ADVERTISEMENT

അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നു തിരിതെളിയുമ്പോൾ വായനാപ്രേമികൾ  അറിഞ്ഞിരിക്കേണ്ട ഒരു രചയിതാവുണ്ട് അബുദാബിയിൽ. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് പുസ്തകം രചിക്കുകയും വരുമാനം തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്സ് സെന്ററിനു (ഡിഎസി) നൽകുകയും ചെയ്യുന്ന കൊച്ചി സ്വദേശി എഡ്ഗർ എഫ്. മോറിസ്. കാരുണ്യ പ്രവർത്തനങ്ങൾക്കായി 86ാം വയസ്സിലും കർമനിരതനാണ് അദ്ദേഹം  3 ക്രൈം സ്റ്റോറീസ് അടങ്ങിയ ‘അൺപ്ലാൻഡ്’ എന്ന പുസ്തകത്തിലൂടെ ലഭിച്ച 4 ലക്ഷത്തോളം രൂപ ഇതിനകം ഡിഫറന്റ് ആർട്സ് സെന്ററിനു നൽകി. ഡിഎസിക്ക് സംഭാവന ചെയ്യുന്നവർക്ക് പുസ്തകം സൗജന്യമായി നൽകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഏറ്റെടുക്കുകയായിരുന്നു.

കോവിഡ് കാലത്തെ ഏകാന്തതയാണ് പുസ്തക രചനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. എഴുത്ത് ഗൗരവമായപ്പോൾ അൺപ്ലാൻഡ് എന്ന ഇംഗ്ലിഷ് കഥാസമാഹാരം പുറത്തിറങ്ങി. കേരള തീരത്തു കടൽമാർഗം നടക്കുന്ന സ്വർണക്കടത്തിനെക്കുറിച്ചാണ് ‘സീ ഓഫ് ദ് റൈസിങ് സൺ’ എന്ന കഥ. എൻജിനീയറിങ് വിദ്യാർഥിയും 2 ബാല്യകാല സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ബാങ്ക് കവർച്ചയും മറ്റൊരു എൻജിനീയറിങ് വിദ്യാർഥി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ പ്രതികളെ കുടുക്കുന്നതുമാണ് രണ്ടാമത്തെ കഥ. ‘ഐസ് ഇൻ ദ് സ്കൈസ്’ എന്ന മൂന്നാമത്തെ കഥയിൽ പൊലീസ്, കോസ്റ്റ് ഗാർഡ്, നാവിക സേന എന്നിവയുടെ സംയുക്ത ഓപറേഷനിലൂടെ സ്വർണക്കടത്തുകാർ പിടിക്കപ്പെടുന്നതാണ് വിവരിക്കുന്നത്.

ഇതിൽ സ്വർണക്കടത്ത്, ബാങ്ക് കവർച്ച എന്നിവ സിനിമാ സാധ്യതയുള്ള ക്രൈം തില്ലറുകളാണ്. താൽപര്യമുള്ളവരോട് അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. കഥയ്ക്ക് പ്രത്യേക ഫീസ് ഈടാക്കില്ല. പകരം ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് നിർമാതാവിന് ഇഷ്ടമുള്ള ഒരു തുക സംഭാവന ചെയ്യണം. പുതുതലമുറയുടെ ആവശ്യപ്രകാരം പുസ്തകത്തിന്റെ പിഡിഎഫ് രൂപവും ലഭ്യമാക്കി. പുസ്തകരചനയ്ക്ക് ഭാര്യ വീറയുടെയും 4 മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പിന്തുണയുണ്ട്.

മെക്കാനിക്കൽ എൻജിനീയറായ എഡ്ഗർ മോറിസ് മദ്രാസ് സർക്കാരിൽ ഫാക്ടറി ഇൻസ്പെക്ടറായാണ് തുടക്കം. പിന്നീട് എച്ച്എംടിയിലും കാംകോയിലും (കേരള അഗ്രോ മെഷിനറി കോർപറേഷൻ), കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലും മാനേജിങ് ഡയറക്ടറായിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദബന്ധവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനു നൽകിയ സംഭാവനകളെ മാനിച്ച് 2019ൽ ജാപ്പനീസ് എംപറേഴ്സ് മെഡൽ ഓഫ് ഓണർ വിത്ത് ഓർഡർ ഓഫ് ദ് റൈസിങ് സൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അബുദാബിയിൽ മകൾ നന്ദിനിക്കും ഭർത്താവ് ഡോ. റേ പെരേരയ്ക്കുമൊപ്പമാണ് താമസം.

English Summary:

Edgar F. Morris attends Sharjah International Book Fair 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com