ഒയാസിസ് ബാഡ്മിന്റൺ അക്കാദമി പ്രവർത്തനം ആരംഭിച്ചു
Mail This Article
മസ്‌കത്ത്∙ ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകർന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ബാഡ്മിന്റൺ കോർട്ട് ഗാലയിൽ സുൽത്താൻ ഖാബൂസ് ഗ്രാന്റ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു. ഒമാൻ റാക്കറ്റ് സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹിം മുസ്ലം അൽ ദ്രൗശിതോ ഉദ്ഘാടനം നിർവഹിച്ചു.
ആറ് കോർട്ടുകൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ളതും പരുക്കുകൾ ഏൽക്കാൻ സാധ്യതയില്ലാത്തതുമായ പ്രതലമാണ് കോർട്ടിനുള്ളത്. ഒമാനിലെ പ്രധാന നഗരങ്ങളുടെ പേരിലാണ് കോർട്ടുകൾ അറിയപ്പെടുന്നത്. അതോടൊപ്പം ജിംനേഷ്യം, സൈക്ലിംഗ്, റണ്ണിംഗ് ഉൾപ്പടെയുള്ള ഔട്ട്‌ഡോർ സ്‌പോർട്‌സ് ആക്ടിവിറ്റി, കളിക്കാർക്കുള്ള വിശ്രമ മുറി, കഫതീരിയ, ഷോവർ റൂം, സേഫ്റ്റി ലോക്കറുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഏത് പ്രായക്കാർക്കും അക്കാദമിയിൽ പ്രവേശനം ലഭിക്കുമെങ്കിലും അഞ്ച് വയസ്സ് മുതൽ പ്രായമുള്ളവർക്കാണ് വിദഗ്ധ പരിശീലനം നൽകുന്നത്. ഇന്ത്യ, ഇന്തോനേഷ്യ എന്നിവടങ്ങളിൽ നിന്നുള്ള ബാല സുബ്രമണ്യം, ആരിഫ്, റോബൻ എന്നിവരാണ് പരിശീലകർ. തങ്ങളുടെ കുട്ടികളുടെ പരിശീലനം രക്ഷിതാക്കൾക്ക് വീട്ടിലിരുന്നു തന്നെ വീക്ഷിക്കാനും വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകാനും സൗകര്യം ഒരുക്കുന്ന ലൈവ് സ്ട്രീമിംഗും ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ നാല് മുതൽ രാത്രി പന്ത്രണ്ട് മണി വരെയാണ് കോർട്ടുകൾ പ്രവർത്തിക്കുക.
ബാഡ്മിന്റണ് ആവശ്യമായ ഉപകരണങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ലഭിക്കും. ഒമാൻ കായിക മന്ത്രാലയത്തിന്റെ അനുമതോയോട് കൂടി പ്രവർത്തിക്കുന്ന ആക്കാദമിയുടെ പ്രധാന ലക്ഷ്യം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇവിടെ നിന്നും പരിശീലനം നേടുന്നവർക്ക് ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ്, ലോകകപ്പ് എന്നിവയിൽ മത്സരിക്കാൻ സജ്ജമാക്കുക എന്നതാണെന്നും അതോടപ്പം ഒമാനിൽ ബാഡ്മിന്റണ് വർധിച്ചു വരുന്ന ജനപ്രീതിയെ തുടർന്ന് കൂടുതൽ കോർട്ടുകൾ തുറക്കുക എന്നതാണെന്നും മാനേജ്‌മെന്റ് ആയ യോഗേന്ദ്ര സിംഗ് കത്യാർ (സ്ഥാപകൻ), റസാം മീത്തൽ, ജാസ്പർ പോത്തരാജു എന്നിവർ പറഞ്ഞു.
English Summary: Badminton court gala opened near the Sultan Qaboos Grand Mosque.