ഉസ്ബെക്കിസ്ഥാൻ: സൂഫികളുടെയും താജ് മഹലുകളുടെയും നാട്ടിലൂടെയുള്ള സഞ്ചാരപ്പുസ്തകവുമായി മുഹമ്മദ് നിസാർ
Mail This Article
ഷാർജ ∙ യാത്രകൾ മനുഷ്യനെ നവീകരിക്കുന്നു എന്നതിനാലാകാം, ലോകം ചുറ്റിസഞ്ചരിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേയ്ക്ക് സന്ദർശനത്തിനായി പോവുക എന്നത് കുറച്ചുകൂടി എളുപ്പമുള്ളതായതിനാൽ മലയാളികളടക്കം ഒട്ടേറെ പ്രവാസികൾ തങ്ങളുടെ അവധിക്കാലം ചെലവഴിക്കുന്നത് ഇത്തരം യാത്രകൾക്ക് വേണ്ടിയാണ്. പുത്തനനുഭവങ്ങൾ തേടി ഉസ്ബെക്കിസ്ഥാൻ സഞ്ചരിച്ച, അബുദാബിയിൽ ജോലി ചെയ്യുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് നിസാർ തന്റെ യാത്രാവിവരണ പുസ്തകമായ ഉസ്‌ബെക്കിസ്ഥാൻ : സൂഫികളുടെയും താജ് മഹലുകളുടെയും നാടിന് പിന്നിലെ നാൾവഴികൾ പങ്കുവയ്ക്കുന്നു:
മധ്യ ഏഷ്യൻ ചരിത്രം മലയാളികൾക്ക് അത്ര പരിചിതമായ ഒന്നല്ല, ഉസ്‌ബെക്കിസ്ഥാൻ, താജികിസ്ഥാൻ, കസാഖിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ അഞ്ചു രാജ്യങ്ങളാണ് മധ്യേഷ്യൻ രാജ്യങ്ങൾ; അവിടെനിന്നുള്ള എഴുത്തുകളോ, ആ നാടുകളെക്കുറിച്ചുള്ള എഴുത്തുകളോ നമുക്കിടയിൽ പ്രചാരത്തിൽ ഇല്ലാത്തതാണ് അതിന് പ്രധാന കാരണം. കഴിഞ്ഞ നൂറ്റാണ്ട് മധ്യേഷ്യൻ രാജ്യങ്ങൾ മുഴുവൻ സോവിയറ്റ് റഷ്യയുടെ കീഴിൽ ആയതിനാൽ അവിടെ സ്വാതന്ത്ര്യം വളരേ പരിമിതമായിരുന്നു. അവിടേക്ക് യാത്ര ചെയ്യുന്നതിന് പോലും 2016 വരെ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇസ്‌ലാമിക് ചിത്ര കലയിലും ഇസ്‌ലാമിക് വാസ്തുശിൽപകലയിലും സൂഫിസത്തിലുമുള്ള അതിയായ താൽപര്യമാണ് എന്നെ അവിടേയ്ക്ക് എത്തിക്കുന്നത്. അവിടെ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് കാരണം; ജിസിസി താമസ വീസയുള്ളവർക്ക് അവിടേക്ക് പ്രവേശിക്കാൻ വീസയുടെ ആവശ്യം പോലുമില്ല എന്നത് കാര്യങ്ങൾ എളുപ്പമാക്കി. വികസിത രാജ്യം അല്ലാത്തതിനാൽ ജീവിത ചെലവ് വളരെ കുറഞ്ഞ രാജ്യമാണ്. അതുകൊണ്ടുതന്നെ അത്യാവശ്യം ആഡംബരമായിത്തന്നെ നമുക്കവിടെ സഞ്ചരിക്കാം. എല്ലാ നഗരങ്ങളെയും ബന്ധപ്പെടുത്തി റെയിൽ ഗതാഗതം ഉണ്ട്, അതിൽ ബുള്ളറ്റ് ട്രെയിൻ പോലുമുണ്ടെന്നത് ആശ്ചര്യകരമായിരുന്നു.
