ADVERTISEMENT

ദുബായ്∙ എമിറേറ്റിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രം കംപ്ലീഷൻ സർട്ടിഫിക്കറ്റെന്ന് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ രൂപകൽപന ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാകണം. 

ഇനി നിർമാണ പെർമിറ്റിനായി അപേക്ഷിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കണം. ഇത്തരം രൂപകൽപനയ്ക്ക് മുനിസിപ്പാലിറ്റിയുടെ വുസൂൽ മുദ്ര ചാർത്തും. നിർമാണം പൂർത്തിയായി വരുന്ന കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമല്ലെങ്കിൽ രൂപകൽപ്പനയിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിശ്ചയദാർഢ്യക്കാർക്കായി വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ആക്സസ് എബിലിറ്റി മേളയിലാണ് മുനിസിപ്പാലിറ്റിയുടെ പുതിയ പ്രഖ്യാപനം. പാർപ്പിട സമുച്ചയങ്ങൾ, ഓഫിസ് കെട്ടിടങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ ഉൾപ്പെടെ എല്ലാ നിർമിതിയിലും തടസ്സം കൂടാതെ പ്രവേശിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഭിന്നശേഷിക്കാർക്കു കഴിയണം. 

കെട്ടിടത്തിന്റെ രൂപകൽപന അവർക്കു തടസ്സമാകരുത്. ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിക്കുന്നവർക്ക് ഏറ്റവും അനുകൂല സാഹചര്യം ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിനൊപ്പം കഴിവുകളെ വളർത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും നഗരം പ്രതിജ്ഞാബദ്ധമാണ്. ദുബായ് ഗാർഡനിൽ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ ഗാർഡൻ ചെയർ, വർണാന്ധതയുള്ളവർക്ക് ദുബായുടെ നിറമുള്ള കാഴ്ചകൾ കാണാനായി തയാറാക്കിയ കണ്ണടകൾ, ഓട്ടിസം ബാധിച്ചവർക്ക് പ്രത്യേകമായി ഒരുക്കിയ ഖുറാനിക് ഗാർഡൻ, ചിൽഡ്രൻസ് സിറ്റി, പ്രധാന ബീച്ചുകളായ മംസർ പാർക്കിലും ജുമൈറയിലും ഉമ്മുൽ സുഖീമിലും ഖോൽ അൽ മംസറിലും കോർണിഷ് അൽ മംസറിലും ഭിന്നശേഷി സൗഹൃദ പ്രവേശന വഴികളും സൗകര്യങ്ങളും, കടലിൽ സുരക്ഷിതമായി ഇറങ്ങാനുള്ള സൗകര്യം എന്നിവയും ഭിന്നശേഷിക്കാർക്കായി ഒരുക്കിയിട്ടുണ്ട്. 

ബീച്ചിനു തൊട്ടു മുൻപിൽ 28 ഇടങ്ങളിൽ ഭിന്നശേഷിക്കാർക്കു മാത്രമായി പാർക്കിങ് സൗകര്യം ലഭ്യമാണ്. 16 ശുചിമുറികൾ, വീൽചെയറുകൾ, കടലിൽ നീന്താൻ ഫ്ലോട്ടിങ് ചെയറുകൾ, അപകടത്തിൽ നിന്നു രക്ഷിക്കാൻ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ എന്നിവരും ഭിന്നശേഷിക്കാർക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിനായി ഹാപ്പിനെസ് വെഹിക്കിളും ലഭ്യമാണ്. സർക്കാർ സേവനങ്ങൾ ഭിന്നശേഷിക്കാർക്കു വീട്ടിലെത്തിച്ചു നൽകുന്നതാണ് ഹാപ്പിനെസ് വെഹിക്കിൾ. സമൂഹത്തിന്റെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഭിന്നശേഷിക്കാരെയും പങ്കാളികളാക്കുകയാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം. 

English Summary:

Dubai Municipality announced a special wosool seal for building permits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com