യുവാക്കളുടെ ഇഷ്ടകേന്ദ്രമായ ബിദിയ; യാത്ര പോകുന്നവർ അറിയണം ഇക്കാര്യങ്ങൾ
Mail This Article
മസ്കത്ത് ∙ യുവജനങ്ങളുടെ ഇഷ്ടകേന്ദ്രമായ ബിദിയ ശൈത്യകാല സാഹസിക വിനോദങ്ങള്‍ക്ക് ഒരുങ്ങി. മതിലു പോലെയുള്ള മണല്‍ക്കൂനകളിലൂടെ വാഹനമോടിക്കാന്‍ പറ്റിയ ഇടമാണിത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഴ പെയ്ത് മണലില്‍ കുഴി രൂപപ്പെട്ടിരുന്നു. അന്തരീക്ഷം തണുത്തിട്ടുണ്ട്. ശൈത്യകാലം അടുത്തെത്തി എന്നതിന്റെ അടയാളങ്ങളാണിത്. അപ്പോഴേക്കും മണല്ക്കൂനകള് പഴയ പടിയാകും. ബിദിയയില്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം:
∙ മണല്‍ക്കൂനകളിലെ വാസം
വിസ്മയിപ്പിക്കുന്ന പ്രകൃതി, വിശാലമായ മണല്ക്കൂനകള്, പാറക്കൂട്ടം, ശ്വാസം നിലയ്ക്കുന്ന സൂര്യോദയങ്ങളും അസ്തമയങ്ങളും എന്നിവയാല്‍ അറിയപ്പെട്ടതാണ് ഒമാനിലെ മരുഭൂമികള്‍. വനത്തില്‍ ക്യാംപ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പറ്റിയതാണ് മരുഭൂമികളിലെ വാസം. ഇത്തരത്തില്‍ നിരവധി മരുഭൂമി റിസോര്‍ട്ടുകള്‍ ഒമാനിലുണ്ട്. സഫാരി ടെന്റുകളും വീടുകളും ഇവിടെയുണ്ട്. പ്രകൃതിദത്തമായ അന്തരീക്ഷവും വിസമയിപ്പിക്കുന്ന അനുഭവവുമാണ് മരുഭൂ വാസം നല്‍കുക. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ളതാണ് റിസോര്‍ട്ടുകളും ടെന്റുകളും. ബെഡുകള്‍, സ്വകാര്യ ശൗചാലയങ്ങള്‍, എസി, സ്വകാര്യ കുളങ്ങള്‍ അടക്കമുള്ള ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡെസേര്‍ട്ട് നൈറ്റ്സ് ക്യാംപ്, തൗസണ്ട് നൈറ്റ്സ് ക്യാംപ്, അറേബ്യന്‍ ഒറിക്സ് ക്യാംപ് തുടങ്ങിയവ ക്യാംപിങ് റിസോര്‍ട്ടുകളില്‍ ചിലതാണ്. മാജിക് ക്യാമ്പിന്റെ സ്വാകര്യ ക്യാംപുകള്‍ മികച്ചതാണ്. കോര്‍പറേറ്റ് പരിപാടികള്‍ക്കും ചെറു സംഘങ്ങള്‍ക്കും യോജിച്ച ക്യാംപുകളാണിത്.
∙ ബലൂണില്‍ നിന്നുള്ള ആകാശ ദൃശ്യം
ആകാശത്ത് നിന്ന് മരുഭൂ പ്രകൃതി കാണാനുള്ള മികച്ച വഴിയാണിത്. രാവിലെ അഞ്ചര മുതലാണ് ബലൂണ്‍ പറക്കല്‍ ആരംഭിക്കുക. രണ്ട് മണിക്കൂറോളം ബലൂണില്‍ പറക്കാം. കഴിഞ്ഞ വര്‍ഷമാണ് റോയല്‍ ബലൂണ്‍ ഹോട്ട് എയര്‍ ബലൂണ്‍ സഞ്ചാരം ഒമാനില്‍ ആരംഭിച്ചത്. തുര്‍ക്കിയിലെ കപ്പാഡോഷ്യ പോലുള്ള സ്ഥലങ്ങളിലെ ആകാശ സഞ്ചാരം സുല്‍ത്താനേറ്റിലും ഇതോടെയെത്തി. സാഹസികതയും അത്ഭുതവും ജനിപ്പിക്കുന്നതാണ് ഈ സഞ്ചാരം. സൂര്യന് ഉയര്‍ന്നുവരുന്നതിനനുസരിച്ച് വിശാലമായ മരൂഭൂമിക്ക് മുകളിലൂടെ നിശ്ശബ്ദമായി തെന്നിനീങ്ങുന്നത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാകും.
∙ മരുഭൂ ക്യാംപിങ്ങും നക്ഷത്ര കാഴ്ചയും
പ്രകാശ മലിനീകരണം കുറഞ്ഞ ഇടമായതിനാല്‍ നക്ഷത്ര കാഴ്ചക്ക് യോജിച്ച ഇടമാണ് ബിദിയ. പ്രകൃതിയെ സംബന്ധിച്ച് ആഴത്തില്‍ അറിയാന്‍ ഇത് അവസരമൊരുക്കുന്നു. ദൈനംദിന ജീവിതത്തിലെ ഉത്കണ്ഠയും മനഃക്ലേശവും ഇല്ലാതാക്കാനും യോജിച്ചതാണിത്. മരുഭൂമിയിലെ ക്യാംപിങ് വെല്ലുവിളി നിറഞ്ഞതാണെന്ന ഓര്‍മയില്‍ അവശ്യവസ്തുക്കളെല്ലാം കരുതണം. സംഘമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതാണ് ചെലവ് ചുരുക്കാന്‍ നല്ലത്.