ലോക അക്വാറ്റിക്‌സ് ചാംപ്യൻഷിപ്: ഭാഗ്യ ചിഹ്നങ്ങളായി നഹിമും മെയ്ഫറയും
Mail This Article
ദോഹ∙ അടുത്ത വർഷം ദോഹയിൽ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാംപ്യൻഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ പുറത്തിറക്കി. ഉല്ലാസത്തോടെയുള്ള നഹിം എന്ന തിമിംഗല സ്രാവും നടക്കുകയും സംസാരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്ന മെയ്ഫറ എന്ന പവിഴപ്പുറ്റുമാണ് ഭാഗ്യ ചിഹ്‌നങ്ങൾ. 2024 ഫെബ്രുവരി 2 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ചാംപ്യൻഷിപ്പിലേക്ക് ആരാധകരെ സ്വാഗതം ചെയ്യുന്നത് നഹീമും മെയ്ഫറയുമാണ്.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗല സ്രാവുകൾ കൂടുതൽ കാണപ്പെടുന്നത് ഖത്തരി സമുദ്രത്തിലാണ്. സൗഹൃദം നിറഞ്ഞതും രസകരവുമായ കഥാപാത്രമായാണ് നഹീമിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകരിൽ കൗതുകമുണർത്തി ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുക എന്നതാണ് നഹീമിന്റെ ദൗത്യം. സമുദ്രത്തിന്റെ അടിത്തട്ടിലെ മനോഹരമായ പവിഴപ്പുറ്റുകളുടെ ചടുലതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതാണ് മെയ്ഫറ.
സമുദ്രത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരിക്കുന്നതിനൊപ്പം ലോക അക്വാറ്റിക് ചാംപ്യൻഷിപ്പിലേക്ക് വെളിച്ചം വീശുകയുമാണ് മെയ്ഫറയുടെ ചുമതല. ഖത്തറിന്റെ സമുദ്രത്തിന്റെ ആരോഗ്യത്തിന് അവിഭാജ്യമായ ഘടകങ്ങളാണ് തിമിംഗല സ്രാവുകളും പവിഴപ്പുറ്റുകളും. ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന ഓർമ്മപ്പെടുത്തലാണ് നഹീമും മെയ്ഫറയുമെന്ന് ചാംപ്യൻഷിപ്പിന്റെ ഓപ്പണിങ്-ക്ലോസിങ് സെറിമണി കമ്മിറ്റി മാർക്കറ്റിങ്-കമ്യൂണിക്കേഷൻ മേധാവി ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി വ്യക്തമാക്കി.
190 രാജ്യങ്ങളിൽ നിന്നുള്ളവർ ചാംപ്യൻഷിപ്പിനെത്തും. ആസ്പയർ ഡോം, ദോഹ തുറമുഖം, ഹമദ് അക്വാറ്റിക് സെന്റർ എന്നിങ്ങനെ 3 വേദികളാലായാണ് ചാംപ്യൻഷിപ് നടക്കുക. ഫിന ലോക ചാംപ്യൻഷിപ്, ഫിന നീന്തൽ ചാംപ്യൻഷിപ്, ഫിന മാരത്തൺ നീന്തൽ ലോക സീരീസ് ഇവന്റുകൾ എന്നിങ്ങനെ ഒട്ടേറെ ലോക അക്വാറ്റിക് ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും ലോക അക്വാറ്റിക് ചാംപ്യൻഷിപ് ഇതാദ്യമാണ്
English Summary: Nahim and Mayfara named Doha 2024 World Aquatics Championships mascots.