വരൂ ലോകം പുനര്‍നിര്‍മിക്കാം വി ഡി സതീശൻ പ്രകാശനം ചെയ്തു
Mail This Article
ഷാര്‍ജ∙ ഒരേ നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമായി മാറും എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇന്ന് പി ആര്‍ എജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ പിതാവും വികസന ചിന്തകനുമായ ഡോ. സാം പിത്രോദയുടെ ‘റി ഡിസൈന്‍ ദ് വേള്‍ഡ് ’ എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ മൻസൂർ പള്ളൂർ വിവർത്തനം ചെയ്ത ‘വരൂ ലോകം പുനര്‍നിര്‍മ്മിക്കാം ’ എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം
ചില ഭരണാധികള്‍ക്കായി പി ആര്‍ എജന്‍സികള്‍ ഗീബല്‍സിന്റെ സ്ഥാനം ഏറ്റെടുക്കുന്ന കാലമാണ് ഇന്നുള്ളത്. പലസ്തീന്‍ -ഇസ്രയേല്‍ യുദ്ധത്തില്‍ ഐക്യരാഷട്ര സഭയുടെ റോള്‍ ഇല്ലാതായി. എല്ലാ ദിവസും വാർത്താ പ്രസ്താവന ഇറക്കുന്ന എജന്‍സിയായി ഐക്യരാഷ്ട്ര സഭയും മാറിയെന്നും വി, ഡി,സതീശന്‍ പറഞ്ഞു. മൂന്നാമത് ലോകക്രമം എന്നത് ഒരു ദര്‍ശനമാണ്. അതിന് നമ്മളെ ചിന്തിപ്പിക്കുന്ന കര്‍മ്മ പദ്ധതിയാണ് ഈ പുസ്തകം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഡോ. സാം പിത്രോദയെ കണ്ടെത്തിയത് കാരണമാണ് ഇന്ത്യയില്‍ ടെലികോം വിപ്ലവം ഉണ്ടായത്. ലോകത്ത് ഇന്ന് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുളള കമ്മ്യൂണിക്കേഷന്‍ സംവിധാനമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
നോര്‍ക്ക - റൂട്ട്‌സ് ഡയറക്ടറും എ ബി എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ .കെ. മേനോന്‍, ആദ്യ പുസ്തകം ഏറ്റുവാങ്ങി. സാം പിത്രോദ അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് സദസുമായി സംവദിച്ചു. മാധ്യമപ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസാധകരായ മനോരമ ബുക്സിന് വേണ്ടി സാദിഖ് കാവില്‍ നന്ദി പറഞ്ഞു.