ഖത്തർ ദേശീയദിനം 18ന്; ദർബ് അൽ സായിയിൽ നാളെമുതൽ ആഘോഷം
Mail This Article
ദോഹ ∙ ഖത്തറിന്റെ ദേശീയ ദിനത്തിന് ഇനി 8 നാൾ. സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ആഘോഷങ്ങൾക്ക് ദർബ് അൽ സായിയിൽ നാളെ തുടക്കം. ആഘോഷങ്ങളുടെ പ്രധാന വേദിയായ ദർബ് അൽ സായിയിൽ ഞായറാഴ്ച പതാക ഉയർത്തും. ആഘോഷ പരിപാടികൾ ദേശീയ ദിനത്തിൽ സമാപിക്കും. ഉച്ചയ്ക്ക് 3 മുതൽ രാത്രി 11വരെയാണ് പരിപാടികൾ. സാംസ്‌കാരിക പരിപാടികൾക്ക് പുറമെ നാടൻ ഗെയിമുകളും പരമ്പരാഗത വിപണികളും കരകൗശല ഉൽപന്നങ്ങളും ഇവിടെയുണ്ടാകും.
കഴിഞ്ഞ വർഷം മുതലാണ് ഉംസലാൽ മുഹമ്മദിൽ ദർബ് അൽ സായിക്ക് സ്ഥിരം ആസ്ഥാനമായത്. ദർബ് അൽ സായിക്ക് പുറമെ സാംസ്‌കാരിക ഗ്രാമമായ കത്താറ കൾചറൽ വില്ലേജ്, സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺ ടൗൺ, സൂഖ് വാഖിഫ്, ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദേശീയ ദിനാഘോഷങ്ങൾ ഉണ്ടാകും. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റതിന്റെയും രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം അർജന്റീന ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്റെ ഒന്നാം വാർഷികം കൂടിയാണ് ഡിസംബർ 18. ലോകകപ്പ് ആതിഥേയത്വത്തിന്റെ സ്മരണ പുതുക്കിയാണ് ഖത്തർ ഇത്തവണത്തെ ദേശീയ ദിനം ആഘോഷിക്കുന്നത്.
അതേസമയം ഗാസ മുനമ്പിലെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യമായതിനാൽ വിപുലമായ ദേശീയ ആഘോഷങ്ങൾക്കുള്ള സാധ്യത കുറവാണ്. ഗാസയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഖത്തറാണ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയത്തിന്റെ വിനോദപരിപാടികളും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അജ്യാൽ ചലച്ചിത്രമേള ഉൾപ്പെടെയുള്ളവയും റദ്ദാക്കി. 2016 ഡിസംബറിൽ നടന്ന സിറിയൻ കലാപത്തെ തുടർന്ന് അലെപ്പോയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ദിനാഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.