യാത്രക്കാർ കൂടി, സർവീസുകളും; വളർച്ചയുടെ ചിറകിൽ ഹമദ്
Mail This Article
ദോഹ∙ ഈ വർഷം മൂന്നാം പാദത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏറ്റവുമധികം പേർ യാത്ര ചെയ്തത് ഹീത്രോ, ബാങ്കോക്ക്, കൊളംബോ, കയ്റോ, മനില നഗരങ്ങളിലേക്ക്. ചൈനയിലെ ഗ്വാങ്ഹു, ഹാങ്‌സൂ, സൗദിയിലെ അൽ ഖ്വാസിം, യുകെയിലെ ഗാറ്റ് വിക്ക്, ഇന്തൊനീഷ്യയിലെ ഡെൻപസാർ ബാലി എന്നിവിടങ്ങളിലേക്കും തിരക്കേറിയതായി വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
ഈ വർഷം പുതിയ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുകയും നിർത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്തു. ഫ്രാൻസിലെ ലിയോൺ, ടൗലൂസ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചപ്പോൾ ബിർമിങാം, ചങ്ദു, ചോങ് കുങ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ 38 എയർലൈനുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. മുൻ വർഷം മൂന്നാം പാദത്തേക്കാൾ ഈ വർഷം വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ട്- 26.84 ശതമാനം.
ഈ വർഷം ഇതുവരെ യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിര വളർച്ചയാണുള്ളത്. ആദ്യ പാദത്തിൽ 44.5 ശതമാനവും രണ്ടാം പാദത്തിൽ 24 ശതമാനവുമാണ് വർധന. മൂന്നാം പാദത്തിൽ 12,706,475 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയത്. ജൂലൈയിൽ 4,30,5,391, ഓഗസ്റ്റിൽ 4,39,8,427, സെപ്റ്റംബറിൽ 4,002,657 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. മൂന്നാം പാദത്തിൽ 67,285 വിമാനങ്ങളാണ് വന്നുപോയത്. മുൻ വർഷം മൂന്നാം പാദത്തേക്കാൾ 24.48 ശതമാനമാണ് വർധന. കാർഗോ നീക്കത്തിൽ 3.38 ശതമാനമാണ് വർധന. 5,90,725 ടൺ കാർഗോയാണ് മൂന്നാം പാദത്തിൽ കൈകാര്യം ചെയ്തത്.