ADVERTISEMENT

ഷാർജ ∙ ഗൾഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാൻ ഇനി പ്രത്യേകം വീസ ആവശ്യമില്ല, ഒറ്റ വീസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം. അടുത്തവർഷം മുതൽ നിലവിൽ വരുന്ന ജിസിസി വീസ എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് മസ്‌കത്തില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണു തീരുമാനമായത്. 

ബിസിനസ് രംഗം തിളങ്ങും

ഗൾഫ് രാജ്യങ്ങളിലെ വ്യവസായികൾക്കാണ് ജിസിസി വീസ ഏറ്റവമധികം പ്രയോജനകരമാകുക. ബിസിനസ് മീറ്റിങ്ങുകളും മറ്റും ഒരു രാജ്യത്ത് നടത്തുമ്പോൾ മറ്റു രാജ്യങ്ങളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാൻ ഇനി കാലതാമസം വേണ്ടിവരില്ല. എപ്പോൾ വേണമെങ്കിലും ബിസിനസ് സന്ദർശനങ്ങൾ നടത്താൻ പുതിയ വീസ സഹായകമാകും. 

dubai-marina
ഗൾഫ് രാജ്യങ്ങളിലെ വ്യവസായികൾക്കാണ് ജിസിസി വീസ ഏറ്റവമധികം പ്രയോജനകരമാകുക.

അതുപോലെ, യുഎഇയിലെ പല വ്യവസായ സ്ഥാപനങ്ങളുടെയും ശാഖകൾ ജിസിസിയിലെ വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. തങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തല്ലാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും വ്യവസായം വ്യാപിപ്പിക്കാനും ഒാഫിസുകൾ തുടങ്ങാനും ഇത് പ്രേരണയാകും. ഇതുവഴി ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാർഥികൾക്ക് ജോലി സാധ്യതയും വർധിക്കും. 

വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് നൽകും

ജിസിസി വീസ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് നൽകും. ഒരു ഗൾഫ് രാജ്യത്ത് നിന്ന് മറ്റൊരു ഗൾഫ് രാജ്യത്തേക്ക്  വിനോദസഞ്ചാരത്തിന് പോകുന്നവർ നിലവിൽ വളരെ കുറവാണ്. ഒാരോ രാജ്യത്തെയും പ്രത്യേകം സന്ദർശക വീസ എടുക്കേണ്ടതാണ് ഇതിന് പ്രധാന വിലങ്ങു തടി. ഏകീകൃത വീസ വരുന്നതോടെ ആറു രാജ്യങ്ങൾ സന്ദർശിക്കാനുള്ള അപൂർവാവസരമാണ് കൈവരിക. യുഎഇയിലേതു പോലെ സൗദി, ഒമാൻ എന്നിവിടങ്ങളിലും ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയോടൊപ്പം ഗതാഗത മേഖലയിലും ഇതുവഴി വളർച്ചയുണ്ടാകും. 

gcc-gulf-union
കോവിഡ്ന് ശേഷം യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്.

ഇന്ത്യക്കാർക്ക് ഏറെ ഗുണകരം

കോവിഡ്ന് ശേഷം യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഇവരിൽ വലിയൊരു ശതമാനവും. ഇവർക്ക് യുഎഇയിൽ  ജോലി ലഭിക്കാതിരിന്നാൽ ഇതര ഗൾഫ് രാജ്യങ്ങളിലേക്ക് ഇതേ വീസയിൽ ജോലി ആവശ്യാർഥം പോകാനും ഇനി എളുപ്പമാണ്. ഇത് തൊഴിൽ രംഗത്തും ചലനങ്ങൾ സൃഷ്ടിക്കും. 

ജിസിസി രാജ്യങ്ങളിൽ പലയിടത്തായി ജോലി ചെയ്യുകയോ ബിസിനസ് നടത്തുകയോ ചെയ്യുന്ന ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. ഇവരെ സന്ദർശിക്കാൻ ഒരു വീസ എടുത്താൽമതിയെന്നത് ഇവരുടെ കുടുംബാംഗങ്ങളെയും സന്തോഷിപ്പിക്കുന്നു.