മധ്യകാലഘട്ടത്തിൽ വൈജ്ഞാനികപരമായും മതപരമായും കലാപരമായും ലോകത്തെ ഏറ്റവും മികച്ചുനിന്നിരുന്ന ഒരു ജനതായായിരുന്നു മധ്യേഷ്യക്കാർ, യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന സിൽക്ക് റോഡിൽ ഇരു ഭൂഖണ്ഡത്തിന്റെയും വ്യാപാരത്തിലെ സംഗമ സ്ഥലം ഉസ്ബെക്കിസ്ഥാനിലെ പ്രധാന പട്ടണങ്ങളായ ബുഖാറയും സമർഖന്തും ആയതിനാൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു പ്രദേശം മുഴുവനും. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചെങ്കിസ്ഖാന്റെ വരവോടെയാണ് അവിടം തകർന്നു തരിപ്പണമായത്, പിന്നീട് പതിനാലാം നൂറ്റാണ്ടിൽ പശ്ചിമേഷ്യയും മധ്യേഷ്യയുമടക്കം ഇന്ത്യയിൽ ഡൽഹിവരെ അടക്കിവാണ തൈമൂർ ഭരണത്തോടെ ഉസ്‌ബെക്കിസ്ഥാൻ സുവർണ കാലഘട്ടത്തിലേക്ക് വീണ്ടും ഓടിക്കയറുകയായിരുന്നു. തൈമൂറിന് ശേഷം സാമ്രാജ്യം ക്ഷയിക്കുകയും ശേഷം പ്രതാപം കുറഞ്ഞു വന്നു. റഷ്യൻ സാമ്രാജ്യത്തിൻറെ വരവോടെ മധ്യേഷ്യ തീർത്തും അടിച്ചമർത്തപ്പെടുകയും പുറത്തേക്കുള്ള വാതിലുകൾ അടയപ്പെടുകയും ചെയ്‌തു. ഈ കാലയളവിൽ അവിടെയുള്ള ജനങ്ങൾക്ക് സ്വതം പോലും ഉപേക്ഷിച്ച് ജീവിക്കേണ്ടി വന്നു. തൊണ്ണൂറുകളിൽ സോവിയറ്റിന്റെ തകർച്ചയോടെ സ്വാതന്ത്ര്യം ലഭിച്ച ശേഷം പഴയ പ്രതാപം വീണ്ടെടുക്കുവാൻ ദ്രുതഗതിയിൽ ഇന്ന് മുന്നേറികൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഈ വിവിധ കാലഘട്ടങ്ങളിലൂടെയൊക്കെയും പുസ്‌തകം സഞ്ചരിക്കുന്നു.
ഇന്ന് എളുപ്പത്തിൽ നമുക്കവിടെ പോകാം കാഴ്ചകളൊക്കെയും കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ ഇസ്‌ലാമിക ലോകത്ത് വികസിച്ചുവന്ന ഇസ്‌ലാമിക് ആർകിടെക്ച്ചറിന്റെ വിസ്‌മയ നിർമിതികളാൽ സമ്പന്നമാണ് ഉസ്‌ബെക്കിസ്ഥാൻ, തൈമൂർ സാമ്രാജ്യ കാലഘട്ടത്തിലെ നിർമ്മിതികൾ തെല്ലൊന്നുമല്ല നമ്മെ അത്ഭുതപ്പെടുത്തുന്നത്. കാലിഗ്രഫിയുടെയും സൂഫിസത്തിൻറെയും തനിമയാർന്ന ശേഷിപ്പുകളാണ് രാജ്യത്ത് മുഴുവൻ. അതോടൊപ്പം നമുക്ക് പരിചിതമല്ലാത്ത മധ്യേഷ്യൻ ജീവിത രീതികളുമൊക്കെ കർട്ടൻ മാറി നമുക്ക് മുന്നിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. ഓരോ നിർമ്മിതികളുടെയും സമഗ്രമായ വിവരങ്ങൾ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നു.
താജ്‌മഹലും റെഡ് ഫോർട്ടും ഫത്തേപ്പൂർ സിക്രിയുമൊക്കെ പോലെ എല്ലാ മുഗൾ നിർമ്മിതികളും യഥാർഥത്തിൽ ഉസ്ബെക്കിസ്ഥാനില്‍ നിന്ന് വന്നതാണെന്ന് പലർക്കുമറിയില്ല, പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ അവിടെ നിർമിച്ച നിർമ്മിതികളുടെ അതേ മാതൃക തന്നെയാണ് പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിർമ്മികകപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലേയ്ക്ക് വന്ന ആദ്യ മുഗൾ ചക്രവർത്തി ബാബറിൻറെ സ്വദേശം ഉസ്ബെക്കിസ്ഥാനിലാണ്. തൈമൂറിൻറെ പിൻതലമുറക്കാർ തന്നെയാണ് മുഗൾ രാജാക്കന്മാരും.
ഇസ്‌ലാം ഉൽഭവിച്ചത് അറേബ്യയിൽ ആണെങ്കിലും പ്രവാചകനും ആദ്യ ഖലീഫമാർക്കും ശേഷം ലോകം മുഴുവൻ വ്യാപിച്ചത് വിശ്വാസ യോഗ്യമായ ഗ്രന്ഥങ്ങളിലൂടെയും അവയെ പ്രബോധനം നടത്തിയ സൂഫിസ്റ്റ് ആചാര്യന്മാരിലൂടെയുമാണ്, ഇന്ത്യയിൽ വ്യാപകമായത് അജ്‌മീർ സൂഫിയുടെ വരവിലൂടെയാണല്ലോ. ഇത്തരം ഗ്രന്ഥങ്ങളുടെയും സൂഫിസത്തിൻറെ പ്രധാന ഉൽഭവ കേന്ദ്രവും ഉസ്ബെക്കിസ്ഥാനുമുള്‍പ്പെടുന്ന മധ്യേഷ്യയാണ്. ഇസ്‌ലാമിക വൈജ്ഞാനിക മേഘലയിൽ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്ന ഗ്രന്ധങ്ങളൊക്കെയും എഴുതിയത് മധ്യേഷ്യയിൽ നിന്നുള്ളവരാണ്, ഇസ്‌ലാമിക കർമശാസ്ത്രത്തിലെ പ്രമുഖമായ ആദ്യ ആറ് ഗ്രന്ഥങ്ങൾ എഴുതിയവരിൽ ഒരു അറബ്യാക്കാരൻ പോലുമില്ല എന്നതിൽ നിന്നും അത് മനസ്സിലാകുമല്ലോ. സൂഫീ പഠന പരിശീലന കേന്ദ്രങ്ങൾ കാണുവാൻ ഇന്ന് ലോകത്ത് ഉസ്ബെക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യം ഉണ്ടെന്നുതന്നെ തോന്നുന്നില്ല. പുസ്‌തകത്തിന്റെ ആദ്യഭാഗം മുഖ്യമായും കൈകാര്യം ചെയ്യുന്നത് നമുക്ക് പരിചിതമല്ലാത്ത ഈ ചരിത്ര സത്യങ്ങളെയാണ്.
