ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ ഒക്ടോബറിൽ ദുബായിലെ ഒരു പ്രമുഖ ഹോട്ടലിൽ ഒരു മലയാളി യുവതിയുടെ ജന്മദിനാഘോഷം നടന്നു. 250 പേർ പങ്കെടുത്ത പരിപാടി. പക്ഷേ, ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികൾ. അതും, കൈയിൽ വിലകൂടിയ സമ്മാനങ്ങളുമായാണ്  അവരെത്തിയത്! നമ്മു‌ടെ അയൽ രാജ്യക്കാരുടെ മനം കവർന്ന ആ യുവതിയാണ്  ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിനി രേഷ്മ ഫ്രാൻസിസ്. ടിക് ടോക്കിലൂടെ മാത്രം പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന താരം. എന്തുകൊണ്ടാണ് പാക്കിസ്ഥാനികൾ രേഷ്മയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്? നമുക്ക് രേഷ്മയോട് തന്നെ ചോദിക്കാം.

a2∙ സോഷ്യൽ മീഡിയാ ജോക്കി
ഇതുവരെ ആരെങ്കിലും ഇങ്ങനെയൊരു പ്രയോഗം നടത്തിയിട്ടുണ്ടോ എന്നറിയില്ല, തത്കാലം രേഷ്മയെ 'സോഷ്യൽ മീഡിയാ ജോക്കി' എന്ന് വിളിക്കാം. നാട്ടിൽ റേഡിയോ ജോക്കി(ആര്‍ജെ) ആയിരുന്ന രേഷ്മ ഒൻപത് വർഷം മുൻപാണ് മികച്ച ഭാവി തേടി യുഎഇയിലെത്തിയത്. ഇവിടെ, ദുബായിലും എഫ് എമ്മിൽ ആർജെയായി. എന്നാൽ വൈകാതെ ആ റേഡിയോ നിലയം പൂട്ടേണ്ടി വന്നു. കോവിഡ്19 കാലത്ത് സമൂഹ മാധ്യമം സജീവമായ കാലത്താണ് ഈ യുവതിയും അതിൻ്റെ നീലപ്പരപ്പിൽ ഒഴുകാൻ തന്നെ തീരുമാനിച്ചത്. ടിക് ടോക്കായിരുന്നു പ്രധാന പ്ലാറ്റ് ഫോം. ഓരോ വീഡിയോക്കും ഒരു ലക്ഷത്തോളം ലൈക്സ്.  ഇൻസ്റ്റാഗ്രാമിലും സജീവമായി. ആദ്യം മറ്റു പലരേയും പോലെ പാട്ടുകൾക്കൊപ്പം ചുണ്ടനക്കിയും ചലിച്ചും നിറഞ്ഞാടിയെങ്കിലും ലൈവ് ഓപ്ഷൻ കൂടി വന്നതോടെയാണ് രേഷ്മയുടെ നല്ല കാലം തെളിഞ്ഞത്. ആളുകളുമായി മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംസാരിച്ച് തുടങ്ങിയ രേഷ്മയെ കാണാനും കേൾക്കാനും കൂടുതലുമെത്തിയത് പാക്കിസ്ഥാനികളായിരുന്നു. പതിയെപ്പതിയെ രേഷ്മ തൻ്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെ അവരുടെ ഹൃദയങ്ങളിലേയ്ക്ക് കുടിയേറി. മിക്കവരും യുഎഇയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരായിരുന്നു.

