യുഎഇയുടെ 52–ാം ദേശീയ ദിനം: വർണത്തിൽ ചാലിച്ച ഭീമൻ ചിത്രാദരവുമായി മലയാളി ചിത്രകാരി
Mail This Article
ദുബായ്∙ അമ്പത്തിരണ്ടാം ദേശീയദിനമാഘോഷിക്കുന്ന യുഎഇക്ക് ഭീമൻ മ്യൂറൽ പെയിന്‍റിങ് സമർപ്പിച്ച് മലയാളി ചിത്രകാരി. യുഎഇ-യുടെ സംസ്കാരവും ചരിത്രവും ഒരൊറ്റ ക്യാൻവാസിൽ. പതിനാറര അടി നീളവും ഏഴ് അടി ഉയരവുമുള്ള വമ്പൻ ക്യാൻവാസിൽ തനി കേരള ചുമർച്ചിത്ര ശൈലിയിൽ ഒരുക്കിയത് സീമാ സുരേഷ്. കേരള മ്യൂറൽ ശൈലിയിൽ യുഎഇയുടെ ചരിത്രവും സംസ്കാരവും ഇത്രയും വലിയ ക്യാൻവാസിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.
∙ യുഎഇയുടെ മുപ്പത്തിരണ്ട് മുഖമുദ്രകൾ
രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, നിലവിലെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ഭരണകർത്താക്കൾ, ലോകത്തിലെ ഉയരമേറിയ കെട്ടിടം ബുർജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളി, ഫെരാറി വേൾഡ്, ദുബായ് ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം, പാം ജുമൈറ, അറ്റ്ലന്റിസ് ഹോട്ടൽ, മിറക്കിൾ ഗാർഡൻ പോലുള്ള വിസ്മയ മുഖമുദ്രകളാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്.
യുഎഇയുടെ ദേശീയ മൃഗമായ അറേബ്യൻ ഒറിക്സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും പതിഞ്ഞിട്ടുണ്ട്. കടലിൽ മീൻപിടിച്ച്, അടിത്തട്ടിൽ നിന്ന് മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെ ചിത്രത്തിൽ കാണാം. ഇന്നത്തെ പ്രൗഢിയിലേയ്ക്ക് യുഎഇ എന്ന രാജ്യം എങ്ങനെയെത്തി എന്നതിന്റെ ചിത്രയാത്ര കൂടിയാണ് ഈ പെയിന്റിങ്. തനി കേരളീയ ചുമർച്ചിത്ര ശൈലിയിലാണ് ചിത്രം വരച്ചതെന്ന് സീമാ സുരേഷ് പറഞ്ഞു.
ആറു മാസത്തോളം നീണ്ട അധ്വാനമായിരുന്നു ഇതിന് പിന്നിലേത്. ഏതാണ്ട് 1350 മണിക്കൂർ. ഒരു ദിവസം ശരാശരി ഏഴു മണിക്കൂർ ചിത്ര രചന. ഒറ്റയ്ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂർത്തിയാക്കുന്നതും അപൂർവ്വമാണ്. 32 ലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിയുന്ന യുഎഇയോടുള്ള ആദരം കൂടിയാണ് ഈ ചിത്രം. വർഷങ്ങൾ മനസിൽ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാൽ യാത്രാവിമാനത്തിൽ കേരളത്തിൽ നിന്ന് കൊണ്ടു വരാൻ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടുവന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗ്രേറ്റർ നേഷൻ- ബിഗ്ർ ക്യാൻവാസ് പ്രദർശിപ്പിക്കാൻ കഴിഞ്ഞതിന്റെ അടങ്ങാത്ത ആഹ്ലാദത്തിലാണ് ചിത്രകാരി. ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെട്രൾ മാളിൽ സ്ഥിതി ചെയ്യുന്ന ലുലുവിലാണ് ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്.
∙ ചുമർച്ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് വിജയം വരിച്ച ചിത്രകാരി
കേരളത്തിലെ വനിതകൾക്ക് ചുമർച്ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് ആ വഴിയിലൂടെ സഞ്ചരിച്ച ചിത്രകാരി. ഗുരുവായൂരിലെ ചിത്രകലാ വിദ്യാലയത്തിൽ വനിതകൾക്ക് പ്രവേശനമില്ലാത്തതിനാൽ മാഹിയിൽ പോയി ചുമർച്ചിത്രകല പഠിച്ചു. 20 വർഷത്തിലധികമായി കേരളത്തിൽ ചിത്രകലാ രംഗത്തും അധ്യാപന രംഗത്തും സജീവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബായിലുമായി ഇരുപതോളം ചിത്ര പ്രദർശനങ്ങൾ നടത്തി. ചിത്രരചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്കൂൾ അധ്യാപികയുടെ ജോലി രാജിവച്ചു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾ വരച്ചു. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകൾക്കായി ഷീ സ്ട്രോക്സ്, കുട്ടികൾക്കായി ലിറ്റിൽ സ്ട്രോക്സ്, ചിത്രകാരന്മാർക്കായി ഹീ സ്ട്രോക്സ് തുടങ്ങിയ ഓൺലൈൻ പ്രദർശനങ്ങൾ നടത്തി.
സീമയുടെ ചിത്രപ്രദർശനങ്ങളിൽ നടൻ മമ്മൂട്ടി, മന്ത്രി വീണ ജോർജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി കെ. കെ. ശൈലജ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നടിമാരായ ലെന, മാലാ പാർവ്വതി തുടങ്ങി ഒട്ടേർ പേർ അതിഥികളായെത്തി.
അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർ സീമയുടെ ചിത്രങ്ങൾ വാങ്ങിയിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ മിസ് യൂണിവേഴ്സ് നതാലി ഗ്ലെബോവ, ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽ ഹാസൻ, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ പ്രമുഖർക്ക് ചിത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലാണ് സീമ ജനിച്ചത്. ഇപ്പോൾ കൊച്ചിയിൽ താമസം. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആർട് ഇൻ ആർട് എന്ന പേരിൽ ആർട് ഗ്യാലറി നടത്തുന്നു. ദുബായിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. ദുബായിൽ മാധ്യമപ്രവർത്തകനായ സുരേഷ് വെള്ളിമറ്റമാണ് ഭർത്താവ്.