സമർഖന്ത്, ബുഖാറ, താഷ്കെന്റ്, ഖീവ എന്നീ നാല് പ്രദേശങ്ങളാണ് ഉസ്ബെക്കിസ്ഥാനിൽ പ്രധാനമായും സഞ്ചാരികളുടെ ലിസ്റ്റിലുണ്ടാവുക. തൈമൂർ ചക്രവർത്തിയുടെ സാമ്രാജ്യ തലസ്ഥാനമായ സമർഖന്തും ശൈബാനിദ് സാമ്രാജ്യ കാലത്ത് ലോകപ്രശസ്തിയിലേക്ക് ഉയർന്ന വൈജ്ഞാനിക സിരാകേന്ദ്രമായ ബുഖാറയും ഖവാരിസ്മി സാമ്രാജ്യത്തിൻറെ പ്രൗഢിയുടെ കേന്ദ്രബിന്തുവായ ഖീവയും സോവിയറ്റ് യൂണിയൻ പുനരുദ്ധീകരിച്ച തലസ്ഥാന നഗരിയായ താഷ്കെന്റും മറ്റെങ്ങും ലഭിക്കാത്ത കാഴ്ച്ചയുടെ ഒരു മായിക ലോകമാണ് തുറന്നിട്ടിരിക്കുന്നത്. "അലാവുദ്ദീനിലെയോ" "ആയിരത്തൊന്ന് രാവുകളിലെയോ" തെരുവുകളിലൂടെ സഞ്ചരിക്കുന്നത് പോലെയുള്ള അനുഭവമാണ് ഈ പൈതൃക നഗരങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. ഈ പ്രദേശങ്ങളിലൊക്കെയുമുള്ള കണ്ടിരിക്കേണ്ട ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളിലൂടെയൊക്കെ പുസ്‌തകം സഞ്ചരിക്കുന്നുണ്ട്.
ഉസ്ബെക്കിസ്ഥാനിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും ഇത്തരം വിസ്‌മയകരമായ ചരിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയുമൊക്കെ കടന്നുപോകേണ്ടിവരും, അതിലേക്ക് ഉൾകാഴ്ച ലഭിക്കാൻ ഈ പുസ്തകത്തിലെ വിവരണത്തിലൂടെ ശ്രമിക്കുന്നു. കാണുന്ന കാഴ്ചകളുടെ ചരിത്ര പാശ്ചാത്തലവും ചരിത്രത്തിലെ അവയ്ക്കുള്ള സ്ഥാനവും ആധുനിക കാലഘട്ടത്തിൽ അവയ്ക്കുള്ള പ്രാധാന്യവുമൊക്കെ ഈ ശ്രമത്തിലൂടെ ലഭിക്കുമെന്ന് കരുതാം. മധ്യേഷ്യയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ചരിത്രത്തിലൂടെ കാഴ്ചകളെ വിശദീകരിക്കുന്ന യാത്രാവിവരണമാണ് "ഉസ്‌ബെക്കിസ്ഥാൻ : സൂഫികളുടെയും താജ് മഹലുകളുടെയും നാട്" എന്ന പുസ്‌തകം. പുസ്തകത്തിൻറെ ആദ്യപകുതി ഉസ്ബെക്കിസ്ഥാനുമായി ബന്ധപ്പെട്ട ചരിത്രവും വർത്തമാന കാലവിശേഷങ്ങളും ഉസ്ബെകിന്റ പ്രാധാന്യവും ഇസ്‌ലാമിക് ചിത്ര കലകളുടെയും വാസ്തുശിൽപകലയുടെയും വികാസങ്ങൾ വിശദീകരിച്ച് നൽകുന്ന ഭാഗവും രണ്ടാം പകുതി രാജ്യത്തെ നാല് നഗരങ്ങളിലുമുള്ള എല്ലാ പ്രധാന നിർമിതിയിൽകൂടിയുമുള്ള സഞ്ചാരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇൗ മാസം 4ന് രാവിലെ 11 ന് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം.