ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ആയ അൽ ഇത്തിഹാദ് എഫ്.സിയെ മൂന്നാം ഡിവിഷൻ ക്ലബുകളിൽ ഒന്നായി യുഎഇ ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. പ്രവാസി കളിക്കാർക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഇത്തിഹാദ് എഫ്‌സി സിഇഒ അറക്കൽ കമറുദ്ധീൻ പറഞ്ഞു. പ്രഫഷണൽ ഫസ്റ്റ് ടീം സ്ക്വാഡിനുള്ള പരിശീലനം ആരംഭിച്ചു. മികവിന്റെ അടിസ്ഥാനത്തിൽ 4 മലയാളികൾ അടക്കം 20 ഇന്ത്യക്കാരും 10 വിദേശികളും ഉൾപ്പെടെ മുപ്പതോളം കളിക്കാരെ തിരഞ്ഞെടു‌ത്തു. ഇന്ത്യൻ ദേശീയ ടീമിനായി അണ്ടർ 19 ലെവലിൽ കളിച്ചിട്ടുള്ള സലിൽ ഉസ്മാനാണ് പരിശീലകൻ.

 

കന്നി പോരാട്ടം ഇന്നലെ രാത്രി 8ന് അൽ ഇത്തിഹാദ് എഫ്‌.സി ദുബായ് സിറ്റി എഫ്.സിക്കെതിരെയായിരുന്നു. 16 ടീമുകളുള്ള ലീഗിൽ എല്ലാ ആഴ്‌ചയും ഹോം ആൻഡ് എവേ ക്രമത്തിൽ മത്സരങ്ങളുണ്ടാവും. അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റിയാണ് നിലവിൽ ഇത്തിഹാദ് എഫ്‌സി യുടെ ഹോം ഗ്രൗണ്ട്. 

 

രാജ്യാന്തര താരങ്ങളുമായുള്ള മത്സരത്തിലൂടെ യുഎഇ ഡിവിഷൻ 3 ലീഗ് കളിക്കാർക്ക് മികച്ച ഭാവി ഉറപ്പാക്കാം. ഡിവിഷൻ 2ൽ എത്തുകയാണ് നിലവിലെ ലക്ഷ്യം. വൈകാതെ ഒന്നാം ഡിവിഷനിലേക്കും. ഇന്ത്യയിലെയും രാജ്യാന്തര തലത്തിലേയും ക്ലബ്ബുകളിൽ കളിക്കാർക്ക് അവസരങ്ങൾ ലഭ്യമാക്കാനും ഇതു വഴിയൊരുക്കും.  

 

2012ൽ തുടങ്ങിയ അൽഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങി വിദേശ പരിശീലകരെയാണ് നിയമിച്ചത്. 10 വർഷം പൂർത്തിയാക്കിയ അക്കാദമി ഇന്ത്യയിലും യുഎഇയിലുമായി 10,000 പേർക്ക് പരിശീലനം നൽകിവരുന്നു. ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റ്, നീന്തൽ, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, സ്കേറ്റിങ് തുടങ്ങി വിവിധ ഇനം കായിക പരിശീലനവും അക്കാദമിയിൽ ലഭ്യം.

 

പ്രാദേശിക കളിക്കാരെ കണ്ടെത്തി മികച്ച പരിശീലനം നൽകി രാജ്യാന്തര താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കമറുദ്ദീൻ പറഞ്ഞു. മോഹൻ ബഗാൻ എഫ്.സി താരവും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹൽ അബ്ദുൽസമദ്, കഴിഞ്ഞ വർഷം സന്തോഷ്‌ ട്രോഫി ചാംപ്യന്മാരായ കർണാടകക്കു വേണ്ടി കളിച്ച ജേക്കബ് ജോൺ, സിദ്ധാർഥ് സജു തുടങ്ങി തുടങ്ങി ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്യാൻ അൽഇത്തിഹാദിനു കഴിഞ്ഞിട്ടുണ്ട്.

 

യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് ഫുട്ബോൾ കളിക്കാൻ ഒരു വേദി ഒരുക്കുക, മികച്ച പരിശീലനം നേടാൻ അവസരം നൽകുക എന്നിവയാണ് സ്വപ്നമെന്ന് കമറുദ്ദീൻ പറഞ്ഞു. പ്രതിഭകളെ തിരിച്ചറിഞ്ഞ് ഇന്ത്യൻ ദേശീയ ടീമിന് കളിക്കാരെ സമ്മാനിക്കാൻ ഇത്തിഹാദ് എഫ്.സിക്കു കഴിയുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അതുവഴി 2026ലോ അല്ലെങ്കിൽ 2030ലോ ഇന്ത്യക്കു ലോകകപ്പ് കളിക്കാനുള്ള യോഗ്യതയിൽ സുപ്രധാന പങ്കു വഹിക്കാനാകുമെന്നും പ്രത്യാശിക്കുന്നു.  ഇതോടനുബന്ധിച്ച് അൽഇത്തിഹാദ് എഫ്.സിയുടെ പുതിയ ജഴ്സിയും പുറത്തിറക്കി. 

 

വാർത്താസമ്മേളനത്തിൽ മുഖ്യ പരിശീലകൻ സലിൽ ഉസ്മാൻ, അഹ്മദ് ഖത്തബ് ഈജിപ്ത് (അസിസ്റ്റന്റ് കോച്ച്), ലവലൻസ് ഘാന (ഗോൾ കീപ്പർ കോച്ച്), സുലെ മൂസ ഘാന (ഫിറ്റ്നസ് കോച്ച്), കും കിള്ളിയൻ കാമറൂൺ (അസിസ്റ്റന്റ് കോച്ച്), മാക്കൊ ( ടീം മാനേജർ) എന്നിവരും പങ്കെടുത്തു.

 

English Summary: Al Ittihad FC, the first Indian football club in the UAE, has been recognized by the UAE Football Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com