സാമ്പത്തി ക്രമക്കേടുകൾ നടത്തി മുങ്ങിയവർ കുടുങ്ങും

ഒരു കമ്പനിയെ പറ്റിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കടന്ന് ബിസിനസോ ജോലിയോ ചെയ്യുന്നവർ  ഒട്ടേറെ പേരുണ്ട്. ഇവർക്ക് വലിയൊരു തിരിച്ചടിയാണ് വരാൻ പോകുന്നത്. ഏകീകൃത വീസ വരുമ്പോൾ ഒരു രാജ്യത്ത് നിയമപ്രശ്നമുള്ളവർക്ക് മറ്റൊരു ഗൾഫ് രാജ്യത്ത് റസിഡൻസ്, സന്ദർശക വീസകളെടുക്കാൻ സാധ്യമല്ല. മാത്രമല്ല, ഇവരെ പിടികൂടി വളരെ വേഗം നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും. 

∙ ഇന്റർപോൾ

dubai-during-sunset
യുഎഇയിൽ പണമിടപാടിൽ ക്രമക്കേടുകളോ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ട ശേഷം രാജ്യം വിട്ടുപോകുന്നവരെ ഇന്റർപോൾ വഴി മാത്രമേ തിരികെ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. Image Credits: Wirestock/Istockphoto.com

യുഎഇയിൽ പണമിടപാടിൽ ക്രമക്കേടുകളോ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ട ശേഷം രാജ്യം വിട്ടുപോകുന്നവരെ ഇന്റർപോൾ വഴി മാത്രമേ തിരികെ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളൂ. സിവിൽ കേസ് ഫയൽ ചെയ്ത ശേഷമാണ് ഇന്റർപോളിന് അപേക്ഷ നൽകാൻ സാധിക്കുക. എന്നാൽ ഇനി ഒരു ഗൾഫ് രാജ്യത്ത്  നിയമപ്രശ്നം നേരിടുന്നവർക്ക് ഇതര ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ സാധ്യമല്ല. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ക്രിമിനൽ, ,സിവിൽ കേസുകളോ, ബാങ്ക് വയ്പ, ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളോ, സർക്കാരിന് നൽകാനുള്ള പിഴയൊടുക്കാതെയോ കടന്നുകളഞ്ഞ, ഇതര ഗൾഫ് രാജ്യത്ത് താമസിക്കുന്നവർക്കും ഏകീകൃത വീസ പാരയാകും. യുഎഇയിൽ നിന്ന് മടങ്ങുമ്പോൾ  വില കൂടിയ മൊബൈൽ ഫോണുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയും ബാങ്ക് വായ്പകളെടുത്തും വണ്ടിച്ചെക്ക് നൽകിയും ഭീമൻ സംഖ്യ ബാധ്യയുണ്ടാക്കി മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്ന സംഭവങ്ങൾ ഏറെയുണ്ട്. ഇത്തരക്കാർ എത്രയും പെട്ടെന്ന് തങ്ങൾക്കെതിരെ കേസുകളോ മറ്റോ ഉണ്ടെങ്കിൽ അത് തീർക്കാനുള്ള നടപടികളിലേക്ക് കടക്കുന്നതായിരിക്കും നല്ലതെന്നും അല്ലെങ്കിൽ അവരുള്ള രാജ്യങ്ങളിൽ വീസ പുതുക്കാനോ മറ്റോ സാധ്യമല്ലെന്നും ഇവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഒാൺലൈനോട് പറഞ്ഞു.

adv-preetha
അഡ്വ.പ്രീതാ ശ്രീറാം മാധവ്

∙ഏറെ കാലമായി കാത്തിരുന്ന വീസ

ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെംഗൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു.  ജി സി സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തില്‍ തുടക്കം കുറിച്ചു. വിവരങ്ങൾക്ക്:+971 52 731 8377 (അഡ്വ.പ്രീതാ ശ്രീറാം മാധവ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com