിച്ച് കേസ് പിൻവലിക്കുന്ന തനാസൽ ചെയ്യാൻ സാധിക്കുന്നതാണ്. രണ്ടു മാർഗമേ ഇതിലുള്ളൂ– ഒന്നുകിൽ കോടതിയുമായി ബന്ധപ്പെട്ട് തുക തവണകളാക്കുക. അല്ലെങ്കിൽ ബാങ്കുമായോ എതിർകക്ഷിയുമായോ സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുക.

 

നിങ്ങൾക്കെതിരെയുള്ള സിവിൽ കേസിൽ ഇത്ര പണം കൊടുക്കാനില്ലെന്ന് ഉറപ്പാണെങ്കിൽ കൗണ്ടർ ക്ലെയിം ചെയ്ത് നിങ്ങൾക്ക് കൊടുക്കാനുള്ള പണം മാത്രം കൊടുത്ത് ഈ കേസ് തീർക്കാൻ പറ്റുന്നതാണ്.  ലക്ഷം ദിർഹത്തിന്‍റെ കേസ് നിങ്ങൾക്ക് വന്നു എന്നിരിക്കട്ടെ, എന്നാൽ 20,000 ദിർഹമേ കൊടുക്കാനുള്ളു എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ ഒരു ലീഗൽ ഫേമിനെ സമീപിച്ചാൽ അവർ പ്രശ്നം പരിഹരിച്ച് തരും. എന്നാൽ അതിന് പോകുന്നതിന് മുൻപ് നിങ്ങളുടെ കൈയ്യിൽ എല്ലാവിധ തെളിവും രേഖകളും ഉണ്ടായിരിക്കണം. കൊടുക്കാനുള്ള തുക കൊടുത്ത് കഴിഞ്ഞു, അല്ലെങ്കിൽ കൊടുക്കാൻ ലക്ഷം ദിർഹം ഇല്ല എന്നുള്ള എല്ലാ പ്രൂഫും കൈയ്യിൽ ഉണ്ടെങ്കിൽ കൗണ്ടർ ക്ലെയിം ചെയ്ത് കേസ് ക്ലിയർ ചെയ്യാവുന്നതാണ്.

 

ആളുകളുടെ മറ്റൊരു സംശയമാണ് പഴയ കേസ് ഒരിക്കൽ പൊലീസ് സ്റ്റേഷനിൽ പിഴയടച്ച് തീർത്തതാണ്, പക്ഷേ ഇപ്പോഴും ബാങ്ക് നോട്ടീസ് അയക്കുന്നു, അടച്ചില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്ന്. ഇതൊക്കെയെങ്ങനെ നടക്കുന്നു എന്നാണ് ആളുകളാണ് സംശയം. ഒരു പേയ്മെന്റ് അടക്കാത്തതിന് എങ്ങനെ രണ്ട് കേസ് വരും എന്നും സംശയമുണരുന്നു. എന്നാൽ ആദ്യം മനസ്സിലാക്കുക, നിങ്ങൾ പൊലീസ് സ്റ്റേഷനിൽ പിഴ അടച്ചത് ക്രിമിനൽ കേസിലാണ്. ഇപ്പോൾ ബാങ്ക് നിങ്ങൾക്കെതിരെ സിവിൽ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. അതിന് ബാങ്കിന് അവകാശമുണ്ട്.

 

∙ ലോകത്തിന്‍റെ ഏത് കോണിലേയ്ക്കും പവർ ഓഫ് അറ്റോർണി

 

കോവിഡ്19 സമയത്തോ അതിന് മുൻപോ കമ്പനിക്കെതിരെ കേസുകൾ വരാൻ സാധ്യതയുണ്ട്, ഇനിയും ഇവിടെ നിൽക്കുന്നത് റിസ്ക്കാണ് എന്ന് പറഞ്ഞ് യുഎഇയിൽ നിന്ന് പോയവർ ഒട്ടേറെ. അതിൽ, വലിയ ബിസിനസ് നടത്തിയിരുന്നവർ തങ്ങളുടെ കമ്പനി ഉപേക്ഷിച്ച് അന്യ രാജ്യങ്ങളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്. അവർക്കും കമ്പനി നിയമപരമായി ക്ലോസ് ചെയ്ത് യുഎഇയിലേയ്ക്ക് തിരിച്ചുവരാവുന്നതാണ്. ഇവർ ഏതു രാജ്യത്താണെങ്കിലും യുഎഇയിൽ പവർ ഓഫ് അറ്റോർണി ഉണ്ടാക്കാനുള്ള നിയമം ഉണ്ട്. ഓൺലൈനിൽ അത് സാധ്യവുമാണ്. അങ്ങനെ പവർ ഓഫ് അറ്റോണി ഉണ്ടാക്കിയിട്ട് അവരുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് ഏതു തരം കേസാണെങ്കിൽ വാണ്ടഡ് റിമൂവ് ചെയ്ത് തിരികെ യുഎഇലേയ്ക്ക് പ്രവേശിക്കാനും പിന്നെ സാവകാശം പേമെന്റ് അടച്ച് തീർക്കാനും സാധിക്കുന്നതാണ്.