a3

ഒരു റേഡിയോ ജോക്കി ആയിരുന്നതിനാൽ ഞാൻ സംസാരപ്രിയയായിരുന്നു– രേഷ്മ മനോരമ ഓൺലൈൻനോട് മനസ്സ് തുറന്നു: അതുകൊണ്ട് തന്നെ ടിക് ടോക്കിൽ വരുന്ന സാധാരണക്കാരായ പ്രേക്ഷകരോട് അവരുടേതായ ഭാഷയിൽ സംവദിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പലരും പകൽ നേരത്തെ കഠിനമായ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിൽ എന്‍റെ സാന്ത്വന വാക്കുകൾക്ക് കാതോർത്തു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥയായ രേഷ്മ രാത്രി 9 മണി കഴിഞ്ഞാണ് ടിക് ടോക് ലൈവ് പരിപാടിയിലേയ്ക്ക് കടക്കുന്നത്. ഇത് പുലർച്ചെ 2 മണിയൊക്കെ വരെ തുടരും. രാവിലെ എണീറ്റ് ജോലിക്ക് ഫ്രഷായി തിരിക്കും. ഈ ഊർജ്ജസ്വലത എന്നും കാത്തുസൂക്ഷിക്കുന്നു. പാക്കിസ്ഥാനികളുടെ സ്നേഹം വിവരണാതീതമാണ്–ടിക് ടോക്കിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുള്ള രേഷ്മ പറയുന്നു. മറ്റു പല ഇന്ത്യക്കാരെയും പോലെ ആദ്യം പാക്കിസ്ഥാനികളെ സംശയത്തോടെയാണ് ഞാനും കണ്ടിരുന്നത്. എന്നാൽ ഇത്രമാത്രം ആളുകളെ സ്നേഹിക്കുന്ന ഒരു വിഭാഗം വേറെയുണ്ട‌ോ എന്ന് എനിക്കറിയില്ല. ഒരാളെ ഇഷ്ടപ്പെട്ടാൽ വിടാതെ പിന്തുടരുന്നവരാണവർ. സമ്മാനങ്ങൾ നൽകുക എന്നതാണ് അവരുടെ മറ്റൊരു സവിശേഷത. ഇന്ന് ആഴ്ച തോറും ചുരിദാറും ചെരിപ്പും മറ്റുമടങ്ങുന്ന വസ്തുക്കൾ അവർ സമ്മാനമായി എത്തിക്കുന്നു. നിത്യേന സന്ദേശമയക്കുന്നു. സ്നേഹവും ആദരവും പങ്കിടുന്നു.

∙ ടിക് ടോക് ഗിഫ്റ്റ് വഴിത്തിരിവായി
ടിക് ടോക് ഗെയിമും ഗിഫ്റ്റുമാണ് രേഷ്മയ്ക്ക് തുണയായത്. തത്സമയ പരിപാടിയിൽ ഗെയിം കളിക്കുമ്പോൾ ഈ യുവതിയെ തേടിയെത്തുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങൾ. ടിക് ടോക്കിലെ ഗെയിമിൽ ലഭിക്കുന്ന സമ്മാനത്തിൽ നിന്ന് ഫിഫ്റ്റി ഫിഫ്റ്റിയാണ് കരാർ. ഒരു ആസ്വാദകൻ 100 ദിർഹത്തിൻ്റെ സമ്മാനം നൽകുമ്പോൾ 50% രേഷ്മയ്ക്കും പകുതി ടിക് ടോക്കിനുമാണ്. ഇത്തരത്തിൽ എല്ലാ മാസവും വലിയൊരു സംഖ്യ ഈ യുവതിയുടെ അക്കൗണ്ടിലെത്തുന്നു. നിത്യേന നാല് മുതൽ അഞ്ച് മണിക്കൂർ വരെയുള്ള തത്സമയ പരിപാടിയിലൂടെയാണ് ഇതൊക്കെ സാധ്യമാകുന്നത്. യുഎഇയിലെ പാക്കിസ്ഥാനികളുടെ ഇടയിലെ മൂന്നാമത്തെ സോഷ്യൽമീ‍ഡിയ താരമാണ് രേഷ്മ. പത്താല, യൂസുഫ് എന്നിവരാണ് യഥാക്രമം ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. പാക്കിസ്ഥാനികളോട് ഉറുദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും മൊഴിയുമ്പോൾ മലയാളികളോട് നല്ല പച്ച മലയാളത്തിലും വച്ചുപിടിക്കുന്നു. എല്ലാവരും ഹാപ്പി, രേഷ്മയും ഹാപ്പി.

a3b ∙ ഒരിക്കൽ ഒരു ടാക്സിയിൽ കയറിയപ്പോള്‍...
ദുബായിൽ ഒരിക്കൽ ഒരു ടാക്സിയിൽ കയറിയപ്പോഴുണ്ടായ അനുഭവമാണ് രേഷ്മയ്ക്ക് പാക്കിസ്ഥാനികളേക്കുറിച്ച് അതുവരെയുണ്ടായ ധാരണ കീഴ്മേൽ മറിക്കാൻ ഇടയാക്കിയത്. ‍പാക്കിസ്ഥാനിയയിരുന്നു ടാക്സി ഡ്രേവർ എന്നറിഞ്ഞപ്പോൾ ഇത്തിരി ഭയത്തോടെയാണ് യാത്ര ചെയ്തത്. എന്നാൽ ആ ഡ്രൈവറുടെ സമീപനം അതെല്ലാം വെറും തെറ്റിദ്ധാരണയാണെന്ന തിരിച്ചറിവിന് വഴിതെളിയിച്ചു. സംസാരിച്ച് സംസാരിച്ച് പ്രവാസ ജീവിതവും കുടുംബത്തെക്കുറിച്ചും പാക്കിസ്ഥാനെക്കുറിച്ചുമെ‌ല്ലാം അയാളിൽ നിന്ന് കേട്ടപ്പോൾ ഇതൊക്കെയും തൻ്റെ നാട്ടിലെയും ജീവിതമല്ലേ എന്ന് മനസിലാക്കാൻ സാധിച്ചു. അതിൽ പിന്നെ ആരെയും മുൻവിധിയോടോ കാണേണ്ടതില്ല എന്ന പാഠം ഉൾക്കൊണ്ടു.

