സൗദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ല; ടിക് ടോക് ബഹിഷ്‌കരണ ക്യാംപെയ്ൻ ശക്തം
Mail This Article
ജിദ്ദ∙ സൗദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സൗദിയിൽ ടിക് ടോക് ബഹിഷ്‌കരണ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ടെലികോം കമ്പനികൾ പരസ്യ കരാറുകള്‍ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്‌ഫോം സൗദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നു എന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. അതേസമയം നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സൗദി അനുകൂല പോസ്റ്റുകള്‍ നീക്കുകയും ചെയ്യുന്നുണ്ട്.
സൗദിയുമായി ബന്ധപ്പെട്ട ഉള്ളടക്കം സെന്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. സൗദിക്ക് അനുകൂലമായ വിഡിയോ പോസ്റ്റ് ചെയ്താല്‍ ആ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ വിഡിയോകള്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സൗദിയില്‍ നടക്കുന്നത്.