ADVERTISEMENT

അബുദാബി ∙ വർഷാവസാനത്തോടെ 2.2 കോടി യാത്രക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി അബുദാബി രാജ്യാന്തര വിമാനത്താവളം. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന അഞ്ചു സെക്ടറുകളിൽ കൊച്ചി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങൾ. അബുദാബിയിൽനിന്നും തിരിച്ചുമുള്ള യാത്രക്കാരുടെയും ടിക്കറ്റ് വിൽപനയുടെയും കാര്യത്തിൽ മുംബൈ ആണ് ഒന്നാമത്. കൊച്ചി, ഡൽഹി നഗരങ്ങൾ തൊട്ടുപിന്നിലുണ്ട്. ലണ്ടൻ, ദോഹ എന്നിവയാണ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ എത്തിയ മറ്റു നഗരങ്ങൾ.

വിനോദ സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അബുദാബി എയർപോർട്ട്‌സ് എംഡിയും ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. അബുദാബി ഫോർമുല 1 ഗ്രാൻഡ് പ്രി, ദുബായ് കാലാവസ്ഥ ഉച്ചകോടി (കോപ്28) തുടങ്ങി യുഎഇയിൽ നടന്നുവരുന്ന രാജ്യാന്തര പരിപാടികൾ യാത്രക്കാരുടെ എണ്ണം കൂട്ടി. 

ഡിസംബറിൽ മാത്രം 22.9 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 49% വളർച്ചയുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ദിവസേന 340 വിമാന സർവീസ് നടത്തി. ശൈത്യകാലത്ത് 410 പ്രതിദിന വിമാന സർവീസ് നടത്തുമെന്നാണ് കരുതുന്നത്. രണ്ടു സീസണുകൾക്കിടയിൽ യാത്രക്കാരുടെ എണ്ണത്തിൽ 20% വർധനയുണ്ട്. വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന പുതിയ വിമാനത്താവളം (ടെർമിനൽ എ) എത്രയും വേഗം ലക്ഷ്യം കൈവരിക്കുമെന്നും സൂചിപ്പിച്ചു.

ഒരേസമയം 79 വിമാനങ്ങളും മണിക്കൂറിൽ 11,000 യാത്രക്കാരെയും  കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടെർമിനൽ–എ  ലോകോത്തര വിമാനത്താവളങ്ങളിൽ ഒന്നാണ്. വൈകാതെ കൂടുതൽ വിമാന കമ്പനികൾ ഇവിടന്ന് സർവീസ് ആരംഭിക്കുമെന്നും സൂചിപ്പിച്ചു.

English Summary:

Abu Dhabi International Airport: increase in passenger traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com