ഉത്സവക്കാഴ്ചകൾ, ഭക്ഷണവിഭവങ്ങൾ; ആവേശം വിതറി കെഎസ്‍സി കേരളോത്സവം
Mail This Article
അബുദാബി ∙ ഗ്രാമക്കാഴ്ചകൾ തേടി അബുദാബി കേരള സോഷ്യൽ സെന്ററിലേക്ക് (കെഎസ്‍സി) പ്രവാസി മലയാളികളുടെ ഒഴുക്ക്. നാട്ടുതനിമ ഒട്ടും ചോരാതെ സംഘടിപ്പിച്ച കേരളോത്സവം മറുനാട്ടിൽ മലയാളികളുടെ സംഗമവേദിയായി മാറുകയായിരുന്നു. ഉത്സവപ്പറമ്പിലെ കാഴ്ചകൾ ആസ്വദിക്കാൻ 3 ദിവസവും അനുഭവപ്പെട്ടത് വൻ തിരക്ക്.
ഗൃഹാതുര ഓർമകളിലേക്ക് പ്രവാസിമലയാളികളെ ആനയിക്കുകയായിരുന്നു കെഎസ്‍സി. വനിതാവിഭാഗം, ശക്തി തിയേറ്റേഴ്‌സ് അബുദാബി, യുവകലാസാഹിതി, ഫ്രൻഡ്സ് എഡിഎംഎസ് എന്നിവർ ചേർന്നാണ് കേരളോത്സവത്തിലെ നാടൻ തട്ടുകടകൾ ഒരുക്കിയത്.
വിവിധ റസ്റ്ററന്റുകളുടെ ഭക്ഷണശാലയും ഉണ്ടായിരുന്നു. മെഡിക്കൽ ക്യാംപ്. മലയാളം മിഷൻ ഭാഷാപ്രചാരണം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച ഉൽപന്നങ്ങളുടെ പുനർവിപണനം, പുസ്തകമേള എന്നിവയും ഉത്സവനഗരിയെ സജീവമാക്കി. സമാപനത്തോടനുബന്ധിച്ച് നടന്ന ഭാഗ്യനറുക്കെടുപ്പിലെ മെഗാ സമ്മാനമായ കാർ ലഭിച്ചത് ഫിലിപ്പീൻസ് സ്വദേശി ഇമ്മാനുവലിനാണ്. മറ്റു 100 പേർക്കു മറ്റു സമ്മാനങ്ങളും നൽകിയിരുന്നു.