ADVERTISEMENT

ദുബായ്∙ ഓർമയില്ലേ, ദുബായും ബുർജ് ഖലീഫയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുവൈത്തി ബാലൻ ബദറിനെ? കുവൈത്തിലെ ചാനൽ റിപ്പോപോർട്ടറോട് എനിക്ക് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയോട്, വാ മകനേ, കുടുംബത്തോടൊപ്പം വന്ന് എല്ലാം ആസ്വദിച്ച് പോകൂ എന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞിരുന്നു. 

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടൊപ്പം ബദറും സഹോദരനും (സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം)
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടൊപ്പം ബദറും സഹോദരനും (സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം)

 

 

ആ കുട്ടി ഒടുവിൽ പ്രിയപ്പെട്ട സ്വപ്നരാജ്യത്തെത്തിയപ്പോൾ ലഭിച്ചത് ഊഷ്മള സ്വീകരണം. കുടുംബത്തോടൊപ്പം എത്തിയ ബദറിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ.

 

ദുബായോടുള്ള ആരാധന പ്രകടിപ്പിക്കുന്ന ബദറിന്‍റെ വിഡിയോ ഇക്കഴിഞ്ഞ ജൂലൈയിൽ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് കുട്ടിയെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ ക്ഷണിക്കുകയായിരുന്നു. ബുർജ് ഖലീഫയും ദുബായിലെ മനോഹരമായ സ്ഥലങ്ങളും കാണാൻ താൻ അവനെയും കുടുംബത്തെയും ക്ഷണിക്കുന്നുവെന്ന് കുട്ടി ബദറിനെ അറിയുന്നവർ അവനോട് പറയണമെന്ന് ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പറഞ്ഞു.  പിതാവിനൊപ്പം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ബദറിനോട് ചോദിച്ചപ്പോഴായിരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ബദർ മറുപടി നൽകിയത്. അതേസമയം, ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതിന് സമൂഹമാധ്യമ ഉപയോക്താക്കൾ ഷെയ്ഖ് ഹംദാനെ പ്രശംസിക്കുകയും ചെയ്തിരുന്നു. 

Read also: ചെക്ക് മടങ്ങിയാൽ യുഎഇയിൽ സിവിൽ കേസ്; പ്രവാസികൾ അറിയേണ്ട നിയമവശങ്ങൾ

ഈ വാക്കാണ് കഴിഞ്ഞദിവസം പാലിക്കപ്പെട്ടത്. കുഞ്ഞുബദറിന്‍റെയും സഹോദരന്‍റെയും കൈകൾ പിടിച്ചു നിൽക്കുന്ന ഷെയ്ഖ് മുഹമ്മദിന്‍റെ പടം ആളുകളുടെ മനംകുളുർപ്പിച്ചു. ഇരുവരോടുമൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിച്ചു.

 

ദുബായ് നമ്പർ വൺ ആഗോള ലക്ഷ്യ സ്ഥാനം

 

ട്രിപാഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം നമ്പർ ആഗോള ലക്ഷ്യസ്ഥാനമായി അടുത്തിടെ ദുബായ് എമിറേറ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ലോകത്തിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ഉറപ്പിച്ചു.  വിനോദസഞ്ചാരത്തിനും ബിസിനസ്സിനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബായിയുടെ പദവി ഏകീകരിക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ദുബായ് ഇക്കണോമിക് അജണ്ട ഡി33 ന്റെ ലക്ഷ്യത്തെ ഈ അംഗീകാരം പിന്തുണയ്ക്കുന്നു.  യുകെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് കമ്പനിയായ യൂറോമോണിറ്റർ പുറത്തിറക്കിയ പുതിയ റിപോർട്ട് പ്രകാരം 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ മികച്ച 10 നഗരങ്ങളിൽ ദുബായ് എമിറേറ്റ് രണ്ടാം സ്ഥാനത്തെത്തി.  ഈ വർഷം 12 ദശലക്ഷത്തിലേറെ രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവ് സാക്ഷ്യം വഹിച്ചതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി. 

 

 

 

English Summary: Sheikh Mohammed meets boy who went viral for loving Dubai, Burj Khalifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com