യുഎഇ ദേശീയദിനാഘോഷം അനുഭവിച്ചറിയാന്‍ പറന്നെത്തി മലയാളി വിദ്യാർഥിനി; വിജയക്കുതിപ്പിനുള്ള ഇന്ധനം ഏറ്റുവാങ്ങി മുന്നോട്ട്
Mail This Article
ദുബായ്∙ മരുഭൂമിയിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ നഗരങ്ങളും രാജ്യവും പടുത്തുയർത്തിയ യുഎഇയെ ദൃശ്യങ്ങൾ കണ്ടും കേട്ടും സ്നേഹിച്ച് ദേശീയദിനാഘോഷം നേരിൽകാണാനും പങ്കെടുക്കാനും കേരളത്തിൽ നിന്നൊരു പെൺകുട്ടി. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും ഫറോക്ക് കോളജിൽ ബിരുദ വിദ്യാർഥിയുമായ ഫാത്തിമ ദിൽഫ(19)യാണ് പ്രവാസികളുടെ പോറ്റമ്മയുടെ ആഘോഷത്തിൽ ഒത്തുചേര്‍ന്നത്.
സുരക്ഷിതത്വമാണ് ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയെന്ന് നേരത്തെ ഒരു പാട് പേർ പറഞ്ഞ് മനസിലാക്കിയിരുന്നു. ഏത് പാതിരാത്രിക്കും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ യുഎഇയിൽ അല്ലാതെ മറ്റെവിടെയെങ്കിലും സാധ്യമാണോ എന്ന് അറിയില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഞാനിത് അനുഭവിച്ചറിഞ്ഞു. യംഗസ്റ്റ് ഇൻഫർമേഷനൽ ലൈഫ് കോച് എന്ന നിലയിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള ഫാത്തിമ ദിൽഫ മനോരമ ഓൺലൈനിനോട് പറഞ്ഞു.
സ്വദേശികളോടൊപ്പം 200 ൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും യുഎഇയുടെ 52–ാം ദേശീയദിനം ഒത്തൊരുമയോടെ ആഘോഷിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ആത്മാർഥമായി ശ്രമിച്ചാൽ ഈ പ്രപഞ്ചം തന്നെ കൂടെ നിൽക്കുമെന്ന പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിലെ ആശയത്തിന്‍റെ പ്രചോദനത്തിലാണ് മുന്നോട്ടുള്ള സഞ്ചാരം. അതിൽ യുഎഇയായിരിക്കും ഏറ്റവും മുന്നിലെന്ന വിശ്വസത്തോടെ, ഇവിടെ തന്‍റെ ഭാവി ജീവിതം കെട്ടിപ്പടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗ്ലോബൽ മൈന്‍ഡ് പരിശീലകയും പ്രസംഗകയും കൂടിയായ ഫാത്തിമ ദിൽഫ പറയുന്നു.
∙ കനൽ വഴിത്താരകൾ താണ്ടി മുന്നോട്ട്
ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാർഥങ്ങളിലൂടെയാണ് ഫാത്തിമ ദിൽഫ ബാല്യം മുതൽ വളർന്നത്. വീട്ടമ്മയായ മാതാവ് ഷമീമയാണ് എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കുന്നത്. ഒന്നാം ക്ലാസ് മുതൽ തന്നെ പലതരം ആഗ്രഹങ്ങൾ തന്നെ വന്നുമൂടിയതായി ഫാത്തിമ ദിൽഫ പറയുന്നു. ഉമ്മയും ഉപ്പയും ബന്ധം വേർപിരിഞ്ഞെങ്കിലും ഏക മകളായ എനിക്ക് ഉമ്മയുടേയും ഉപ്പയുടേയും മികച്ച പിന്തുണ എല്ലാ കാര്യത്തിലും ലഭിച്ചു.
