കേളി കുടുംബവേദി കലാ അക്കാദമി പ്രവർത്തനം ആരംഭിച്ചു
Mail This Article
റിയാദ്∙ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രവാസികളായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും സൗജന്യ പരിശീലനം നൽകുകയും ചെയ്യുന്നതിനുമായാണ് അക്കാദമി പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ചിത്ര രചന, നൃത്തം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. 55 കുട്ടികളാണ് ഈ വിഭാഗങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്ര രചനയിൽ അൽ യാസ്മിൻ ഇന്റർ നാഷനൽ സ്കൂൾ അധ്യാപിക വിജില ബിജു, നൃത്തം അഭ്യസിപ്പിക്കാൻ നേഹ പുഷ്പപരാജ്, ഇന്ദു മോഹൻ എന്നിവരാണ് അധ്യാപകരായുള്ളത്.
കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന പരിപാടിയിൽ സെക്രട്ടറി സീബാ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗ്ഗീസ് ഇടിച്ചാണ്ടി പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മലയാളം വിഷൻ സൗദി ചാപ്റ്റർ തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേളി മധുരം മലയാളം പഠന കേന്ദ്രത്തിലെ നേഹ പുഷ്പരാജ്, മൂന്നാം സ്ഥാനം നേടിയ ഡബ്ല്യൂഎംഎഫ് അൽഖർജ് പഠന കേന്ദ്രത്തിലെ അൽന എലിസബത്ത് ജോഷി എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യഥാക്രമം കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടിആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ നടത്തി. കുടുംബവേദി വൈസ് പ്രസിഡന്റ് സജീന വിഎസ് ചടങ്ങിന് നന്ദി പറഞ്ഞു.