കുവൈത്തിലെ നഴ്സോർമകൾ പുസ്തകമാക്കി മഞ്ജു ഏലിയാസ് ഷാർജയിൽ
Mail This Article
ഷാർജ ∙ ഗൾഫ് പ്രവാസം ഉപേക്ഷിച്ച് നാട്ടിൽ ചെന്നാലും ഇൗ മണലാരണ്യ നാടുകളും ഷാർജ രാജ്യാന്തര പുസ്തകമേളയും മനസിൽ നിന്ന് വിട്ടുപോകാൻ പാടാണ്. അതാണ് ഇൗ നാടിന്റെ സവിശേഷതകളിലൊന്നായി പ്രവാസികൾ കണക്കാക്കുന്നു. നേരത്തെ കുവൈത്തിൽ നഴ്സായിരുന്ന കണ്ണൂർ സ്വദേശിനി മഞ്ജു ഏലിയാസ് തന്റെ സിറിഞ്ചിൻ തുമ്പിലെ ഒാർമകൾ എന്ന ഒാർമക്കുറിപ്പുകളുടെ സമാഹാരവുമായി എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയിരിക്കുന്നു. തന്നെയും പുസ്തകത്തെയും പരിചയപ്പെടുത്തുകയാണ് എഴുത്തുകാരി:
ഞാൻ ഒരു നേഴ്സ് ആണ്. കണ്ണൂരിൽ ആണ് വീട് ഇപ്പോൾ നാട്ടിൽ തന്നെയാണ് ജോലി നോക്കുന്നത്. കുറച്ചു കാലം കുവൈത്തിൽ ജോലി ചെയ്തിരുന്നു. ആ ഓർമകൾ പങ്കു വച്ചുകൊണ്ടുള്ള ഓർമക്കുറിപ്പുകളാണ് മാസികയിൽ ആദ്യമായി പ്രകാശിതമായത്. മികച്ച പ്രതികരണങ്ങൾ എന്റെ എഴുത്തിനു ഉണവ് നൽകി. അത് 'സിറിഞ്ചിൻ തുമ്പിലെ ഓർമത്തുള്ളികൾ' എന്ന പേരിൽ എന്റെ ആദ്യ പുസ്തകമായി കൈരളി ബുക്സിൽ നിന്ന് പുറത്തിറങ്ങുകയാണ്. ഇൗ മാസം 9ന് വൈകിട്ട് 4:30ന് ആണ് പ്രകാശനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പല ഭാഷകളിൽ ഉള്ള പുസ്തകങ്ങളും എഴുത്തുകാരെ കൊണ്ടും സമ്പന്നമായ ഷാർജ രാജ്യാന്തര പുസ്തക മേളയിൽപുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. ഇതൊരു വലിയ അവസരവും ഭാഗ്യവുമായി കാണുന്നു.
ഈ പുസ്തകത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഭാവനയുടെ ചിറകിലേറി എഴുതപ്പെട്ട ഒരു നോവലോ കഥയോ അല്ലിത്. എന്റെ ജീവിതത്തിലെ, പ്രതേകിച്ച് നഴ്സിങ് ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് നിങ്ങളോട് പറയാൻ ശ്രമിക്കുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും സാഹചര്യങ്ങളും എന്റെ നേഴ്സിങ് ജീവിതത്തിലെ പലയിടങ്ങളിലായി പല സാഹചര്യങ്ങളിൽ വന്നു പോയതാണ്. ഇതൊക്കെ എന്റെ ജീവിതത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല ഏതൊരു നേഴ്സിന്റേയും ജീവിതത്തിൽ വന്നു പോകുന്ന അനുഭവങ്ങൾ ആകാം.