 

 

∙ കേസുണ്ട്; അങ്ങോട്ട് വന്നാൽ പൊലീസ് പിടിക്കുമോ?

 

ഇതുസംബന്ധമായ പല കോളുകളും തനിക്ക് വരാറുണ്ടെന്ന് അഡ്വ.പ്രീത പറയുന്നു. കേസുണ്ട്, എന്നാൽ അങ്ങോട്ട് വന്നാൽ പൊലീസ് പിടിക്കുമോ? പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥിതിഗതികള്‍ പരിശോധിച്ച് അറസ്റ്റ് വാണ്ടഡ് മാറ്റിയാൽ നിങ്ങളെ എയർപോട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നതല്ല. ഇനി നിങ്ങൾക്ക് തിരിച്ച് പോകണമെങ്കിൽ ഈ കേസ് ക്ലിയർ ചെയ്തിട്ടേ പോകാൻ സാധിക്കുകയുള്ളൂ. അല്ലാതെ നിങ്ങളെ എയർപോർട്ടിൽ നിന്ന് നേരെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതല്ല.

 

പല ആൾക്കാരും ചെറിയ കാരണത്താൽ വളരെ കുറഞ്ഞ തുകയുടെ(5,000 മുതൽ 20,000 ദിർഹം വരെ) സിവിൽ കേസ് വരുമെന്ന് പേടിച്ചിട്ട് നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാറില്ല. നാട്ടിലും ജോലിയില്ലാതെ, ഇവിടെ ജോലി ലഭിച്ചാലും പേടി കാരണം വരാതെ നിൽക്കുന്നവർക്കും എല്ലാത്തിനും ശാശ്വത പരിഹാരമുണ്ട്. യുഎഇയിൽ ഉള്ളവരും ഇവിടേയ്ക്ക് തിരിച്ച് വരുന്നവരും തങ്ങളുടെ പേരിൽ കേസ് ഉണ്ട് എന്ന് സംശയമുണ്ടെങ്കിൽ ലീഗൽ സ്ഥാപനത്തെ ബന്ധപ്പെട്ട് അവരുടെ ഉപദേശപ്രകാരം മാത്രം യാത്ര ചെയ്യുക. അല്ലെങ്കിൽ പെട്ടെന്ന് ജയിലലടയ്ക്കപ്പെടുന്ന വിധം പ്രശ്നങ്ങളിൽപ്പെടുന്നതായിരിക്കും.

 

ഏതെങ്കലും കമ്പനിയോ വ്യക്തിയോ തരാനുള്ള പണം തരാതെ കബളിപ്പിക്കുന്നുണ്ടെങ്കിൽ, അവർ ചെക്കിന് പകരം  എൽപിഒയോ എഗ്രിമെന്റോ തന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആ പേയ്മെന്റ് സിവിൽ നിയമപ്രകാരം വാങ്ങി എടുക്കാവുന്നതാണ്. ചെക്കില്ലാത്തതിന്റെ പേരിൽ ഡയറക്ട് എക്സിക്യൂഷൻ പോസിബിൾ അല്ല. പക്ഷേ സിവിൽ കേസ് കൊടുത്ത് ആ തുക വാങ്ങാവുന്നതാണ്. ട്രാവൽ ബാനും അറസ്റ്റ് വാറണ്ടും പോപ്പർട്ടി അറ്റാച്ച്മെന്റും ഇതിൻ്റെ കൂടെ സാധ്യമാണ്.

 

 

ഒന്നോർക്കുക, കേസ് ചുമത്തപ്പെട്ടാൽ അത് നിയമപരമായി കൈകാര്യം ചെയ്യാൻ ഇവിടെ ലീഗൽ ഫേമുകളുണ്ട്. അവരത് ചെയ്ത് തരുന്നതായിരിക്കും. അല്ലാതെ പരിചിതരായ ആളുകൾ, മുൻപ് ജയിൽശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരോട് അഭിപ്രായം ചോദിച്ച് അവരുടെ മാർഗനിർദേശങ്ങൾ കേട്ട്  നീങ്ങി കുഴിയിൽച്ചാടാതിരിക്കുക.. ഫോൺ:+971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്)

 

 

 

English Summary: From now on, bouncing a check in the UAE will be a civil case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com