മലയാളി ശുചീകരണ തൊഴിലാളിക്ക് 22 ലക്ഷത്തിലേറെ രൂപയുടെ യുഎഇ ഗവ. അവാർഡ്; ജീവിതം മാറി മറിഞ്ഞെന്ന് പ്രമീള
Mail This Article
അബുദാബി ∙ അബുദാബി കനേഡിയൻ മെഡിക്കൽ സെന്ററി (സിഎംസി)ല്‍ ജോലി ചെയ്യുന്ന മലയാളി ശുചീകരണ തൊഴിലാളിക്ക് യുഎഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 22 ലക്ഷത്തിലേറെ രൂപ(1 ലക്ഷം ദിർഹം)യിലേറെ വിലമതിക്കുന്ന എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി പ്രമീള കൃഷ്ണ(51)നാണ് ഒരു ലക്ഷം ദിർഹം കൂടാതെ, സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന പുരസ്കാരം സ്വന്തമാക്കിയത്. പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി. മനുഷ്യവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ സംബന്ധിച്ചു.
13 വർഷമായി സിഎംസിയിൽ ജോലി ചെയ്യുന്ന പ്രമീളയുടെ ജോലിയിലുള്ള ആത്മാർഥതയും സത്യസന്ധതയും ഉൗർജസ്വലതയുമൊക്കെ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.
∙ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയത് യുഎഇ
അബുദാബിയിൽ നഴ്സായിരുന്ന സഹോദരൻ പ്രസാദ് അയച്ചുകൊടുത്ത സന്ദർശക വീസയിൽ 2010ലാണ് പ്രമീള ഉപജീവനമാർഗം തേടി യുഎഇയിലെത്തിയത്. ഭർത്താവ് നേരത്തെ മരിച്ചുപോയതിനാൽ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും താമസിക്കാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കുകയായിരുന്നു ലക്ഷ്യം. നാട്ടിൽ 500 രൂപയിൽ താഴെ ദിവസക്കൂലിക്ക് ജോലി ചെയ്തുവരുമ്പോഴായിരുന്നു ഗൾഫിലെത്തിയത്. എന്നാൽ, യുഎഇ മണ്ണ് പ്രമീളയ്ക്ക് നേട്ടങ്ങൾ മാത്രം സമ്മാനിച്ചു. എന്തു കാര്യം ചെയ്യുമ്പോഴും അതിനെ ആത്മാർഥതയോടെ സമീപിക്കണമെന്ന ചിന്തയാണ് തന്റെ വിജയത്തിന് കാരണമെന്ന് പ്രമീള മനോരമ ഓൺലൈനിനോട് പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 8 ന് ജോലിക്കെത്തുന്ന ഇവർ ഡോക്ടർമാരും മറ്റും എത്തുമ്പോഴേയ്ക്കും അവരുടെയെല്ലാം പ്രവൃത്തി സ്ഥലങ്ങൾ ശുചീകരിച്ചും മെഡിക്കൽ മാലിന്യങ്ങൾ കളഞ്ഞും ഒരു മണിക്കൂറിനുള്ളിൽ എല്ലാം വൃത്തിയായി ചെയ്തിരിക്കും. 13 വർഷമായി ഒരേ ആശുപത്രിയിൽ തന്നെ ജോലി ചെയ്യാൻ സാധിച്ചത് ഇതൊക്കെ കൊണ്ടായിരിക്കാമെന്ന് പ്രമീള പറയുന്നു. മക്കള്‍ രണ്ടുപേർക്കും മികച്ച വിദ്യാഭ്യാസം നൽകി. മൂത്തമകൾ ഗായത്രി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഗായത്രിയും അനാഥാലായത്തിൽ ജോലി ചെയ്യുന്ന ബി കോം ബിരുദധാരിയായ മകൻ വിഷ്ണുവും വിവാഹിതരാണ്.
നാട്ടിൽ വീടു നിർമാണം അവസാന ഘട്ടത്തിൽ. ഇപ്പോൾ ലഭിച്ച അവാർഡ് തുക വീടിന് വേണ്ടിയെടുത്ത ബാങ്കു വായ്പ 10 ലക്ഷം രൂപ അടച്ചുവീട്ടാൻ ഉപയോഗിക്കും. കൂടാതെ, തനിക്ക് ഭാവിയിൽ കഷ്ടപ്പാടില്ലാതെ ജീവിക്കാനും ഈ തുക ഗുണകരമാകുമെന്നാണ് പ്രതീക്ഷ. തനിക്ക് ഇത്രയും വലിയ അംഗീകാരങ്ങൾ സമ്മാനിച്ച യുഎഇയോടും ഇവിടുത്തെ ഭരണാധികാരികളോടും ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് പ്രമീള പറഞ്ഞു. അതോടൊപ്പം സിഎംസി അധികൃതരോടും ജീവനക്കാരോടും സഹപ്രവർത്തകരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു.
ഫോൺ:+971 56 568 4092