ഒഎൻവിയുടെ കവിതകൾ അറബിക്കിലാക്കി യുഎഇ കവി ശിഹാബ് ഗാനെം
Mail This Article
ഷാർജ ∙ മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പിന്റെ 40 കവിതകൾ അറബിക്കിലാക്കി യുഎഇയുടെ പ്രിയ കവി ശിഹാബ് ഗാനെം. ഇന്ത്യയെയും മലയാളത്തെയും ഏറെ സ്നേഹിക്കുന്ന അദ്ദേഹം, മറ്റു പ്രശസ്ത കവികളായ ഡോ.അബ്ദുൽ ഹക്കീം അൽ സുബൈദി, ഖവാൻദാന, ഡോ.അമൽ അൽ അഹമദി എന്നിവരുമായി ചേർന്നാണ് വിവർത്തനം നിർവഹിച്ചത്. ഒഎൻവിയുടെ ‘ഭൂമിക്കൊരു ചരമഗീത’ത്തിന് കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ തയാറാക്കിയ ‘ഒ.എൻ.വി കുറുപ്പ് സെലക്ടഡ് പോയംസ്’ എന്ന ഇംഗ്ലിഷ് വിവർത്തന സമാഹാരത്തിലെ കവിതകളാണ് അറബിക്കിലേക്കു മൊഴിമാറ്റിയത്. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, ശാർങ്ഗപ്പക്ഷികൾ, കുട്ട്യേടത്തി തുടങ്ങിയ കവിതകളാണ് പുസ്തകത്തിലുള്ളത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്തു. ഷാർജ ഹെറിറ്റേജ് കേന്ദ്രത്തിൽ ഇൗ പുസ്തകം ലഭ്യമാണെന്ന് ശിഹാബ് ഗാനെം പറഞ്ഞു.
യെമനിൽ ജനിച്ച ശിഹാബ് ഗാനെം ഇന്ത്യയിൽ നിന്നാണ് എൻജിനീയറിങ് ബിരുദം നേടിയത്. അദ്ദേഹത്തിന്റെ പൂർവികർക്ക് മഹാത്മാ ഗാന്ധിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതുവഴി ഇന്ത്യയെ അറിയികയും സ്നേഹിക്കുകയും ആത്മബന്ധം വളര്‍ത്തുകയും ചെയ്തു. 2012ൽ കൊൽക്കത്ത ഏഷ്യൻ സൊസൈറ്റിയുടെ ടാഗോർ സമാധാന അവാർഡ് ഗാനെത്തിനായിരുന്നു. ഇൗ അവാർഡ് നേടുന്ന ആദ്യ അറബ് വംശജൻ കൂടിയാണിദ്ദേഹം. ചെന്നൈ വേൾഡ് പോയട്രി സൊസൈറ്റി ഇന്റർകോണ്ടിനെന്റലിന്റെ സാംസ്കാരിക–ഹ്യുമനിസം 2013 പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മലയാളത്തെയും മലയാള കവിതകളെയും ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് യുഎഇയിൽ ഒട്ടേറെ മലയാളി സുഹൃത്തുക്കളുമുണ്ട്.