ഓമശ്ശേരി അൽ ഇർഷാദ് സെൻട്രൽ സ്കൂളുകളിലെ സ്റ്റേജുകൾ അന്നേ കൊതിപ്പിച്ചുവെങ്കിലും കാണാൻ ചന്തമുള്ള, പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് മാത്രമേ അവിടെ കയറാൻ അവസരം ലഭിച്ചിരുന്നുള്ളൂ. എങ്കിലും എന്‍റെയുള്ളിൽ ആ ജ്വാല കെടാതെ നിന്നു. അഞ്ചാം ക്ലാസിലെത്തിയപ്പോൾ ഈ ത്വര ശക്തമാകുകയും ഇത് മനസിലാക്കിയ എന്‍റെ അധ്യാപിക ഫൗസിയ അസംബ്ലിക്ക് സ്റ്റേജിൽ കയറാൻ അവസരമൊരുക്കുകയും ചെയ്തു. പഠന കാര്യത്തിൽ ഞാനൊരു സാധാരണ നിലവാരത്തിലുള്ള കുട്ടിയായിരുന്നെങ്കിലും പാഠ്യേതര വിഷയത്തിൽ വലിയ തത്പരയായിരുന്നു. ക്ലാസുകൾ അടിസ്ഥാനമാക്കിയുള്ള ആ പരിപാടിയിൽ അവതാരകയായിരുന്ന ഞാൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പരിശീലകനായ അധ്യാപകന്‍റെ സഹായത്തോടെ ഒരു മാസം മുൻപേ പരിശീലനം തുടങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ പലരും അംഗീകരിച്ചു തുടങ്ങി. തന്‍റെ ചിറകുകൾ വിടർത്തി വിശാലമായ വിഹായസ്സിൽ പാറിപ്പറക്കാൻ വെമ്പുന്ന ഒരു കുട്ടിയുടെ മനസ്സ് ആർക്കും കണ്ടില്ലെന്ന് നടിക്കാനായില്ല. പ്രിൻസിപ്പൽ പോലും അഭിനന്ദനങ്ങൾ കൊണ്ടുമൂടി. എല്ലാത്തിനും ഉമ്മ കൂടെ നിന്നപ്പോൾ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
∙ മോട്ടിവേഷനൽ സ്പീക്കർമാർ പ്രചോദനമായി
മോട്ടിവേഷനൽ സ്പീക്കർമാരായ സഹ്ല പർവീൺ, പാക്കിസ്ഥാൻ സ്വദേശിനി മുനീബ മസാരി തുടങ്ങിയവരുടെ പ്രചോദന ക്ലാസുകൾ കേട്ടതോടെയാണ് ഈ മേഖലയിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അന്ന് സ്കൂളിൽ അധ്യാപകർ ജീവിതത്തിൽ എന്താകാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ, മോട്ടിവേഷനൽ സ്പീക്കറെന്ന് പറഞ്ഞത് കേട്ട് കുട്ടികൾ ചിരിച്ചു. അതൊരു ജോലിയല്ലെന്നും മറ്റെന്തെങ്കിലും ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ പാർശ്വമായി ചെയ്യാവുന്ന കാര്യമാണ് അതെന്നും അവർ ഉപദേശിച്ചു. എങ്കിലും എന്‍റെയുള്ളിൽ ആഗ്രഹം കെടാതെ നിന്നു.
അഞ്ചാം ക്ലാസ് മുതൽ സ്റ്റേജുകൾ കീഴടക്കാൻ തുടങ്ങി. എട്ടിലെത്തിയപ്പോൾ അധ്യാപകരുടെ പിന്തുണയോടെ ശക്തമായി മുന്നോട്ടുപോയി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് മോട്ടിവേഷനൽ സ്പീക്കർ എന്ന നിലയ്ക്ക് അംഗീകാരം നേടിയത്. ലോക റെക്കോർഡ് കാര്യങ്ങളെല്ലാം മനസിലാക്കിയതും അക്കാലത്ത് തന്നെ. ഏതായാലും എട്ടാം ക്ലാസ് മുതൽ ലൈഫ് കോച്ച് എന്ന നിലയിലുള്ള നേട്ടങ്ങൾ നിരത്തി ഇന്ത്യൻ വേൾഡ് റെക്കോർഡ്സിന് അപേക്ഷ നൽകുകയും അത് വിജയം കാണുകയും ചെയ്തു. തുടർന്ന് നോബിൾ വേൾഡ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നിവയും ഇതേ വിഭാഗത്തിൽ ലഭിച്ചു. എഡിഎൻ ടോക്കിൽ നിന്ന് പവർ ട്രെയിനർ സർടിഫിക്കറ്റ്, പോൾ ആൻഡ് പേളി ഷോ ഫോർ ദ് ലീഡർഷിപ്പ് ആൻഡ് പബ്ലിക് സ്പീക്കിങ് സ്കിൽ എന്നിവിടങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകളും സ്വന്തമാക്കി
∙ നിക് വുജിസികിന്‍റെ ജീവിതം പകർന്ന പാഠം
തനിക്ക് കൈകാലുകളില്ലല്ലോയെന്ന് ഓര്‍ത്ത് സ്വയം ജീവനൊടുക്കാന്‍ ഒട്ടേറെ തവണ ആലോചിച്ചിട്ടുള്ള ലോകത്തെ അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കറാണ് ഓസ്ട്രേലിയൻ സ്വദേശിയായ നിക് വുജിസിക്. ഒരിക്കൽ അദ്ദേഹത്തോട് പിതാവ് പറഞ്ഞു, നിനക്ക് രണ്ട് തിരഞ്ഞെടുപ്പുകൾ നടത്താം. ഒന്ന്– കൈകാലുകളില്ല എന്നോർത്ത് കരഞ്ഞുകൊണ്ടേയിരിക്കാം. രണ്ടാമത്തത്– കൈകളും കാലുകളുമില്ലെങ്കിലും നിനക്ക് ശ്വസിക്കാൻ മൂക്കുണ്ട്, കാണാൻ കണ്ണുകളുണ്ട്, കേൾക്കാൻ ചെവികളുണ്ട്. ചിരിക്കാനും ചിന്തിക്കാനും നിനക്ക് കഴിയും. ഇതൊക്കെ കൊണ്ട് നീ വളരെ മികച്ച വ്യക്തിയാണെന്ന് ആലോചിച്ചാൽ നിനക്ക് ലോകം കീഴടക്കാനാകും.
