ADVERTISEMENT

ദുബായ്∙ പൊതുഗതാഗത രംഗത്ത് നിന്നു നോൾ കാർഡ് വൈകാതെ അപ്രത്യക്ഷമാകും. സമീപ ഭാവിയിൽ ഒരു നോട്ടം കൊണ്ട് ഏതു ടാക്സി ബില്ലും അടയ്ക്കാൻ കഴിയുന്ന സംവിധാനത്തിനു ദുബായ് ആർടിഎ രൂപം നൽകുന്നു. മെട്രോ, ട്രാം, ബസ്, ടാക്സി, മറീൻ ട്രാൻസ്പോർട്ട് എന്നിവയിൽ യാത്ര ചെയ്യുന്നവരുടെ ഒരു ‘നോട്ട’ത്തിൽ തുറക്കുന്ന സ്മാർട്ട് ഗേറ്റുകളാണ് അവതരിപ്പിക്കുന്നത്.  വിമാനത്താവളത്തിലേതിന് സമാനമായ സ്മാർട് ഗേറ്റുകൾ യാത്രികരുടെ മുഖം തിരിച്ചറിഞ്ഞ് യാത്രാ സൗകര്യം ഒരുക്കും. ഇതിനായി ആദ്യം ആർടിഎയിൽ റജിസ്റ്റർ ചെയ്യണം. 

3ഡി ക്യാമറ സംവിധാനത്തിലൂടെ യാത്രികനെ തിരിച്ചറിയുന്ന സ്മാർട് ഗേറ്റ് വണ്ടിക്കൂലി യാത്രക്കാരന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് എടുക്കും. ഇന്നു മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് സാങ്കേതിക പ്രദർശനത്തിലാണ് ഭാവിയിലെ പരിഷ്കാരങ്ങളെക്കുറിച്ച് ആർടിഎ വിവരിക്കുന്നത്.

അബ്രകൾ പ്രിന്റ് ചെയ്തെടുക്കാം
3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ച അബ്രകൾ ആർടിഎ സ്റ്റാളിൽ സന്ദർശിക്കാം. 20 പേർക്ക് സഞ്ചരിക്കാവുന്ന അബ്രയാണ് പ്രിന്റ് ചെയ്ത് എടുത്തത്. പരമ്പരാഗത രൂപമാണെങ്കിലും ആധുനിക സൗകര്യങ്ങളോടെയാണ് അബ്ര നിർമിച്ചിരിക്കുന്നത്. പൂർണമായും വൈദ്യുതിയിലാകും അബ്ര ഓടുക. 

അടുത്ത ആഴ്ച ഒഴിവുള്ള പാർക്കിങ് ഇന്നറിയാം
പാർക്കിങ്ങിനു ലഭ്യമായ സ്ഥലം തിരഞ്ഞു നടക്കുന്നത് ഒഴിവാക്കാൻ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ട്രാക്കിങ് സംവിധാനവും ആർടിഎ ഇറക്കും. വണ്ടി പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്ര ഒഴിവുണ്ടെന്ന് കണ്ടെത്താനാകും. ഏകദേശം 25 ലക്ഷം പാർക്കിങ് മേഖലകളിലെ അടുത്ത രണ്ടാഴ്ചത്തെ പാർക്കിങ് സാധ്യതകൾ മുൻകൂട്ടി അറിയാനും ഇതുവഴി സാധിക്കും. വിവിധ ഘട്ടങ്ങളിലെ പാർക്കിങ് വിശദാംശങ്ങൾ വിശകലനം ചെയ്താണ് പാർക്കിങ് സാധ്യത പ്രവചിക്കുക. വരും ദിവസങ്ങളിലെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും പാർക്കിങ് ലോട്ടുകൾ ബുക്ക് ചെയ്യാനും ഇതുവഴി സാധിക്കും.

വാഹനം വിൽക്കാൻ ആപ് 
യുഎഇ പാസ് ഉപയോഗിച്ച് വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യയും പ്രദർശനത്തിൽ അവതരിപ്പിക്കും. ഇതിനായി ദുബായ് ഡ്രൈവ് ആപ് പുറത്തിറക്കും. ഇതിലൂടെ യുഎഇ പാസ് ഉപയോഗിച്ച് വാഹന കൈമാറ്റവും രേഖകളുടെ കൈമാറ്റവും സാധിക്കും. ഈ ആവശ്യത്തിനായി ആർടിഎ സർവീസ് സെന്റർ സന്ദർശിക്കേണ്ടതില്ല. വിൽപന കരാർ ഡിജിറ്റലായി ഒപ്പിട്ട് പ്രാവർത്തികമാക്കാം.

ജൈറ്റക്സിൽ കാണാം ഭാവികാഴ്ചകൾ
ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദർശനം ജൈറ്റക്സിന് ഇന്നു മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ലോകമെമ്പാടുമുള്ള 6000ൽ അധികം സ്ഥാപനങ്ങളാണ് േമളയിൽ പങ്കെടുക്കുന്നത്. എല്ലാം നിർമിത ബുദ്ധി (എഐ) എന്നതാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ വിഷയം. ഇത്തവണ ദുബായ് ഹാർബറിലും പ്രത്യേക പ്രദർശനം നടക്കും.

പുതിയ കണ്ടുപിടിത്തങ്ങളുമായി 1600 കമ്പനികളാണ് ദുബായ് ഹാർബറിലെ മേളയിൽ പങ്കെടുക്കുന്നത്. നാളത്തെ ലോകത്ത് നമ്മൾ എങ്ങനെ ജീവിക്കാൻ പോകുന്നു, എന്തെല്ലാം സാങ്കേതിക വിദ്യകളായിരിക്കും നമുക്ക് കൂട്ടായി ഉണ്ടാവുക എന്നതിന്റെ നേർക്കാഴ്ചയായിരിക്കും ജൈറ്റക്സിൽ ലഭിക്കുക. 180 രാജ്യങ്ങളിൽ നിന്ന് 1.8 ലക്ഷം സന്ദർശകരെയാണ് ഇത്തവണ ജൈറ്റക്സിൽ പ്രതീക്ഷിക്കുന്നത്. ദുബായ് ചേംബറിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളുടെ മേളയാണ് ദുബായ് ഹാർബറിൽ നടക്കുന്നത്.

18വരെ നടക്കുന്ന മേളയിൽ 1800 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പൊതുവേദിയായ ഇന്ത്യ സെൻട്രൽ ഉൾപ്പെടെ ഈ പരിപാടിയിലുണ്ടാകും. കേരളത്തിൽ നിന്നടക്കം 250 സർക്കാർ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകും. ജൈറ്റക്സ് ഉദ്ഘാടന ദിനമായതിനാൽ ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് ഗതാഗത കുരുക്കിനുള്ള സാധ്യതയുണ്ട്.  സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്ക് ദുബായ് മാളിലാണ് പാർക്കിങ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരിക്കും വേഗം എത്തിപ്പെടാൻ സൗകര്യം.

English Summary:

World's largest tech show Gitex begins today at the Dubai World Trade Center.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com