∙ ചെന്നൈ എക്സ്പ്രസിലെ ദീപിക
സ്കൂളിൽ രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച പരിചയമേ രേഷ്മയ്ക്കുണ്ടായിരുന്നുള്ളൂ. ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ അവസ്ഥയിലാണ് താനിന്നെന്ന് ഇവർ പറയുന്നു. മുറി ഹിന്ദി കൊണ്ട് പാക്കിസ്ഥാനികളടക്കമുള്ളവരോട് ടിക് ടോക്കിൽ സൊറ പറയുന്നു. അവരുടെ പ്രശ്നങ്ങളും ഇഷ്ടാനിഷ്ടങ്ങളും മനസിലാക്കി നല്ലൊരു സുഹൃത്തിനെ പോലെ സാന്ത്വനിപ്പിക്കുന്നു. അതായിരിക്കാം അവർക്കെല്ലാം എന്നോടുള്ള ഈ സ്നേഹത്തിന് കാരണമെന്ന് ഞാൻ കരുതുന്നു. ആരോടായാലും എളിമയോടെ സംസാരിച്ചാൽ അവരുടെ മനംകവരാൻ വേറെ വഴി തേടേണ്ടതില്ലെന്നത് പുതിയ പാഠം. സ്നേഹിച്ചാൽ പിന്നെ അതിഭയങ്കരമായി സ്നേഹിക്കുന്ന കൂട്ടരാണ് പാക്കിസ്ഥാനികൾ. നമുക്ക് വേണ്ടി എന്തും തരും. ആഴ്ച തോറും തനിക്ക് വിലകൂടിയ ചൂരിദാറും ബാഗും വാച്ചുമൊക്കെ പാർസലായി എത്തുന്നത് ഇതുകൊണ്ടാണല്ലോ. എത്ര വേണ്ടെന്ന് പറഞ്ഞാലും അതൊന്നും ചെവികൊള്ളാതെ അവർ നമ്മളെ സ്നേഹിച്ചുകൊണ്ടേയിരിക്കും. അതാണ് നമ്മുടെ അയൽക്കാർ.

∙ നന്ദി പറയാൻ ഒരവസരം
സ്വന്തം ജന്മദിനം ആഡംബരമായി ആഘോഷിക്കുക എന്നതിലുപരി തന്നെ ഇത്രമാത്രം സ്നേഹിക്കുന്നവരെ നേരിൽ കാണാനും അവർക്ക് നന്ദി പറയാനുമുള്ള അപൂർവാവസരമായാണ് ആ ദിനത്തെ രേഷ്മ കാണുന്നത്. എല്ലാവരേയും ക്ഷണിക്കുക അസാധ്യമായതുകൊണ്ട് തിരഞ്ഞെടുത്ത 250 പേർക്ക് ക്ഷണമയച്ചു. പക്ഷേ,  എല്ലാവരും എത്തിയത് രേഷ്മയെ ‌ഞെട്ടിക്കുന്ന രീതിയിൽ വിലപിടിപ്പുള്ള സമ്മാനപ്പൊതികളുമായി. അതിൽ സ്വർണ നാണയം വരെയുണ്ട്. എല്ലാം കൊണ്ടുപോകാൻ പിക്കപ്പ് വിളിക്കേണ്ടി വന്നോ എന്ന ചോദ്യത്തിന് രേഷ്മയ്ക്ക് അതുക്കും മേലെയുള്ള മറുപടിയാണ് തരാനുണ്ടായിരുന്നത്–ട്രക്ക് തന്നെ വേണ്ടി വന്നു.

English Summary:

How did the Malayali Girl in Dubai Steal the Hearts of Pakistanis? Knowing Reshma is the Answer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com