ആ വാക്കുകളിൽ നിന്നാണ് പിന്നീട് ലോകം വിസ്മയത്തോടെ കണ്ടുകൊണ്ടിരിക്കുന്ന വിജയകഥകൾ രചിച്ച നിക്ക് തീരുമാനമെടുത്തത്. ലോകത്ത് പ്രചോദനാത്മക പ്രസംഗത്തിന് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വ്യക്തിയാണ് നിക്ക്. നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുകയെന്ന പാഠം ഞാനുൾക്കൊണ്ടത് നിക്കിന്‍റെയൊക്കെ ജീവിതം കണ്ടുപഠിച്ചാണെന്ന് ഫാത്തിമ ദിൽഫ പറയുന്നു. സഹ്ല പർവീൺ, പേളി മാണി എന്നിവരാണ് ഈ മേഖലയിൽ വഴികാട്ടിയായ മറ്റു രണ്ട് മോട്ടിവേഷനൽ സ്പീക്കർമാർ.
∙ ലോകം സാന്ത്വനം ആഗ്രഹിക്കുന്നു; ഞാനത് പകരാൻ ശ്രമിക്കുന്നു
ലോകം ഇന്ന് സാന്ത്വനം ആഗ്രഹിക്കുന്നു. നല്ല വാക്കുകൾ പകർന്നും സംവദിച്ചും സന്തോഷം നൽകി അത് സാധ്യമാക്കാമെന്ന് ഫാത്തിമ ദിൽഫ പറയുന്നു. ഞാനതിനാണ് ശ്രമിക്കുന്നത്. എനിക്ക് ഒട്ടേറെ അഭിലാഷങ്ങളുണ്ട്. അതിനായി ഞാൻ ആത്മാർഥമായി ശ്രമിക്കുന്നു. എന്‍റെ ലക്ഷ്യം യാഥാർഥ്യമാക്കാൻ ആരെ സമീപിക്കാനും മടിയില്ല. മറ്റുള്ളവർ എന്നെപ്പറ്റി എന്തെങ്കിലും വിചാരിക്കുമോ എന്ന് നോക്കാറേയില്ല. അങ്ങനെ വിചാരിച്ചാൽ നമുക്ക് ഒരിക്കലും സമാധാനമായി ഉദ്ദേശ്യപൂർത്തീകരണം സാധ്യമല്ല.
കംഫർട് സോൺ ബ്രേയ്ക്ക് ചെയ്ത് മുന്നോട്ടുപോകാനാണ് ഞാനെന്നും ശ്രമിക്കാറുള്ളത്. അതിപ്പോഴും തുടരുന്നു. ലോകത്തിന് മുന്നിൽ ശ്രദ്ധാകേന്ദ്രമാകുകയാണ് ലക്ഷ്യം. അതിനായി എത്ര കഠിനമായി പരിശ്രമിക്കാനും ഞാനൊരുക്കമാണ്. ഒരിക്കൽ എന്‍റെ ലക്ഷ്യം യാഥാർഥ്യമാകുമെന്ന് അറിയാം. തരിശുഭൂമിയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായ യുഎഇയെ കെട്ടിപ്പടുത്ത ഭരണാധികാരികളാണ് എന്‍റെ ഹീറോസ്. വളരെ വേഗം വളർച്ച കൈവരിച്ച രാജ്യമാണിത്. യുഎഇ എന്നത് എല്ലാവർക്കും സ്വന്തം വീടാണെന്ന് തോന്നുന്ന സ്ഥലമാണ്. മുൻപൊരിക്കൽ യുഎഇയിൽ വന്നിട്ടുണ്ട്. അന്നുതന്നെ ഇവിടുത്തെ വികസനങ്ങൾ കണ്ട് വിസ്മയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ബ്രാൻഡ് ഇവിടെ ഉണ്ടാക്കണം എന്ന് അന്നേ മനസിൽ മൊട്ടിട്ട ആഹ്രഹം. അവരുടെ തണലിൽ കൂടുകൂട്ടി ആ ലക്ഷ്യത്തിലേക്ക് വേഗം ചുവടുവയ്ക്കാനാണ് ശ്രമിക്കുന്നത്. ഫാത്തിമ ദിൽഫയെ ബന്ധപ്പെടാനുള്ള വാട്സാപ്പ് നമ്പർ:+91 89430 82292.