ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ മെസി ആരാധകർ ഒത്തുകൂടി; മലപ്പുറം മെസി പ്രകാശനം ചെയ്തു
Mail This Article
ദുബായ്∙ ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിൽ ഇന്നലെ നിറഞ്ഞുനിന്നത് മെസി. വെറും മെസിയല്ല, കഥാകൃത്ത് സലീം അയ്യനത്ത് രചിച്ച മലപ്പുറം മെസി എന്ന കഥാസമാഹാരം. ഇതിൽ പങ്കെടുത്ത മെസി ആരാധകരടക്കമുള്ള അതിഥികളും സദസ്സിലുള്ളവരും മലപ്പറും മെസി എന്നെഴുതിയ ടി ഷേർട്ട് ധരിച്ചാണെത്തിയത്. ഇത് പുസ്തകമേളയിൽ സന്ദർശകരുടെ കൗതുകം പകർന്നു. മലപ്പുറത്തെ ഫുട്ബോൾ ആവേശം മുൻ നിർത്തി മെസി ആരാധകനായ ഒരു കുട്ടിയുടെ മനോവിചാരങ്ങളും ജീവിതവുമാണ് മലപ്പുറം മെസി എന്ന കഥയിൽ പറയുന്നത്. ഇതടക്കം 11 കഥകളാണ് പുസ്തകത്തിലുള്ളത്.
ഘാന ദേശീയ ഫുട്ബോളറും സിനിമാ നടനുമായ ബർണാഡ് അന്നർട്ടെ എബി, ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു.
എഴുത്തുകാരൻ അർഷാദ് ബത്തേരി അദ്ധ്യക്ഷനായ ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ പുസ്തകം പരിചയപ്പെടുത്തി. പ്രവാസ ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകളിൽ കാലത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉൾച്ചേർത്തതാണ് സലീമിന്റെ കഥകൾ എന്നും ബിംബങ്ങളാലും രൂപകങ്ങളാലും മനോഹരമാക്കിയ കഥകൾ വായനക്കാരെ ത്രസിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കവയിത്രി ഷീലാ പോൾ രാമച്ച, മുനവ്വർ വളാഞ്ചേരി , പി.ശിവപ്രസാദ്, പുന്നക്കൻ മുഹമ്മദാലി,രാഗേഷ് വെങ്കിലാട്ട്, റാഫി അയ്യനത്ത്, ഷക്കീംചേക്കുപ്പ, ശ്രീജ വിനീഷ് കലാമണ്ഡലം, ഉഷ ഷിനോജ് എന്നിവർ പ്രസംഗിച്ചു. സലീം അയ്യനത്ത് മറുപടി പ്രസംഗം നടത്തി. ബാഷോ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ചിരന്തന ബുക്സ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളുകളിൽ ലഭ്യമാകും.