ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ വീസാ നിയമങ്ങളില്‍ വന്ന മാറ്റം വിദേശികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വീസയിലേക്ക് മാറുന്നതിനുള്ള സംവിധാനം എടുത്തുകളഞ്ഞതോടെ, വീസാ മാറ്റത്തിന് ഇനി ഉയര്‍ന്ന തുക ചെലവഴിക്കേണ്ടിവരും. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്നവര്‍ ഇനി രാജ്യം വിട്ട് മടങ്ങിവരേണ്ടിവരും.

ഒക്‌ടോബര്‍ 30നാണ് ഒമാനില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ 31ന് ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. വിദേശികള്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്ന സംവിധാനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നേരത്തെ 50 റിയാല്‍ നല്‍കി രാജ്യത്ത് നിന്നു തന്നെ വിസ മാറാന്‍ സാധിച്ചിരുന്നു. ഇനി അങ്ങിനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് ആര്‍ഒപി അറിയിച്ചു.

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സംവിധാനമാണ് അധികൃതര്‍ പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ യുഎ ഇയിലേക്കോ സ്വന്തം നാടുകളിലേക്കോ മടങ്ങിയാണ് സ്ഥിരം വിസയിലേക്ക് മാറിയിരുന്നത്. പിന്നീട്, നടപടി എളുപ്പമാക്കി രാജ്യത്ത് നിന്ന് തന്നെ വീസ മാറാന്‍ അധികൃതര്‍ സൗകര്യമൊരുക്കുകയായിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

അതേസമയം, ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വിസ അനുവദിക്കിക്കുന്നതും ഒമാൻ താത്കാലികമായി നിര്‍ത്തിവെച്ചു. ഒക്‌ടോബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. ഒമാനില്‍ ഏറ്റവും കൂടുതൽ പ്രവാസികള്‍ ഉള്ളത് ബംഗ്ലാദേശില്‍ നിന്നാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

English Summary:

Oman New Visa Rules: Oman changes Tourist Visa Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com