ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 1578 കോടി ദിർഹം ചെലവിലാണ് 44 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പ്ലാന്റ് സജ്ജമാക്കിയത്. 263 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സോളർ പവർ ടവറും ലോകത്തിലെ ഏറ്റവും വലിയ താപ ഊർജ സംഭരണ ​​ശേഷിയും ഇതിൽ ഉൾപ്പെടും. 

സൗരോർജ പ്ലാന്റ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്യുന്നു.
സൗരോർജ പ്ലാന്റ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്യുന്നു.

പദ്ധതിയിലൂടെ 3.2 ലക്ഷം വീടുകൾക്ക് സംശുദ്ധ ഊർജം നൽകാനാകും. വർഷത്തിൽ 16 ലക്ഷം ടൺ കാർബൺ മലിനീകരണം കുറയ്ക്കും. 2050ഓടെ ദുബായുടെ സംശുദ്ധ ഊർജ ഉൽപാദന ശേഷി 100% ആക്കുന്നതോടെ കാർബൺ മലിനീകരണം പൂർണമായും ഇല്ലാതാകും. സംശുദ്ധ ഊർജത്തിൽ നിക്ഷേപിച്ച് കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിലൂടെ ഭാവി തലമുറയ്‌ക്കായി പരിസ്ഥിതി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായുടെ ഹൃദയഭാഗത്ത് സജ്ജമാക്കിയ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക് യുഎഇയുടെ സുസ്ഥിര യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും പറഞ്ഞു.

ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐപിപി) മോഡൽ ഉപയോഗിച്ചാണ് നിർമാണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളർ ടവറും (263.126 മീറ്റർ) 5,907 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ഏറ്റവും വലിയ താപ ഊർജ സംഭരണ ​​ശേഷിയും പദ്ധതിയിൽ ഉൾപ്പെടും. 950 മെഗാവാട്ടിന്റെ നാലാം ഘട്ടത്തിൽ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്.

പരാബോളിക് ബേസിൻ കോംപ്ലക്‌സിൽ നിന്ന് 600 മെഗാവാട്ട്, സിഎസ്പി ടവറിൽ നിന്ന് 100 മെഗാവാട്ട്, ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകളിൽനിന്ന് 250 മെഗാവാട്ട് എന്നിങ്ങനെയാണ് ഊർജ വിന്യാസം. ഉദ്ഘാടന ചടങ്ങിൽ ദുബായ് ഒന്നാം ഉപ ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് പോർട്ട് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) മാനേജിങ് ഡയറക്ടറും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

English Summary:

Dubai unveils world's largest concentrated solar power plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com