ഗാസ സംഘർഷം കുറയ്ക്കാൻ അമീർ– ബ്ലിങ്കൻ കൂടിക്കാഴ്ച
Mail This Article
ദോഹ∙പലസ്തീൻ സ്ഥിതിഗതികൾ ചർച്ച ചെയ്ത് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും. ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായി ലുസെയ്ൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പലസ്തീനിലെ സ്ഥിതി ഗതികളും ജനങ്ങളുടെ അരക്ഷിത സാഹചര്യങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
സംഘർഷത്തിന്റെ തീവ്രത കുറയ്ക്കുക, സഹായത്തിനും മാനുഷിക ശ്രമങ്ങൾക്കുമായി ഗസയിൽ സുരക്ഷിത ഇടനാഴികൾ തുറക്കുക, സംഘർഷം പ്രാദേശികമായി വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളുടെ പ്രാധാന്യമാണ് അമീർ ചൂണ്ടിക്കാട്ടിയത്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള അക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നുവെന്നും അമീർ വ്യക്തമാക്കി. അമേരിക്കയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ചർച്ചയായി. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയും പങ്കെടുത്തു.