കവിതയും കുഞ്ഞുവരകളുമായി നിസാ ബഷീറിന്‍റെ 'ഞാൻ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
Mail This Article
ഷാർജ∙ ദുബായിൽ പ്രവാസിയായ നിസാ ബഷീറിന്‍റെ ഞാൻ എന്ന കവിതാ സമാഹാരം ഈ മാസം ആറിന് രാത്രി 9ന് ഷാർജ രാജ്യാന്തര പുസ്തകമേള ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. കവയിത്രി തന്‍റെ കവിതാ ജീവിതത്തെ പരിചയപ്പെടുത്തുന്നു:
ഞാനൊരു എഴുത്തുകാരിയോ സാഹിത്യകാരിയോ അല്ല. ചിലത് ചിലയിടങ്ങളിൽ കുറിച്ചു വയ്ക്കാറുണ്ട്. അത് കഥയാണോ, അനുഭവങ്ങൾ ആണോ എന്നറിയില്ല. കവിതയെന്നത് എന്റെ കയ്യ്ക്കോ പേനയ്ക്കോ ചേരുന്ന ഒന്നായിട്ട് തോന്നിയതുമില്ല. 14 വർഷം ഈ നാട്ടിൽ ജീവിച്ചിട്ടും ഒരിക്കൽ പോലും ഷാർജ രാജ്യാന്തര പുസ്തകമേള കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഏറെ വർഷത്തിന് ശേഷം ഈ നാട്ടിൽ തിരിച്ചെത്തിയ എനിക്ക് പുസ്തകമേള ഒന്ന് കാണുകയെന്നല്ലാതെ, അതിൽ പങ്കെടുക്കാനാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇതൊരു വലിയ ഭാഗ്യമായി കാണുകയും ചെയ്യുന്നു.
പിന്നെ ഞാനെങ്ങിനെ 'ഞാൻ' എന്ന പുസ്തകത്തിലെത്തിയത്? ഇത് സ്വയം ചോദിച്ച ചോദ്യം. നാളെ ചെയ്യാനുള്ള കാര്യങ്ങൾ മറക്കാതിരിക്കാൻ എഴുതി വച്ച് ചെയ്യുകയെന്നതിനെ തിരിച്ചു വച്ചപ്പോൾ നടന്നു കഴിഞ്ഞതിനെ ഓർമപ്പെടുത്തലുകൾക്കായി കുറിച്ചിട്ടതിൽ ചിലതുകളെ വരികളാക്കിയും ആ വരികൾക്ക് നിർഭയം കടലാസ്സിലാണെങ്കിലും ഒന്ന് നിവർന്നിരിക്കാൻ വേണ്ടി എന്റെ തന്നെ കുഞ്ഞ് വരകളും ഉൾപെടുത്തിയിട്ടുണ്ട്. വൃത്തമോ, വൃത്തിയോ, അലങ്കാരമോ എന്തിന് സാഹിത്യമോ അതിലുണ്ടാവുമെന്ന് കരുതി വായനക്കെടുക്കുന്ന വായനക്കാരന് നിരാശപ്പെടേണ്ടി വരുമെന്ന് തീർച്ചയാണ്. എന്നെ ഞാനൊന്നു തിരിഞ്ഞു നോക്കിയതുകൊണ്ട് "ഞാൻ " എന്ന പേരിനോളം മറ്റൊന്നും വേണ്ടന്നും തീരുമാനിച്ചു.
ചെറു വാക്കുകൾ വരികളാക്കി ആശയം നഷ്ടപ്പെടുത്താതെ മറ്റുള്ളവരിലേക്കെത്തിക്കാൻ ഏറ്റവും നല്ലത് കവിതയാണെന്നു തോന്നിയത് കൊണ്ടാണ് ഇതൊരു കവിതസമാഹാരമായത്. എന്നെ "ഞാൻ " ആക്കിയ എല്ലാരോടും എല്ലാത്തിനോടും നന്ദി.